Samskriti

രാശി സ്വരൂപവും സ്വഭാവവും

Published by

മേടം മുതല്‍ മീനം വരെയുള്ള പന്ത്രണ്ടു രാശികള്‍ക്കും ആ കൂറുകളില്‍ വരുന്ന നക്ഷത്രങ്ങള്‍ക്കും ഓരോ സ്വരൂപങ്ങളുണ്ട്. ഓരോ രാശിയിലും(കൂറിലും) ജനിച്ചവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ശരീര പ്രകൃതിയും സ്വഭാവ വിശേഷതകളും ഉണ്ടാവും. അവ ഓരോന്നായി പരിശോധിക്കാം.

മേട രാശിയുടെ അല്ലെങ്കില്‍ മേടക്കൂറിന് പറയുന്ന സ്വരൂപം കോലാട് ആണ്. ഈ രാശിയില്‍ പിറന്നവര്‍ ആടിനെപ്പോലെ സഞ്ചാരശീലം, നിഷ്‌കളങ്ക സ്വഭാവം, ഉയര്‍ന്ന സ്ഥലങ്ങളില്‍ താമസിക്കാന്‍ ഇഷ്ടം, വേഗം ഭക്ഷിക്കുന്ന ശീലം, വാചാലത എന്നിവയൊക്കെ ഉള്ളവരായിരിക്കും.

ഇടവം രാശിയുടെയും കൂറിന്റെയും സ്വരൂപം കാളയാണ്. അതനുസരിച്ചു പുഷ്ടിയുള്ള ശരീരം, അധിക വിശപ്പ്, അധ്വാനശീലം, കര്‍മ്മനിരതത്വം, സാഹസികത, ചെയ്യുന്ന ജോലി പെട്ടെന്ന് തീര്‍ക്കാനുള്ള താല്‍പര്യം എന്നിവ ഇവരില്‍ പ്രകടമാവും.

മിഥുനംരാശി-മിഥുനക്കൂര്‍ സ്വരൂപം ദമ്പതികളാണ്(വീണ കൈയിലേന്തിയ വധുവും ഗദ കൈയിലേന്തിയ വരനും). ഇവരില്‍ സുഖഭോഗം, ആഡംബരം, കലാപ്രിയത, ധീരത, ദയ, ആയുധ വിദ്യ, പാചക കല തുടങ്ങിയ സ്വഭാവ വിശേഷങ്ങള്‍ കാണാം.

കര്‍ക്കിടക രാശി-കൂറുകാരുടെ സ്വരൂപം ഞണ്ട് ആണ്. ഞണ്ടിന്റെ സ്വഭാവം പോലെ ഇടക്കിടക്ക് വാസസ്ഥലം മാറുന്ന ശീലം, തന്ത്രപര മായ നീക്കം, മറ്റുള്ളവരില്‍നിന്ന് അകന്നിരിക്കാനുള്ള താല്പര്യം, ഗൂഢസ്വഭാവം, അന്തര്‍മുഖത്വം, അക്രമണസ്വഭാവം എന്നിവ ഇവരില്‍ കാണാം. ഇവര്‍ പൊതുവെ മുന്‍ധാരണ വെച്ചു പുലര്‍ത്തുന്നവരും ആയിരിക്കും

ചിങ്ങം രാശി-ചിങ്ങക്കൂറിന്റെ സ്വരൂപം സിംഹം ആണ്. പേരുപോലെ തന്നെ നേതൃപാടവം, ധീരത, ഏകനായി കഴിയുക, ഹിംസത്മകത, ഒപ്പം ആത്മീയതാല്പര്യം എന്നിവ ഇവരില്‍ പ്രകടമാവും.

കന്നി രാശി-കൂറിന്റെ സ്വരൂപം യുവതി ആണ്. ഇവരില്‍ ലജ്ജ, സഭാകമ്പം, മടി, യാത്രാ താല്പര്യം, ഭക്ഷണം, പാചക കല, ബുദ്ധികൂര്‍മ്മത എന്നീ സ്വഭാവ വിശേഷങ്ങള്‍ കാണും. ഇവര്‍ ഒറ്റക്കിരുന്നു ചിന്തിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാകും.

തുലാം രാശി-തുലാക്കൂര്‍, സ്വരൂപം തുലാസ്സ് ആണ്. രാശിസ്വരൂപം പോലെതന്നെ ഇവര്‍ക്ക് കച്ചവട മനസ്ഥിതി, തുറന്ന സ്വഭാവം, ശരീരപുഷ്ടി എന്നിവ കാണും. ഇവര്‍ എല്ലാകാര്യങ്ങളിലും കണക്കുകൂട്ടി മാത്രമേ തീരുമാനമെടുക്കു.

വ്യശ്ചികരാശി-കൂറിന്റെ സ്വരൂപം തേള്‍ ആണ്. ഇവരില്‍ ക്രൂര സ്വഭാവം, ദുഷ്ടത, ക്രമം തെറ്റിയ ജീവിതശൈലി, സ്വാധീനശക്തി, ഏതൊരു സാഹചര്യത്തെയും ദുരുപയോഗം ചെയ്യുന്ന ശീലം, പല കാര്യങ്ങളും മറച്ചു വെച്ച് സംസാരിക്കല്‍, അസ്വഭാവിക പെരുമാറ്റം എന്നിവ കാണും. ഇവരുടെ ചില പ്രവൃത്തികള്‍ ഇവര്‍ക്കുതന്നെ വിനയാകാനും ഇടയുണ്ട്.

ധനു രാശി-ധനുക്കൂര്‍ സ്വരൂപം ധനുസ്സ് അഥവാ വില്ല ആണ്. ഇവര്‍ പൊതുവെ ധീരന്മാരായിരിക്കും, ആയുധം, വാഹനം, യന്ത്രം എന്നിവയില്‍ താല്‍പര്യമോ ജോലിയോ ഉണ്ടാകും. സഞ്ചാര വേഗം ഏറും. കര്‍മ്മരംഗത്തു കഴിവ് പ്രകടിപ്പിക്കും, പണം പാഴാക്കിക്കളയും, ആഡംബര ജീവിതത്തില്‍ താല്പര്യം കാട്ടും. ഇവര്‍ എല്ലാ കാര്യങ്ങളിലും മുന്നിട്ടിറങ്ങാന്‍ താല്പര്യം പ്രകടിപ്പിക്കുന്നവരുമാകും.

മകരം രാശി-മകരക്കൂര്‍ സ്വരൂപം മാന്‍ ആണ്. അരയ്‌ക്കു താഴെ മെലിഞ്ഞ ശരീരമായിരിക്കും ഇവരുടേത്. കുടവയര്‍, നിഷ്‌കളങ്കത, നിരുപദ്രവ സ്വഭാവം, ഏതിനെയും ഭയം, കരയിലും വെള്ളത്തിലും ആയി ജോലി എന്നിവയാണ് രാശി സ്വഭാവമായി പറയപ്പെടുന്നത്.

കുഭം രാശി-കുംഭക്കൂര്‍ സ്വരൂപം നോക്കുമ്പോള്‍ അകത്തെന്ത് എന്നറിയാത്ത പ്രകൃതമാവും. പൊങ്ങച്ചം പറയുക, ആഡംബരം, ധൂര്‍ത്ത്, ഒറ്റപ്പെട്ട ജീവിതം, തികഞ്ഞ അധ്വാനം,
പൂര്‍വ്വികസ്വത്ത് കളഞ്ഞു കുളിക്കല്‍, വിദേശവാസം, കൃഷി വാണിജ്യ മേഖലയില്‍ മികവ് ഇവ കാണും.

മീന രാശി-മീനക്കൂറുകാരുടെ സ്വരൂപം മത്സ്യത്തിന്റേതാണ്. ആര്‍ക്കും പിടികൊടുക്കാത്ത സ്വഭാവം, ഉറച്ച തീരുമാനം, വാസസ്ഥലം ഇടയ്‌ക്കിടെ മാറിക്കൊണ്ടിരിക്കല്‍, എപ്പോഴും മാറാനുള്ള ത്വര എന്നിവ ഇവരില്‍ ഉണ്ടാവും, ജീവിതത്തില്‍ ധാരാളം സഞ്ചാരയോഗം ഉള്ളവരാണിവര്‍.

എല്ലാവരുമായി ഒത്തുപോകുന്ന ഇവര്‍ക്ക് കാര്യപ്രാപ്തി അല്‍പം കുറവാകും. ഇതൊക്കെ പൊതു സ്വഭാവവിശേഷം മാത്രമാണ്. ഭാവബലങ്ങള്‍ക്കും കാരകത്വത്തിനും അനുസരിച്ച് ഇവയില്‍ മാറ്റം വരാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by