അഹമ്മദാബാദ് : ഛത്ത് പൂജാ ആഘോഷങ്ങൾക്ക് കൂടുതൽ സർവീസുകൾ അനുവദിച്ച് വെസ്റ്റേൺ റെയിൽവേ. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ നിന്ന് ഉത്തർപ്രദേശിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ഛത്ത് ആഘോഷങ്ങൾക്കായി പോകുന്ന യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് വെസ്റ്റേൺ റെയിൽവേ ഉദ്‌ന ജംഗ്ഷനിൽ നിന്ന് 104 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലേക്ക് ഉത്സവ സീസണിൽ 340 പ്രത്യേക ട്രെയിനുകൾ ഓടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഓടുന്ന സാധാരണ ട്രെയിനുകൾക്ക് പുറമേയാണ് ഈ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നത്.
കൂടാതെ സാധാരണ ട്രെയിനുകളിൽ ആവശ്യം അനുസരിച്ച് അധിക കോച്ചുകളും വർധിപ്പിക്കുന്നുണ്ട്. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് നവംബർ 4, 5 തീയതികളിൽ 37 ട്രെയിനുകൾ കൂടി ഓടുന്നുണ്ട്. ഈ ട്രെയിനുകളിൽ ഭൂരിഭാഗവും അഹമ്മദാബാദ്, ഭാവ്‌നഗർ, രാജ്‌കോട്ട്, മുംബൈ, സൂറത്ത്, ഉദ്‌ന, വാപി, വൽസാദ് എന്നിവിടങ്ങളിൽ നിന്നാണ് തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സുഗമമായ പ്രവർത്തനത്തിനായി എല്ലാ തലങ്ങളിലും പ്രത്യേക കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. നവംബർ 3 ന് ഉദ്‌ന ജംഗ്ഷനിൽ നിന്ന് 31,000 പേർ ഉൾപ്പെടെ 1,60,000 ത്തിലധികം യാത്രക്കാർക്ക് ഈ ട്രെയിനുകളിൽ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ അവസരത്തിൽ 50 വോളൻ്റിയർമാർ, 20 മുതൽ 40 ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ്, 85 ആർപിഎഫ് സ്റ്റാഫ്, 140 ജിആർപി, 60 ആർഎസ്പിഎഫ് സ്റ്റാഫ് എന്നിവരെയും റെയിൽവേ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: