മുംബൈ: മുന്‍ മഹാരാഷ്ട്രാ മന്ത്രി ബാബാ സിദ്ദിഖി വധക്കേസില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. ആദിത്യ ഗുഡന്കാര്, റഫീഖ് ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. പൂനെയില്‍ നിന്നാണ് ഇരുവരും മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനെട്ടായി.
കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും 13 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ബുധനാഴ്ചയും ഒരാള്‍ അറസ്റ്റിലായിരുന്നു. പൂനെ സ്വദേശി ഗൗരവ് വിലാസ് അപുനെയാണ് പിടിയിലായത്. കേസിലെ 16ാം പ്രതിയാണ് ഗൗരവ്.
ഒക്ടോബര്‍ 12നാണ് എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവ് കൂടിയായ ബാബ സിദ്ദിഖി വെടിയേറ്റ് മരിക്കുന്നത്. ഗുണ്ടാനേതാവ് അന്മോല് ബിഷ്ണോയിയുടെ സംഘം സമൂഹ മാധ്യമം വഴി കൊലപാതകത്തിന്റെ ഉത്തരവാദിത്തവും ഏറ്റെടുത്തു.
അതിനിടെ അന്മോല് ബിഷ്ണോയിയും സല്മാന് ഖാന്റെ വസതിക്ക് നേരെയുള്ള വെടിവയ്പ്പില്‍ പങ്കെടുത്തവരും തമ്മിലുള്ള ഫോണ്‍ റിക്കാര്‍ഡിങ്ങുകള്‍ കൈമാറാന്‍ മഹാരാഷ്ട്രയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടറേറ്റിനോട് (ഡിഎഫ്എസ്എല്) മുംബൈ കോടതി നിര്‍ദേശിച്ചു. മുഖ്യപ്രതി വിക്കി കുമാര്‍ ഗുപ്തയുമായുള്ള ഫോണ്‍ സംഭാഷണം പരിശോധിക്കാന്‍ മുംബൈ പോലീസ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: