ടെല്‍ അവീവ്: ഇസ്രയേലിന്റെ പുതിയ പ്രതിരോധമന്ത്രിയായി ഇസ്രയേല്‍ കാറ്റസ് ചുമതലയേറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിരോധ മന്ത്രിയായിരുന്ന യോവ് ഗാലന്റിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ നെതന്യാഹുവിന്റെ ഓഫീസ് പുറത്തുവിട്ട പ്രസിതാവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യോവ് ഗാലന്റിന്റെ നേതൃത്വത്തില്‍ സൈനിക ദൗത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്ന് നീക്കിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളാണ് യോവ് ഗാലന്റിന് മേലുള്ള വിശ്വാസത്തിന് കോട്ടം സംഭവിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. വിദേശകാര്യമന്ത്രിയായി ഗിഡിയോന്‍ സാറിനും നിയമനം നല്കി.
അതേസമയം രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് താന്‍ എക്കാലത്തും പ്രഥമ പരിഗണന നല്‍കിയതെന്ന് പുറത്താക്കിയതിന് പിന്നാലെ യോവ് ഗാലന്റ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ഗാസയില്‍ ഹമാസിനെതിരായ പോരാട്ടവും, ബന്ദികളെ തിരികെ എത്തിക്കാന്‍ സാധിക്കാത്തതിന്റെ പേരിലും ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. സര്‍ക്കാരിന്റെയും മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ യോവ് ഗാലന്റ് നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗാലന്റിനെ പുറത്താക്കിയതില്‍ വന്‍തോതിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷത്തു നിന്ന് ഉയരുന്നത്.
അതിനിടെ, ഇസ്രയേലുമായി ഏറ്റുമുട്ടലിന് തയാറാണെന്ന് ഇറാന് അറിയിച്ചു. ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭാഗത്തു നിന്ന് മുന്‍കൂട്ടിയുള്ള ആക്രമണം തള്ളിക്കളയുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
കഴിഞ്ഞ ദിവസവും ഹിസ്ബുള്ളയുടെ റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിച്ചുവെന്ന് ഐഡിഎഫ്. പത്തോളം റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തത്. പകുതിയിലധികവും നിര്‍വീര്യമാക്കി. മധ്യ ഇസ്രയേലിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ റോക്കറ്റ് പതിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: