കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ബോക്സിങ്ങിലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫൈനല്‍ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ദില്‍ഷിത്തിന്റെയും അനന്തുവിന്റെയും സായ് കൃഷ്ണയുടെയും മുഖത്ത് വിരിഞ്ഞ ചിരിക്ക് ഇരട്ടിത്തിളക്കമുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലക്കായി മൂവരും ബോക്സിങ് റിങ്ങില്‍ നിന്ന് ഇടിച്ചെടുത്ത സ്വര്‍ണം പ്രതിസന്ധികളെ കൂസാതെ മുന്നോട്ട് പോയി നേടിയ പൊന്‍പതക്കങ്ങളായിരുന്നു. വാഹനാപകടത്തിലേറ്റ പരിക്കുകളുമായെത്തിയ മൂവര്‍സംഘമാണ് കടയിരുപ്പ് ജിവിഎച്ച്എസ്എസിലെ ബോക്സിങ് റിങ്ങില്‍ ഫൈനല്‍ മത്സരത്തിനെത്തിയതും സുവര്‍ണനേട്ടം സ്വന്തമാക്കിയതും.
തിരുവനന്തപുരം ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മൂന്നുപേരും. കഴിഞ്ഞ ദിവസം സെമിഫൈനല്‍ മത്സരം കഴിഞ്ഞ് മടങ്ങവേയാണ് ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കാര്‍ ഇടിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ മൂവരും പക്ഷേ, പരിക്കൊന്നും വകവെക്കാതെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഫൈനലിന് റിങ്ങില്‍ ഇറങ്ങിയതും വിജയിച്ചതും.
57 കിലോ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദില്‍ഷിത്ത് അജയ് സ്വര്‍ണം നേടിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തു ഷീജന്റെ സുവര്‍ണനേട്ടം 54 കിലോ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലാണ്. 75 കിലോ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലാണ് പത്താം ക്ലാസുകാരനായ ഇ.എം. സായ് കൃഷ്ണ സ്വര്‍ണം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: