കോഴിക്കോട്: ജന്മഭൂമി സുവര്‍ണജയന്തി ആഘോഷങ്ങളുടെ ഭാഗായി കോഴിക്കോട് ട്രേഡ് സെന്ററില്‍ നടന്ന സാഹിത്യ സെമിനാര്‍ പുതിയകാലം ഭാഷയിലും സാഹിത്യത്തിലും എന്തെന്തു മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് വിലയിരുത്തി. സാമൂഹ്യജീവിതത്തിലും ടെക്നോളജിയിലും രാഷ്ട്രീയത്തിലുമെല്ലാം ഉടലെടുക്കുന്ന മാറ്റങ്ങള്‍ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുമെന്ന നിരീക്ഷണത്തോട് ചേര്‍ന്നുനിന്നുകൊണ്ടാണ് ‘സാഹിത്യത്തിലെ മാറുന്ന പ്രവണതകള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിച്ചവരെല്ലാം സംസാരിച്ചത്.
രണ്ടാം ലോക മഹായുദ്ധത്തില്‍ അണുബോംബ് ആക്രമണത്തിനിരയാവുകയും ലോകത്തിലെ ഏറ്റവുമധികം ദുരവസ്ഥകളിലൂടെ കടന്നുപോകുകയും ചെയ്ത ജപ്പാനിലാണ് സാഹിത്യത്തില്‍ ഏറെ മാറ്റങ്ങളുണ്ടായതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത പ്രമുഖ നിരൂപകന് ആഷാ മേനോന് പറഞ്ഞു. മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ക്രിയാത്മക ഉപകരണം ഭാഷയാണെന്നും ഭാഷയ്ക്കൊപ്പമാണ് സാഹിത്യത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാഷാസിദ്ധി പോലും യന്ത്രങ്ങളിലൂടെ നേടിയെടുക്കാന്‍ സാധിക്കുന്ന പുതിയ കാലത്ത് ഡിജിറ്റല്‍ സാങ്കേതിക വിദ്യ സര്‍ഗാത്മക മേഖലയിലേക്കുകൂടി കടന്നുവരാന്‍ പോകുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച പ്രശസ്ത നിരൂപകനും ആകാശവാണി മുന്‍ ഡയറക്ടറുമായ കെ.എം. നരേന്ദ്രന് ചൂണ്ടിക്കാട്ടി.
മനുഷ്യനെ അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍ ഡിജിറ്റല്‍ യുഗത്തിലെ സര്‍ഗാത്മക പ്രവര്ത്തനത്തിലുണ്ടാകാന് പോകുകയാണ്. പ്രതിഭാശാലികളായ എഴുത്തുകാരിലൂടെ അപൂര്‍വ്വമായി ലഭിച്ചുകൊണ്ടിരുന്ന മികച്ച കഥകളുടെയും നോവലുകളുടെയും സ്ഥാനത്ത് അതേ നിലവാരമുള്ള ആയിരക്കണക്കിന് രചനകള്‍ പുതിയ സാങ്കേതികവിദ്യയിലൂടെ നിമിഷാര്‍ദ്ധംകൊണ്ട് സൃഷ്ടിക്കപ്പെടുകയും എഴുത്തുകാരന് ഇല്ലാതാവുന്ന കാലം വന്നുകൂടായ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഖ്യാനങ്ങളിലൂടെ സമൂഹത്തെ നിയന്ത്രിക്കുന്ന തരത്തില്‍ സാഹിത്യ മേഖലയില്‍ ഗൂഢാലോചന നടക്കുന്ന കാലമാണിതെന്ന് നിരൂപകനും ദല്‍ഹി സര്‍വകലാശാലാ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.പി. ശിവപ്രസാദ് പറഞ്ഞു. സവര്ണന്-അവര്ണന്, ഉള്ളവന്-ഇല്ലാത്തവന്, സ്ത്രീ- പുരുഷന് തുടങ്ങിയ ദ്വന്ദ്വങ്ങളിലൂടെ ആഖ്യാനങ്ങള്‍ സൃഷ്ടിച്ചവര്‍ ഇപ്പോള്‍ ന്യൂനപക്ഷം- ഭൂരിപക്ഷം എന്ന പുതിയ ദ്വന്ദ്വത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ്. ന്യൂനപക്ഷം എല്ലാ നന്മകളുടെയും ഭൂരിപക്ഷം എല്ലാ തിന്മകളുടെയും പക്ഷമാണെന്ന് വ്യാഖ്യാനിക്കുകയാണ് ഇവര്‍. ദ്വന്ദ്വങ്ങളിലൂടെയുള്ള ഇത്തരം ആഖ്യാനനിര്മ്മിതകള്ക്ക് പിന്നിലെ ചതിയെ കുറിച്ച് നാം ബോധവാന്മാരാകണമെന്ന് ശിവപ്രസാദ് പറഞ്ഞു.
സാഹിത്യത്തെ വിലപ്പെട്ടതായി കാണുകയും എഴുത്തുകാരെ ആദരിക്കുകയും ചെയ്തിരുന്ന കാലം റദ്ദുചെയ്യപ്പെട്ടിരിക്കുകയാണെന്ന് എഴുത്തുകാരനും തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷനും സാമൂതിരി ഗുരുവായൂരപ്പന് കോളെജ് മലയാള ഗവേഷണ വിഭാഗം അദ്ധ്യക്ഷനുമായ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന് പറഞ്ഞു. നമ്മുടെയെല്ലാം സ്വകാര്യത നിരീക്ഷിക്കപ്പെടുകയാണെന്ന ഗൂഢാലോചനാസിദ്ധാന്തം സാഹിത്യ രചനകളില്‍ ബോധപൂര്‍വ്വം സന്നിവേശിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ നടന്ന സെമിനാറിന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സ്വാഗതവും തപസ്യ സംസ്ഥാന സമിതിയംഗം ഗോപി കൂടല്ലൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: