ശബരിമല: മണ്ഡലകാലത്ത് ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യു എടുക്കാന്‍ കഴിയാത്ത തീര്‍ത്ഥാടകര്‍ക്കായി മൂന്ന് സ്ഥലങ്ങളില്‍ സ്പോട്ട് ബുക്കിങ് സൗകര്യം. ബുക്കിങ്ങിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. സ്പോട്ട് ബുക്കിങ് ചെയ്യുന്നവര്‍ക്ക് ഫോട്ടോ പതിച്ച പാസ് നല്‍കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
പമ്പ, എരുമേലി, സത്രം (പീരുമേട്) എന്നിവിടങ്ങളിലാണ് ഇതിനായി കൗണ്ടര്‍ തുറക്കുക. പമ്പയിലെ വലിയ തിരക്ക് പരിഗണിച്ച് കൗണ്ടറുകളുടെ എണ്ണം കൂട്ടും. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തും മാസപൂജയ്ക്കും മൂന്നു കൗണ്ടറായിരുന്നു ഉണ്ടായിരുന്നത്. അത് ആറായി ഉയര്‍ത്തും. എന്നാല്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന നിലയ്ക്കലും തെക്കന്‍ മേഖലയില്‍ നിന്ന് കൂടുതല്‍ ആളെത്തുന്ന പന്തളത്തും കൗണ്ടറില്ലാത്തത് പമ്പയില്‍ തിരക്ക് വര്‍ധിപ്പിച്ചേക്കും.
പ്രതിദിനം 80,000 പേര്‍ക്കാണ് ദര്‍ശനം. ഇതില്‍ 70,000 വെര്‍ച്വല്‍ ക്യൂവും ബാക്കി സ്പോട്ട് ബുക്കിങ്ങും ആണ്. ഇരുമുടിക്കെട്ടുമായി വരുന്ന മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും ദര്‍ശനം ലഭിക്കുന്ന വിധത്തിലാണ് ക്രമീകരണമെന്ന് അധികൃതര്‍ പറഞ്ഞു. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ സ്പോട്ട് ബുക്കിങ് ചെയ്ത തീര്‍ത്ഥാടകന്റെ എല്ലാ വിവരങ്ങളും അറിയാന്‍ സാധിക്കുന്ന വിധത്തിലുള്ള പാസാണ് നല്‍കുന്നത്. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: