കൊടകര ഉണ്ണി
കൊടകര: ആശാനും അരങ്ങേറ്റവുമില്ലാത്ത വാദ്യവിശേഷമെന്ന് ആദ്യകാലത്ത് വിശേഷിപ്പിച്ചിരുന്ന ഘനവാദ്യമായ ഇലത്താളത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് പത്തംഗ താളസംഘം. ആമ്പല്ലൂര്‍ കല്ലൂര്‍ കണ്ണംകുറ്റി ആലുക്കല്‍ ഭഗവതിക്ഷേത്രത്തില്‍ 10ന് വൈകിട്ട് 6നാണ് ഇവരുടെ അരങ്ങേറ്റം. കീനൂ ര്‍ മണികണ്ഠന്റെ ശിക്ഷണത്തിലാണ് ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.
പണ്ടുകാലത്ത് ഇലത്താളത്തിന് പരിശീലനക്കളരികളോ പഠനവേദികളോ ഉണ്ടായിരുന്നില്ല. ഇലത്താളപഠന സമ്പ്രദായം ആദ്യമായി ആവിഷ്‌കരിച്ച ഏഷ്യാഡ് ശശിമാരാരുടെ ആദ്യശിഷ്യന്‍കൂടിയാണ് കല്ലൂര്‍ തെക്കാട്ട് വീട്ടില്‍ ഗോവിന്ദന്‍കുട്ടിനായരുടേയും പരേതയായ സുഭദ്രമ്മയുടേയും മകനായ മണികണ്ഠന്‍.
പാലയ്‌ക്കല്‍ ശെരിശ്ശേരിക്കാവ്, വലച്ചിറ ഭഗവാന്‍-ഭഗവതി ക്ഷേത്രം, അവണൂര്‍ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലും മണികണ്ഠന്‍ ഇലത്താളം അഭ്യസിപ്പിച്ചിട്ടുണ്ട്. തായമ്പക ആചാര്യന്‍ കല്ലൂര്‍ രാമന്‍കുട്ടിമാരാരും ഏഷ്യാഡ് ശശിയും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ ഗണപതിക്കൈ വിളക്കത്ത് കൊട്ടിച്ചാണ് കളരിയുടെ തുടക്കം.
പിന്നീട് ചെണ്ടപരിശീലനത്തിലെ ‘തകിട’ പാഠക്കൈ ഇലത്താളത്തില്‍ ഇരട്ടികളായി സാധകം ചെയ്യിച്ച് കൈകള്‍ക്ക് സ്വാധീനമുണ്ടാക്കുകയുമാണ് ബാലപാഠം. മുറിച്ചെമ്പടയില്‍ ഇലത്താളം കൂട്ടിപ്പിടിപ്പിച്ചശേഷം പഞ്ചാരിമേളത്തിന്റെ കണക്കും താളവ്യവസ്ഥകളും പറഞ്ഞുകൊടുത്ത് താളംപിടിക്കാറാക്കുകയാണ് പതിവ്. മേളങ്ങളുടെ ചെമ്പടവട്ടങ്ങളും അക്ഷരകാലങ്ങളും ഉള്‍പ്പെടുത്തിയുള്ള പാഠ്യപദ്ധതിയാണ് ഇലത്താളത്തിന്റെ ശിക്ഷണ സമ്പ്രദായത്തില്‍ മണികണ്ഠനും തുടരുന്നത്. പഞ്ചാരിക്ക് വലംതല പിടിക്കുന്നിടത്ത് കൂട്ടിപ്പിടിക്കുന്ന വിധവും കലാശങ്ങളും കൃത്യമായി പഠിപ്പിക്കും. ആലുക്കല്‍ ഭഗവതിക്ഷേത്രത്തില്‍ കഴിഞ്ഞ 3 മാസം മുമ്പാണ് പരിശീലനക്കളരി ആരംഭിച്ചത്.
പി.എസ്. വിഷ്ണുപ്രസാദ്, തേജസ് ജീമോന്‍, അനീഷ് കോനിക്കര, കെ.വിഷ്ണുശങ്കര്‍, അജിതന്‍ കരുമത്തില്‍, അഭിനവ്‌സുധീര്‍, അര്‍ജുന്‍ബൈജു, അര്‍ജുന്‍കൃഷ്ണ, അര്‍ജുന്‍ ഷിജേഷ്, ഇഷാന്‍സംഗീത് എന്നിവരാണ് അരങ്ങേറ്റം കുറിക്കുന്നത്. ആലുക്കല്‍ ക്ഷേത്രത്തില്‍ ഇലത്താളത്തിന്റെ രണ്ടാമത് ബാച്ചാണ് ഇപ്പോള്‍ അരങ്ങേറുന്നത്. അരങ്ങേറ്റമേളത്തിന് ഏഷ്യാഡ് ശശിമാരാര്‍, കേളത്ത് സുന്ദരന്‍മാരാര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിക്കും. ഉരുട്ടുചെണ്ട, വലംതല, കുറുംകുഴല്‍, കൊമ്പ് എന്നിവയില്‍ യഥാക്രമം മുരിയാട് അജിത്ത്, കൊടകര അനീഷ്, കല്ലൂര്‍ കൃഷ്ണകുമാര്‍, ചിറ്റിശ്ശേരി ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക