ആലപ്പുഴ: ഡ്രൈവിംഗ് ടെസ്റ്റിനിടെ ആലപ്പുഴയില്‍ വാഹനത്തിന് തീപിടിച്ചു. റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ഹെവി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടെയാണ് സംഭവം. എ ടു ഇസഡ് എന്ന ഡ്രൈവിംഗ് സ്‌കൂളിന്റെ ബസ്സിനാണ് തീപിടിച്ചത്. ബുധനാഴ്ച ഉച്ചയ്‌ക്ക് 12.10 ഓടെയാണ് അപകടം സംഭവിച്ചത്. വാഹനത്തില്‍ ജിനീഷ് എന്ന യുവാവിന്റെ ടെസ്റ്റ് നടക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. ടെസ്റ്റ് നടക്കുന്നതിനിടെ ബസില്‍ നിന്നും പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയായിരുന്നു.
ബസ്സിന്റെ എന്‍ജിന്‍ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ തമ്പി യുവാവിനോട് പുറത്തേയ്‌ക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യുവാവ് ബസ്സില്‍ നിന്ന് ഇറങ്ങി മിനിറ്റുകള്‍ക്കകം തീ ആളിപ്പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക