Kerala

വികസിത ഭാരതത്തിനായി പ്രധാനമന്ത്രിക്കൊപ്പം അണിചേരണം: പി.ടി. ഉഷ

Published by

കോഴിക്കോട്: വികസിത ഭാരതത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അണിചേരണമെന്ന് ഒളിമ്പ്യന്‍ പി.ടി. ഉഷ എംപി. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന പരിപാടിയായ സ്വ വിജ്ഞാനോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇന്നലെ രാവിലെ വരെ മുപ്പത്തിരണ്ട് കോടി തൊണ്ണൂറ്റി എട്ട് ലക്ഷത്തി ഏഴുപത്തി അയ്യായിരത്തി ഇരുനൂറ് സെക്കന്‍ഡുകള്‍ ആണ് ഭാരതം വികസനക്കുതിപ്പിന് വിശ്രമമില്ലാതെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതെന്ന് അവര്‍ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ വിശ്വാസ്യത ഭാരതവും കടന്നു എവിടെയൊക്കെ ഭാരതീയര്‍ ഉണ്ടോ അവിടെയെല്ലാം വ്യാപിക്കുകയാണ്. ആഗോള ഭാരതീയരുടെ മുഖമായി മാറിയ നരേന്ദ്രമോദി എന്ന ആഗോള ബ്രാന്‍ഡ് ലോകനേതാക്കള്‍ക്ക് മുന്നില്‍ വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും തന്ത്രപ്രധാനമായ സഖ്യരാഷ്‌ട്രത്തിന്റെ മാതൃകയായും മാറി. ആ വിശ്വാസ്യതയുടെ ഭരണരൂപമാണ് ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും മോദി സര്‍ക്കാരുകള്‍, ഉഷ പറഞ്ഞു.

എന്തുകൊണ്ട് മോദി സര്‍ക്കാര്‍ എന്ന ചോദ്യത്തിന് ഉത്തരം ലളിതമാണ്. നാളെയുടെ സ്വപ്നങ്ങള്‍ക്ക് നിറവും ജീവനും കരുത്തും നല്‍കുന്ന, ഇനിയൊരിക്കലും തലകുനിക്കില്ല ഭാരതമക്കള്‍ എന്ന ഉറച്ച നിശ്ചയത്തോടെ സ്വാമി വിവേകാനന്ദന്‍ സ്വപ്നം കണ്ട, ചട്ടമ്പി സ്വാമിയും ശ്രീനാരായണഗുരുവും ഛത്രപതി ശിവാജി മഹാരാജും നേതാജി സുഭാഷ് ചന്ദ്രബോസും സര്‍ദാര്‍ വല്ലഭായ് പട്ടേലും അംബേദ്ക്കറും സ്വപ്നം കണ്ട ഭാരതം നമ്മുടെ കണ്‍മുന്നില്‍ ഉയരുകയാണ്. അതിന് കാലവും ജനങ്ങളും കാത്തുവെച്ചത് ബിജെപിയെയും നരേന്ദ്ര ദാമോദര്‍ദാസ് മോദിയെയുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by