ന്യൂദല്‍ഹി: കാനഡയില്‍ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ ആക്രമണം അപലപനീയമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര അധ്യക്ഷന്‍ അലോക് കുമാര്‍ പറഞ്ഞു. ഹിന്ദുസമൂഹം ലോകത്തെവിടെയും ഒറ്റപ്പെടില്ലെന്നും പ്രതിരോധിക്കാന്‍ കാനഡയിലെ ഹിന്ദുക്കള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആവശ്യമെന്ന് കണ്ടാല്‍ ലോകമാകെ കാനഡയ്ക്കെതിരെ പ്രതിഷേധം ഉയരുമെന്ന് വിഎച്ച്പി അധ്യക്ഷന്‍ പറഞ്ഞു.
കനേഡിയന്‍ സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയും ഖാലിസ്ഥാന്‍ പ്രീണനവുമാണ് സാഹചര്യം വഷളാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് ദിവസം മുമ്പുതന്നെ ഭാരത എംബസി ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്‍കൂര്‍ വിവരം നല്‍കുകയും സുരക്ഷയ്ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്തതാണ്. എന്നാല്‍ ട്രൂഡോ സര്‍ക്കാര്‍ അത് അവഗണിക്കുകയായിരുന്നുവെന്ന് അലോക് കുമാര്‍ ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ 31 ന് ദീപാവലി ആഘോഷിക്കുമ്പോള്‍ ജസ്റ്റിന് ട്രൂഡോ പറഞ്ഞത് ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ എപ്പോഴും അവരോടൊപ്പം നില്‍ക്കുമെന്നും സ്വതന്ത്രമായും അഭിമാനത്തോടെയും ആരാധന നടത്താനുള്ള സാഹചര്യം ഒരുക്കുമെന്നുമാണ്. എന്നാലിപ്പോള്‍ ആ വാക്ക് പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്നു.
കാനഡയില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം നടക്കുന്നത് ഇതാദ്യമല്ല. ഗ്രേറ്റര്‍ ടൊറന്റോ, ബ്രിട്ടീഷ് കൊളംബിയ, ബ്രാംപ്ടണ്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
കാനഡയില്‍ ജസ്റ്റിന് ട്രൂഡോയുടെ ജനപ്രീതി കുറഞ്ഞു. സ്വന്തം എംപിമാര്‍ തന്നെ പരസ്യമായി രാജി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ട്രൂഡോയുടെ കസേര ഖാലിസ്ഥാനി അനുകൂല എംപിമാരുടെ ഔദാര്യത്തിലാണ് നിലനില്‍ക്കുന്നതെന്ന് അലോക് കുമാര്‍ പറഞ്ഞു. കാനഡയുടെ അടിസ്ഥാന തത്വങ്ങളായ ജനാധിപത്യം, നിയമവാഴ്ച, മതേതരത്വം എന്നിവ ലംഘിച്ചാണ് ട്രൂഡോ പ്രീണനം നടത്തുന്നതെന്ന് അലോക് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: