പാലക്കാട്: ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വ്യാപകമായ തോതില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പോലീസിന്റെ അനാസ്ഥകാരണം നഗരത്തിലെ കെപിഎം ഹോട്ടലില്‍ നടന്ന കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം കൃത്യമായ രീതിയിലല്ല നടന്നതെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഹോട്ടലിലെ മുഴുവന്‍ മുറികളും എന്തുകൊണ്ടാണ് പരിശോധിക്കാതിരുന്നത്? വാര്‍ത്ത പുറത്തുവന്ന് അരമണിക്കൂറിന് ശേഷമാണ് അഞ്ച് മിനിറ്റ് കൊണ്ട് എത്താന്‍ സാധിക്കുന്ന പോലീസ് അവിടെ എത്തിയത്. വനിതാ പോലീസുകാരെ വിന്യസിക്കാന്‍ തയാറായില്ല. 12 മുറികള്‍ മാത്രമാണ് പരിശോധിച്ചത്. കള്ളപ്പണ ഇടപാടുകള്‍ നടന്നെന്ന് പോലീസ് പറയുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ആവശ്യമായ ഫോഴ്സിനെ സജ്ജീകരിക്കാതിരുന്നത്. പോലീസ് നിലപാട് ദുരൂഹമാണ്. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം നല്‍കിയത് പോലീസാണ്.
കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇന്റലിജന്‍സ് വിവരം. വലിയ ട്രോളി ബാഗില്‍ വ്യാജ തിരിച്ചറിയല്‍ കേസിലെ പ്രതിയായിട്ടുള്ള ഒരാള്‍ അവിടെ പണം ഇറക്കിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എന്നാല്‍ അവരുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയാറായില്ല.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അവിടെ വന്ന വാഹനങ്ങള്‍, ആരൊക്കെ വന്നു, ബാഗുകള്‍ എങ്ങോട്ടാണ് പോയത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് നല്‍കാത്തത് സംശയസ്പദമാണ്. കള്ളപ്പണം സുരക്ഷിതമായി മറ്റൊരു മുറിയില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കിയത് പോലീസാണ്. ഒരു മന്ത്രിയാണ് വ്യാജതിരിച്ചറിയല്‍ കേസ് ഒതുക്കിയത്. തലശ്ശേരിയില്‍ ഷാഫി പറമ്പിലുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയോടെയാണ് കേസ് ഇല്ലാതായത്.
സിസിടിവി പരിശോധിക്കാന്‍ പോലീസ് തയാറുണ്ടോ? പ്രതിപക്ഷനേതാവും എം.വി. ഗോവിന്ദനും കള്ളപ്പണത്തെക്കുറിച്ച് മറുപടി പറയണം. നഗരത്തില്‍ ഇത്രയും ഗൗരവമായ സംഭവങ്ങളുണ്ടായിട്ടും തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാകളക്ടര്‍ എവിടെയായിരുന്നുവെന്നും സുരേന്ദ്രന്
ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: