Kerala

വഖഫ് നടപടി തടയാനും മുന്നണികള്‍ ഒരുമിക്കുമോ? മാര്‍ ക്ലിമിസ്

Published by

കൊച്ചി: മുനമ്പത്തെ വഖഫ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ കാത്തിരിക്കുകയാണെന്ന് കെസിബിസി അധ്യക്ഷന്‍ മാര്‍ ക്ലിമിസ്. വഖഫ് നിയമ ഭേദഗതിക്കെതിരെ ഒത്തു ചേര്‍ന്ന് പ്രമേയം പാസാക്കിയ ഇടത്, വലതു മുന്നണികള്‍ മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കല്ലെന്ന് പ്രഖ്യാപിക്കാനും ഒരുമിച്ച് നില്‍ക്കുമോയെന്നും അദ്ദേഹം ആരാഞ്ഞു. മുനമ്പം വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന ചോദ്യത്തോട് ഇതിന്റെ വിഷമം ജനങ്ങളുടെ മനസില്‍ ഉണ്ടാവില്ലേ, അത് അവര്‍ കാണിക്കില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

ജനങ്ങളുടെ പ്രശ്‌നത്തില്‍, സ്ഥലക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും പറയാനില്ലേ. അതിനാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. 2022 വരെ ജനങ്ങള്‍ കരമടച്ച അവരുടെ വസ്തുവിന് എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ പറയണം, അദ്ദേഹം പറഞ്ഞു. മുനമ്പവുമായി ബന്ധപ്പെട്ട ആശങ്ക ഞങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ (സംയുക്ത പാര്‍ലമെന്ററി സമിതിയെ) അറിയിച്ചിരുന്നു. സര്‍ക്കാര്‍ മുനമ്പത്തുകാരുമായി സംസാരിക്കുമെന്നാണ് കരുതുന്നത്. അവിടുത്തെ ജനങ്ങള്‍ ഉള്‍പ്പെട്ട കോട്ടപ്പുറം രൂപതയിലെ അധികൃതരെക്കൂടി അവര്‍ കണക്കിലെടുക്കുമെന്നും ഞാന്‍ കരുതുന്നു. വിഷയത്തില്‍ കെസിബിസി സജീവമായി ഇടപെടും. മുനമ്പത്തെ വസ്തുവിന്റെ കരം സ്വീകരിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. അതിനാല്‍ വസ്തു ആരുടേതാണെന്ന് പറയേണ്ടത് സംസ്ഥാന സര്‍ക്കാരാണ്, അദ്ദേഹം പറഞ്ഞു.

ഭൂമി വിട്ടു കൊടുത്താല്‍ മറ്റൊരു പ്രവണതയ്‌ക്ക് തുടക്കമാകുമല്ലോയെന്നുള്ള ചോദ്യത്തോട് സ്വന്തം ഭൂമി ആര് വിട്ടു കൊടുക്കുന്നു, അത് എന്തിന് വിട്ടുകൊടുക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. സ്വന്തം ഭൂമി വിട്ടു കൊടുക്കേണ്ട കാര്യമെന്താ? സ്വന്തം ഭൂമി വിട്ടുകൊടുക്കുന്നത് ചര്‍ച്ച ചെയ്യാന്‍ അല്ലല്ലോ നമ്മള്‍ കൂടിയിരിക്കുന്നത്. സ്വന്തം ഭൂമി സംരക്ഷിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് നമ്മള്‍ കൂടിയത്.

16ന് ചേരുന്ന യോഗത്തില്‍ സര്‍ക്കാര്‍ മുനമ്പത്തുകാര്‍ക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. അങ്ങനെയല്ലെങ്കില്‍ അടുത്ത ഘട്ടം ഉണ്ടല്ലോ. പ്രശ്‌നം പരിഹരിക്കാമെന്ന് പറയുന്ന പാര്‍ട്ടികളില്ലേ. അവരുടെ അഭിപ്രായം കൂടി അറിയേണ്ടേ. പാര്‍ട്ടി നേതാക്കള്‍ വിഷത്തില്‍ പ്രതികരിച്ചുകേള്‍ക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. തെരഞ്ഞെടുപ്പ് വരെ അവര്‍ ഇക്കാര്യത്തില്‍ സംസാരിക്കില്ല. അത് ഞങ്ങള്‍ക്കും അറിയാം. അതു കഴിഞ്ഞും നിലപാട് വ്യക്തമാക്കാന്‍ അവര്‍ക്ക് സമയമുണ്ടല്ലോ. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അങ്ങ് തീരില്ലല്ലോ. കോണ്‍ഗ്രസും സിപിഎമ്മും ആലോചിച്ച് ഒരു തീരുമാനത്തില്‍ എത്തുക. ഇവര്‍ മിനിറ്റു വച്ച് ഒരുമിച്ച് പ്രമേയം പാസാക്കിയല്ലോ? അതുപോലെ ജനങ്ങളെ കുടിയൊഴിപ്പിക്കില്ല എന്നതും മിനിറ്റു വച്ച് പാസാക്കാമല്ലോ. അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക