India

വഖഫ് ഭേദഗതി ബില്ലിന് പിന്തുണയുമായി മുസ്ലിം വനിതാ സംഘം

Published by

ന്യൂദല്‍ഹി: സാമൂഹിക ക്ഷേമത്തില്‍ നിലവിലുള്ള വഖഫ് നിയമങ്ങള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം വനിതാ സംഘം. 2024ലെ വഖഫ് (ഭേദഗതി) ബില്ലില്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയുടെ യോഗത്തിലാണ് നിയമം പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത ശാലിനി അലിയുടെ നേതൃത്വത്തിലുള്ള സംഘം ചൂണ്ടിക്കാട്ടിയത്. പാര്‍ലമെന്റ് അനക്‌സിലാണ് ചെയര്‍മാന്‍ ജഗദംബികാ പാലിന്റെ നേതൃത്വത്തില്‍ ജെപിസി യോഗം ചേര്‍ന്നത്. ഇതാദ്യമായാണ് സംയുക്ത പാര്‍ലമെന്ററി സമിതി വനിതാ കൂട്ടായ്മയെ വിളിച്ചത്.

വഖഫ് മാനേജ്മെന്റ് കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഭേദഗതി നിയമമാകേണ്ടത് അനിവാര്യമാണെന്ന് ശാലിനി അലി അഭിപ്രായപ്പെട്ടു. സാമൂഹികക്ഷേമത്തില്‍ വഖഫ് ബോര്‍ഡിന് പങ്കില്ല. വഖഫ് കാര്യങ്ങളില്‍ സ്ത്രീകള്‍ക്കും സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമോ വിഹിതമോ നല്‍കുന്നതിനെ അനുകൂലിക്കാത്ത, വ്യക്തികളാണ് ബോര്‍ഡിനെ നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ നിലവില്‍ വഖഫ് ബോര്‍ഡിന്റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അനാഥര്‍, വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍, പുനര്‍വിവാഹം ആഗ്രഹിക്കുന്ന വിധവകള്‍ എന്നിവര്‍ക്ക് നല്‍കുന്ന സഹായത്തെക്കുറിച്ച് വഖഫ് ബോര്‍ഡിനോട് വിശദമായ വിശദീകരണം തേടിയിട്ടുണ്ടെന്ന് ജഗദംബികാ പാല്‍ പറഞ്ഞു.

മുസ്ലിം വനിതാ കൂട്ടായ്മയ്‌ക്ക് പുറമെ മറ്റ് സംഘടനകളും ജെപിസിക്ക് മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ഖാരി അബ്റാര്‍ ജമാലിന്റെ നേതൃത്വത്തില്‍ ജംഇയ്യത്ത് ഹിമായത്തുല്‍ ഇസ്ലാമും കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി. സാമൂഹ്യക്ഷേമത്തില്‍ വഖഫ് ബോര്‍ഡിന്റെ പങ്ക്, ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി എന്നിവ ജമാല്‍ ഉന്നയിച്ചു. മസ്ജിദുകളും ദര്‍ഗകളും ശ്മശാനങ്ങളും ഒഴികെയുള്ള വഖഫ് ഭൂമിയില്‍ തൊഴിലധിഷ്ഠിത പദ്ധതികള്‍ ആരംഭിക്കണം. വഖഫ് ബോര്‍ഡിലെ മാഫിയ ഭരണം അവസാനിപ്പിക്കേണ്ട സമയമായെന്നും വഖഫ് സ്വത്തുക്കള്‍ കമ്പോള നിരക്കില്‍ പാട്ടത്തിനോ വാടകയ്‌ക്കോ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഫായിസ് അഹമ്മദ് ഫായിസിന്റെ നേതൃത്വത്തില്‍ വേള്‍ഡ് പീസ് കൗണ്‍സില്‍ എന്ന സംഘടനയും സമിതിക്ക് മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. നിലവിലെ നിയമത്തില്‍ വനിതാ അംഗങ്ങളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിന് നിയന്ത്രണമില്ലെന്ന് ഫായിസ് പറഞ്ഞു. പിന്നെ എന്തിനാണ് നിര്‍ദിഷ്ട ബില്ലിലെ വനിതാ അംഗങ്ങള്‍ക്കുള്ള വ്യവസ്ഥയെ പ്രതിപക്ഷ അംഗങ്ങളും ചില സംഘടനകളും എതിര്‍ക്കുന്നത്. നൂറുകണക്കിന് അമുസ്ലിം കെയര്‍ടേക്കര്‍മാര്‍ ഇതിനകം തന്നെ വഖഫ് ബോര്‍ഡിന്റെ ഭാഗമാണെന്നും ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നത് അനാവശ്യമായാണെന്നും ഫായിസ് അഹമ്മദ് ഫായിസ് ചൂണ്ടിക്കാട്ടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by