നാലുവര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വൈറ്റ് ഹൗസിലേക്കെത്തുന്ന ഡൊണാള്‍ഡ് ട്രംപിന് ആശംസകള്‍ നേര്‍ന്ന് ആദ്യമെത്തിയ ലോകനേതാക്കളിലൊരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തില്‍ എന്റെ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ എന്നാണ് മോദി സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്സി ‘ ല്‍ കുറിച്ചത്. ഇരുവരും നടത്തിയ കൂടിക്കാഴ്ചകളുടെ നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മോദിയുടെ അനുമോദന ട്വീറ്റ്. മോദി-ട്രംപ് സൗഹൃദം ഭാരത-യുഎസ് ബന്ധത്തില്‍ എത്രത്തോളം പ്രോത്സാഹനമായി മാറും എന്നത് ഏവരും ഉറ്റുനോക്കുന്നു. കുടിയേറ്റ വിഷയം ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍ കടുംപിടുത്തങ്ങളടക്കം നിരവധി ഉഭയകക്ഷി വിഷയങ്ങള്‍ ഇരുനേതാക്കള്‍ക്കിടയിലുണ്ടെങ്കിലും ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് യുഎസ്-ഭാരത ബന്ധം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ട്രംപിന്റെ വിജയമറിഞ്ഞതിന് പിന്നാലെ ഭാരത ഓഹരി വിപണിയിലടക്കമുണ്ടായ വലിയ കുതിച്ചുചാട്ടം നല്‍കുന്ന സൂചനയും അതുതന്നെ.
പ്രതിരോധ, സുരക്ഷാ മേഖലയില്‍ ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദം ഭാരതത്തിന് നേട്ടമാണ് സമ്മാനിച്ചിട്ടുള്ളത്. ഭീകരവാദത്തിനെതിരായ ഇരുനേതാക്കളുടേയും സമാന നിലപാടുകള്‍ ഭാരത-യുഎസ് ബന്ധത്തെ 2016-2020 കാലത്ത് ശക്തിപ്പെടുത്തി. മേഖലയിലെ പാകിസ്ഥാന്‍ അടക്കമുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ശക്തികളോടുള്ള യുഎസിന്റെ സമീപനത്തിലെ വലിയ വ്യതിയാനങ്ങളും അക്കാലത്താണുണ്ടായത്. 2017 ജൂണ്‍ 1ന് മോദി വാഷിങ്ടണില്‍ പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് യുഎസ് പാകിസ്ഥാന് ശക്തമായ ഭാഷയില്‍ താക്കീത് നല്‍കിയ സംഭവമുണ്ടാകുന്നതും.
അത്തരം സഹകരണങ്ങള്‍ക്ക് കൂടുതല്‍ ശക്തിയും ദൃഢതയും വ്യാപ്തിയും നല്‍കാന്‍ ട്രംപിന്റെ രണ്ടാമൂഴത്തിന് സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷ. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖല എന്ന ഇരുനേതാക്കളുടേയും നിലപാടിന് കൂടുതല്‍ സ്വീകാര്യതയും ഇനിയുണ്ടാവും. ക്വാഡ് സഖ്യത്തിന്റെ പ്രാധാന്യവും സംയുക്ത സൈനികാഭ്യാസങ്ങളും ഈ മേഖലയില്‍ വര്‍ധിക്കും.
2019ല്‍ നടന്ന ‘ഹൗഡി മോദി ‘ പരിപാടിയും 2020ല്‍ നടന്ന ‘ നമസ്തേ ട്രംപ് ‘പരിപാടിയും മോദി-ട്രംപ് സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലും നേതാക്കള്‍ തമ്മിലുമുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ രണ്ട് പരിപാടികളും സഹായിച്ചു. ഇരുവരും തമ്മിലുള്ള ശക്തമായ വ്യക്തിബന്ധം ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ സജീവമാക്കി നിര്‍ത്തുമെന്നാണ് വിദേശകാര്യ വിദഗ്ധരുടെ പ്രതീക്ഷ.
വ്യാപാര-വാണിജ്യ ബന്ധങ്ങളില്‍ മെരുക്കിയെടുക്കാന്‍ പാടുള്ള സുഹൃത്ത് എന്നാണ് മോദിയെ ട്രംപ് ഒരിക്കല്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ കരാറുകള്‍ ഇരുവരുടേയും കാലത്ത് ശക്തമായി. യുഎസ് ഫസ്റ്റ് എന്ന ട്രംപിന്റെ നിലപാടും മേയ്‌ക്ക് ഇന്‍ ഇന്ത്യ എന്ന മോദിയുടെ കാഴ്ചപ്പാടും സാമ്പത്തിക കരാറുകളില്‍ ഇടംപിടിച്ചപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമുണ്ടായി. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവരുന്ന ഭാരതത്തിന്റെ വളര്‍ച്ച യുഎസുമായുള്ള ഉഭയകക്ഷി ബന്ധങ്ങളിലും പ്രകടമാണ്. കൊവിഡ് കാലത്ത് ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ബന്ധം സവിശേഷമായിരുന്നു. യുഎസിലേക്ക് നിരവധി മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റി അയക്കാന്‍ മോദിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറായി. യുഎസിലേക്ക് ആവശ്യമായ ഹൈഡ്രോക്ലോറോക്വിന്‍ അടക്കം എത്തിച്ചതില്‍ ഇരുവരുടേയും വ്യക്തിബന്ധം നിര്‍ണ്ണായകമായി.
ബംഗ്ലാദേശിലെ യുഎസ് ഇടപെടലുകളും ഷെയ്ക് ഹസീനയുടെ സ്ഥാനഭ്രംശവും ഭാരതത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായി സംഭവിച്ചവയാണ്. ഡൊണാള്‍ഡ് ട്രംപിന്റെ വരവോടെ ഈ നയതന്ത്ര പ്രതിസന്ധിയില്‍ വലിയ മാറ്റമാണ് വിദേശകാര്യ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലെ ലോക നേതാക്കളാണ് തങ്ങളെന്നാണ് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ മോദിയെയും ട്രംപിനെപ്പറ്റിയും വിശേഷിപ്പിച്ചത്. ഭാരതത്തിന്റെ സാമൂഹ്യ-സാമ്പത്തിക പരിവര്‍ത്തനത്തിന്റെ കാരണമായ പ്രഥമ പങ്കാളിയാണ് യുഎസ് എന്നായിരുന്നു മോദിയുടെ പ്രതികരണം. 2019ലെ ഹൗഡി മോദി പരിപാടിയില്‍ അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന വലിയ വിവാദമാണ് യുഎസിലുണ്ടാക്കിയത്. എന്നാല്‍ ഇരുവരും തമ്മിലുള്ള വ്യക്തിബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു അത്.
സ്ഥിരതയുള്ള പാളത്തിലൂടെ പോകുന്ന ബന്ധമാണ് യുഎസുമായിട്ടുള്ളതെന്നും ആര് വിജയിച്ച് വൈറ്റ് ഹൗസിലെത്തിയാലും ആ ബന്ധത്തില്‍ മാറ്റമുണ്ടാവില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നടത്തിയ പ്രതികരണം. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടുമൊരിക്കല്‍ കൂടി യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുമ്പോള്‍ മോദി-ട്രംപ് സൗഹൃദം ഇരുരാജ്യങ്ങളുടേയും വിവിധ മേഖലയിലെ സഹകരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: