Kerala

ജോലിയെക്കുറിച്ച് ആശങ്ക വേണ്ട; പഠിച്ചാല്‍ തൊഴില്‍ ഉറപ്പ്: ഡോ പ്രസാദ് കൃഷ്ണ

Published by

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ ജോലി കിട്ടുമോ എന്ന കാര്യത്തില്‍ ആകുലപ്പെടേണ്ടതില്ലന്നും പഠിച്ചവര്‍ക്കെല്ലാം തൊഴില്‍ ലഭിക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ. ഇന്ത്യയുടെ വളര്‍ച്ചയെ തടയാന്‍ ആര്‍ക്കും ആകില്ല.

രാജ്യത്ത് നിരവധി തൊഴിലവസരങ്ങളുണ്ട്. മറ്റ് ലോകരാജ്യങ്ങള്‍ക്കും ഭാരതീയരെ ജോലികള്‍ക്ക് വേണം. എന്തു പഠിച്ചാലും കുഴപ്പമില്ല. ജോലി ഉറപ്പാണ്. മറ്റുള്ളവരുടെ താല്‍പര്യത്തിനനുസരിച്ച് വിഷയം തെരഞ്ഞെടുക്കരുത്. താല്‍പര്യമുള്ള വിഷയം പഠിക്കണം. ജന്മഭൂമി വിജ്ഞാനോത്സവത്തില്‍ തെരഞ്ഞെടുത്ത കുട്ടികളുമായുള്ള സംവാദത്തില്‍ അദ്ദേഹം പറഞ്ഞു.

ജോലികിട്ടാനുള്ളതുമാത്രമല്ല പഠനം. പഠനം എന്നത് തുടര്‍ച്ചയായി ചെയ്യേണ്ട പ്രക്രിയയാണ്. അറിവ് നേടാനുള്ള അഭിവാഞ്ചയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്.മനുഷത്വതാണ് വിദ്യാഭ്യാസംകൊണ്ട് നേടേണ്ട വലിയ കാര്യം. ഹൃദയത്തിന്റെ ഭാഷ മനസിലാക്കുക എന്നതാണ് വലിയ കാര്യം. പഠനത്തിലൂടെ ഉണ്ടാകേണ്ട മറ്റൊന്ന് വിവേകമാണ്. ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നതും വിവേകമാണ്. എന്തും വിവേകത്തോടെ ഉപയോഗിക്കുന്നിടത്താണ് വിജയം- ഡോ. പ്രസാദ് കൃഷ്ണ പറഞ്ഞു. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം രാധാകൃഷ്ണന്‍ പുരസ്‌ക്കാരം സമ്മാനിച്ചു.

പത്മജന്‍ കാളിയമ്പത്ത് സ്വാഗതവും പി ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.

മീഞ്ചന്ത രാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ , തൊണ്ടയാട് ചിന്മയ വിദ്യാലയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം, ചേവായൂര്‍ ഭാരതീയ വിദ്യാഭവന്‍, ചാലപ്പുറം അച്യുതന്‍ ഗേള്‍സ് എച്ച്എസ്എസ്, സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്എസ്എസ്,കോട്ടൂളി സരസ്വതി വിദ്യാമന്ദിര്‍, വെസ്റ്റ്ഹില്‍ പോളിടെക്‌നിക് , തളി സാമൂതിരി ഹയര്‍സെക്കണ്ടറി എച്ച്എസ്എസ് , മാഗ്്‌കോം മാധ്യമ പഠനകേന്ദ്രം എന്നീ വിദ്യാലയങ്ങളിലെ കുട്ടികള്‍ സംവാദത്തില്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക