ശ്രീനഗര്‍: കശ്മീരിലെ തീവ്രവാദികള്‍ക്കെതിരെ നിശ്ശബ്ദത പാലിക്കുന്ന ഫറൂഖ് അബ്ദുള്ള ഇപ്പോള്‍ മകന് മുഖ്യമന്ത്രിയായതോടെ തീവ്രവാദികള്‍ക്കെതിരെ ആഞ്ഞടിക്കുകയാണ്. കശ്മീരില്‍ ആക്രമണത്തിനെത്തുന്ന തീവ്രവാദികളെ ജീവനോടെ പിടിക്കണമെന്ന് ചൊവ്വാഴ്ച ഫാറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു.
കശ്മീരില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഫറൂഖ് അബ്ദുള്ള വിമര്‍ശിച്ചു. ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് അധികാരത്തിലെത്തുകയും മകന് ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കശ്മീരില്‍ തുടര്‍ച്ചയായി തീവ്രവാദ ആക്രമണങ്ങളും വര്‍ധിക്കുകയാണ്.
“തീവ്രവാദ ആക്രമണത്തിന് പിന്നില്‍ കശ്മീരിലെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്ന് കരുതുന്നു. തീവ്രവാദികളെ കൊല്ലാതെ ജീവനോടെ പിടിക്കണം. എങ്കില്‍ മാത്രമേ അവരെ ചോദ്യം ചെയ്ത് ഏത് ഗൂഢാലോചനയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്താന്‍ സാധിക്കൂ.”- ഫറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു.
ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഫറൂഖ് അബ്ദുള്ളയ്ക്കെതിരെ വിമര്‍ശനം വളരുകയാണ്. പണ്ട് കശ്മീരില്‍ തീവ്രവാദികള്‍ അഴിഞ്ഞാടുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്ന നേതാവായിരുന്നില്ലേ താങ്കള്‍ എന്നാണ് ഒരാള്‍ ചോദിച്ചത്. തീവ്രവാദി ആക്രമണങ്ങള്‍ കൂടി വരുമ്പോള്‍ അത് കേന്ദ്രത്തെ വിമര്‍ശിക്കാനുള്ള ആയുധമായി എടുത്തിരുന്ന താങ്കള്‍ തന്നെ ഇപ്പോള്‍ തീവ്രവാദികളെ ജീവനോടെ പിടിക്കണം എന്ന് പറഞ്ഞുകേള്‍ക്കുമ്പോള്‍ ചിരി വരുന്നു എന്നാണ് മറ്റൊരാളുടെ കമന്റ്.
ഈയിടെ തുടര്‍ച്ചയായി അഞ്ച് തീവ്രവാദ ആക്രമണങ്ങളാണ് ജമ്മു കശ്മീരില്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: