India

‘ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനി പ്രത്യേക ബാഡ്ജ് വേണ്ട’: സുപ്രീം കോടതി

Published by

ന്യൂദല്‍ഹി: ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് ബാഡ്ജില്ലാതെ ഓട്ടോറിക്ഷ അടക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളോടിക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി.

2017ലെ മൂന്നംഗ ബെഞ്ചിന്റെ വിധി ശരിവച്ചാണ്, ബജാജ് അലയന്‍സ് നല്കിയ കേസിലെ ഈ വിധി. 7500 കിലോയ്‌ക്കു മുകളിലുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ മാത്രം പ്രത്യേക ബാഡ്ജ് അടക്കമുള്ള ലൈസന്‍സ് നല്കിയാല്‍ മതി.

ലൈസെന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എല്‍.എം.വികളെയും, ഭാര വാഹനങ്ങളെയും ഒന്നായി കാണാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ ചെറിയ ടിപ്പറുകള്‍, ട്രാവലറുകള്‍ എന്നിവ ഓടിക്കാന്‍ ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായാല്‍ മതി.

2017ലെ മൂന്നംഗ ബെഞ്ചിന്റെ വിധി ശരിവെച്ചാണ് അഞ്ചംഗ ബെഞ്ചിന്റെ വിധി. ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലിയന്‍സ് നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രിംകോടതി ഉത്തരവ്. ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സില്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയ ശേഷമാണ് കോടതി ഉത്തരവ്. 7500 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് മാത്രമേ അധിക യോഗ്യതാ ആവശ്യമുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

കഴിഞ്ഞ വർഷം ജൂലൈ 18 നാണ് എല്‍എംവി ലൈസൻസ് ഉള്ളവര്‍ക്ക് എത്ര കിലോഗ്രാം ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാമെന്ന കാര്യത്തില്‍ വ്യക്തത കൊണ്ടുവരണമെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം ഹർജികള്‍ കോടതിയിലെത്തിയത്. ഇതിലാണ് ഇപ്പോള്‍ ട്രാൻസ്പോര്‍ട്ട് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായി വിധി വന്നത്.

7,500 കിലോ ഗ്രാമില്‍ താഴെയുള്ള ട്രാൻസ്പോര്‍ട്ട് വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇൻഷുറൻസ് ക്ലെയിം ചെയ്യാനും ഇനി കമ്പനികള്‍ തയ്യാറാകേണ്ടി വരും. നിലവിലുള്ള പോരായ്‌മകൾ പരിഹരിക്കുന്നതിന് അനുയോജ്യമായ ഭേദഗതികൾ വരുത്തുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക