മുംബൈ : രാജ്യത്ത് കോൺഗ്രസിന്റെ തെറ്റായ പ്രചാരണങ്ങൾ പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. 2024ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ ഭരണഘടന മാറ്റുമെന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ പ്രതിപക്ഷ പാർട്ടിയുടെ അവകാശവാദത്തെ പരാമർശിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ജനങ്ങൾ ഇപ്പോൾ സത്യത്തെക്കുറിച്ച് ബോധവാന്മാരാണെന്നും അദ്ദേഹം മുംബൈയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഭരണഘടനയോടുള്ള രാഹുൽ ഗാന്ധിയുടെ ബഹുമാനത്തെയും കേന്ദ്രമന്ത്രി ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് ഭരണഘടനയെയും അന്തരിച്ച ഡോ. അംബേദ്കറെയും അവഹേളിച്ചതെന്ന് കോൺഗ്രസ് ആദ്യം ഉത്തരം പറയണം. അംബേദ്കറുടെ പരാജയം പോലും കോൺഗ്രസ് ഉറപ്പാക്കിയിരുന്നു.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തന്റെ മന്ത്രിസഭയിൽ ഭരണഘടനയുടെ പ്രധാന ശില്പിയായ അംബേദ്കറെ ആദ്യം ആഗ്രഹിച്ചിരുന്നില്ലെന്നും ഒടുവിൽ ദളിത് നേതാവിനെ ഉൾപ്പെടുത്തി നിയമമന്ത്രിയാക്കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇത് അദ്ദേഹത്തിന് അപമാനമായിരുന്നു. തുടർന്ന് അംബേദ്കർ രാജിവച്ചുവെന്നും റിജിജു വ്യക്തമാക്കി. 68 വർഷം മുമ്പ് ഡോ. അംബേദ്കർ ബുദ്ധമതം സ്വീകരിച്ച നാഗ്പൂരിലെ ദീക്ഷാഭൂമിയിൽ ബുധനാഴ്ച രാഹുൽ ഗാന്ധി നടത്തിയ സന്ദർശനത്തെ ലക്ഷ്യം വച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.
കൂടാതെ 1975ൽ ഭരണഘടനയുടെ ആത്മാവ് ആക്രമിക്കപ്പെടുകയും ജനാധിപത്യം ഹനിക്കപ്പെടുകയും ചെയ്തുവെന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ പരാമർശിച്ച് കൊണ്ട് റിജിജു പറഞ്ഞു.
ഇതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗതയെയും ബിജെപി നേതാവ് പ്രശംസിച്ചു. ഹൈവേകളുടെയും എക്‌സ്പ്രസ് വേകളുടെയും നിർമ്മാണം ഉയർത്തിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരിക്കെയാണ് മഹാരാഷ്‌ട്ര സർക്കാർ നാഗ്പൂർ-മുംബൈ സമൃദ്ധി എക്‌സ്പ്രസ് വേ നിർമ്മിച്ചത്. അതേ സമയം തെലങ്കാന, കർണാടക, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായും അദ്ദേഹം വിമർശിച്ചു.
കൂടാതെ കോൺഗ്രസ് വോട്ട് ബാങ്കിനായി മുസ്ലീങ്ങളെ ചൂഷണം ചെയ്യുകയാണെന്നും റിജിജു ആരോപിച്ചു. കോൺഗ്രസ് മുസ്ലീങ്ങളെ വിഡ്ഢികളാക്കി. അവർ ഇപ്പോഴും ദരിദ്രരാണ്, അവർക്കായി വലിയ ജോലികളൊന്നും ചെയ്തിട്ടില്ല. ഇത് മുസ്ലീം സമുദായത്തെയും രാജ്യത്തെയും മൊത്തത്തിൽ ബാധിച്ചുവെന്നും റിജിജു കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: