കോതമംഗലം: സംസ്ഥാന സ്‌കൂള്‍ കായിക മേള 2024ലെ ആദ്യ റിക്കാഡ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ നീന്തലില്‍. തിരുവനന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മോന്‍ഗം തീര്‍ത്ഥു സാംദേവ് ആണ് റിക്കാര്‍ഡ് സ്ഥാപിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശിയാണ് താരം.
കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച സ്വന്തം പേരിലുള്ള 4.19.76 മിനിറ്റ് വേഗതയെ മറികടന്ന് ഈ ആന്ധ്ര സ്വദേശി സ്ഥാപിച്ച പുതിയ സമയം 4.16.25.
4.36.92 മിനിറ്റ് കുറിച്ച് ഗവ. എച്ച് എസ് എസ് നെടുവേലിയിലെ ഐ എസ് ഇര്‍ഫാന്‍ മുഹമ്മദ് രണ്ടാംസ്ഥാനത്തെത്തി. മൂന്നാംസ്ഥാനം ഗവ. എച്ച്എസ്എസ് ആന്‍ഡ് വിഎച്ച്എസ്എസ് കളമശ്ശേരിയിലെ ആര്യന്‍ മേനോന്‍ (4.51.94 മിനിറ്റ് ) കരസ്ഥമാക്കി.
തിരുവനന്തപുരം കാര്യവട്ടം സായ്‌ലാന്റ് മാര്‍ക്ക് അക്വാട്ടിക് സെന്ററില്‍ 3 വര്‍ഷമായി സ്വിമ്മിംഗ് കോച്ച് അഭിലാഷ് തമ്പിയുടെ കീഴില്‍ മോന്‍ഗം പരിശീലനം നടത്തിവരുന്നു. വിജയവാഡ സ്വദേശിയായ പരേതനായ ചിന്ന റാവുവിന്റെയും സ്‌പോര്‍ട്‌സ് മസാജ് തെറാപ്പിസ്റ്റ് നവ്യ ദീപികയുടെയും മകനാണ് മോന്‍ഗം. മോന്‍ഗം പഠിക്കുന്ന സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ യഗുനാസയ് നീന്തലില്‍ പരിശീലനം നടത്തി വരുന്നു. മൂന്നര വര്‍ഷമായി മോന്‍ഗം കുടുംബ സമേതം തിരുവനന്തപുരത്താണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക