ന്യൂദല്‍ഹി: ഗായികയും പത്മഭൂഷൺ ജേതാവുമായ ശാരദ സിൻഹ അന്തരിച്ചു. 72 വയസ്സായിരുന്നു. ദല്‍ഹി എയിംസിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
നാടോടി ഗാനങ്ങളിലാണ് ശാരദ പ്രശസ്തയായത്. 2017ലാണ് ഗായികയ്‌ക്ക് മജ്ജയെ ബാധിക്കുന്ന അര്‍ബുദമായ മള്‍ട്ടിപ്പിള്‍ മൈലോമ കണ്ടെത്തുന്നത്. ഒക്ടോബർ 27-നാണ് ശാരദയെ ന്യൂദൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരദയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ മകൻ അൻഷുമാൻ സിൻഹ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
മരണവാര്‍ത്തയും മകന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ നിന്ന് ശാരദ സിൻഹയുടെ ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് “നിങ്ങളുടെ പ്രാർഥനയും സ്നേഹവും എന്നും എന്റെ അമ്മയോടൊപ്പം ഉണ്ടായിരിക്കണം. ഛത്തി മയ അമ്മയെ അവരിലേക്ക് വിളിച്ചു. ഇപ്പോൾ ശാരീരിക രൂപത്തിൽ അമ്മ ഞങ്ങളോടൊപ്പമില്ല’ എന്ന് കുറിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ശാരദയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ‘ശ്രീമതി ശാരദാ സിൻഹ ജിയുടെ വിയോഗത്തിൽ ഞാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ബഹുമുഖ പ്രതിഭയായ നാടോടി ഗായികയായിരുന്നു അവർ. ഭോജ്പുരി ഭാഷയെ ജനങ്ങൾക്കിടയിൽ ജനപ്രിയമാക്കി. ആളുകൾ അവരുടെ പാട്ടുകൾ വളരെക്കാലം ഓർക്കും. അവളുടെ വിയോഗത്തോടെ, നാടോടി സംഗീതലോകത്തിന് ഒരു സ്വാധീനശക്തി നഷ്ടപ്പെട്ടു. കുടുംബത്തോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു’ രാജ്നാഥ് സിങ് പറഞ്ഞു.
അഞ്ച് പതിറ്റാണ്ടിലേറെയായി തന്റെ ശ്രുതിമധുരമായ ശബ്ദത്തിലൂടെ ഇന്ത്യൻ സംഗീതത്തിന് പുതിയ ഉയരങ്ങൾ നൽകിയ ശാരദാ സിൻഹ ജിയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പിന്നണിഗായിക എന്ന നിലയിൽ ചലച്ചിത്ര ലോകത്തെ അവര്‍ വിസ്മയിപ്പിച്ചതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: