കോഴിക്കോട്: ജന്മഭൂമിയുടെ സുവര്‍ണ ജയന്തിവര്‍ഷാഘോഷങ്ങളുടെ ഉദ്ഘാടനമായ സ്വ വിജ്ഞാനോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും; ഉത്സവത്തിന് കൊടിയിറങ്ങുന്നില്ല, അത് മറ്റിടങ്ങളില്‍ തുടരും. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഇന്ന് വൈകിട്ട് നാലുമണിക്കാണ് അഞ്ചുദിവസത്തെ ആഘോഷങ്ങളുടെ സമാപന ചടങ്ങ്. രാവിലെ 10.30 മുതല്‍ സഹകരണ, കായിക സെമിനാറുകള്‍ നടക്കും.
ഇന്നലെ, വിജ്ഞാനവും വിനോദവും ചേര്‍ന്ന് ഉത്സവം ഗംഭീരമാക്കി. രാവിലെ കാലിക്കറ്റ് എന്‍ഐടി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. പുതിയ പാഠങ്ങളായിരുന്നു അദ്ദേഹം പകര്‍ന്നുനല്കിയത്. ജീവിതം പഠിപ്പിച്ചും വിജയവഴികള്‍ വിവരിച്ചും വിജ്ഞാനത്തിന്റെ കലവറ തുറന്നുകാട്ടിയും മണിക്കൂറുകളോളം വിദ്യാര്‍ത്ഥികളെ വിസ്മിതരാക്കി.
വൈകിട്ട് കലാസന്ധ്യയില്‍ സോപാന സംഗീതം, ശാസ്ത്രീയ നൃത്തം, പാവക്കൂത്ത്, നൃത്താവിഷ്‌കാരം എന്നിവയും തപസ്യയുടെ ആരണ്യപര്‍വം നാടകവും കാണികളെ ആനന്ദിപ്പിച്ചു. ശശി നാരായണന്‍ സംവിധാനം ചെയ്ത, വനവാസി വീരനായകന്‍ തലക്കര ചന്തുവിന്റെ ജീവിതം ആവിഷ്‌കരിച്ച നാടകം കൈയടികളോടെയാണ് സദസ് സ്വീകരിച്ചത്.
ഇന്നുവൈകിട്ട്, കലാസന്ധ്യയില്‍ ഗൗരീ നന്ദനയുടെ ഭരതനാട്യവും ഹരിശ്രീ അശോകന്‍ നയിക്കുന്ന മ്യൂസിക്കല്‍ മെഗാ ഷോയുമാണ് മുഖ്യ ആകര്‍ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക