മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ വമ്പൻ ഹിറ്റായി പ്രദർശനം തുടരുകയാണ്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കുതിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം ഇതിനോടകം ആഗോള ഗ്രോസ് ആയി 55 കോടിയിലധികം നേടിക്കഴിഞ്ഞു. ലക്കി ഭാസ്കർ നേടുന്ന ഗംഭീര വിജയത്തോടെ തെലുങ്കിൽ തുടർച്ചയായി വിജയം നേടുന്ന ആദ്യത്തെ മലയാള താരം ആയിരിക്കുകയാണ് ദുൽഖർ സൽമാൻ. മാത്രമല്ല, കമൽ ഹാസന് ശേഷം ആദ്യമായാണ് തെലുങ്ക് ഇന്ഡസ്ട്രിക്ക് പുറത്ത് നിന്നെത്തിയ ഒരു താരം അവിടെ തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്നത്.
ദുൽഖർ തെലുങ്കിൽ നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്. നാഗ് അശ്വിൻ ഒരുക്കിയ മഹാനടി എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. 2018 ൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ ജമിനി ഗണേശനായാണ് ദുൽഖർ വേഷമിട്ടത്. വമ്പൻ ഹിറ്റായി മാറിയ ഈ ചിത്രത്തിന് ശേഷം ദുൽഖർ തെലുങ്കിൽ നായകനായി എത്തിയത് സീതാ രാമം എന്ന ചിത്രത്തിലൂടെയാണ്. ഹനു രാഘവപുടി സംവിധാനം ചെയ്ത് 2022 ൽ റിലീസ് ചെയ്ത ഈ റൊമാന്റിക് ഡ്രാമ ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറി.
ഇപ്പോഴിതാ, സീതാ രാമത്തെയും മറികടക്കാൻ കുതിക്കുന്ന ലക്കി ഭാസ്‌കറിലൂടെ തെലുങ്കിൽ ഹാട്രിക്ക് വിജയമെന്ന അപൂർവ റെക്കോർഡാണ് ദുൽഖറിനെ തേടിയെത്തിയിരിക്കുന്നത്. തെലുങ്കിലെ പ്രേക്ഷകരുമായി തനിക്ക് ദൈവികമായ ഒരു ബന്ധമാണ് തോന്നുന്നത് എന്ന് ലക്കി ഭാസ്കറിന്റെ വിജയാഘോഷത്തിൻറെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ ദുൽഖർ വെളിപ്പെടുത്തിയിരുന്നു. ലക്കി ഭാസ്കറിന് ശേഷം പവൻ സാദിനേനി ഒരുക്കുന്ന ‘ആകാസംലോ ഓക താര’ എന്ന തെലുങ്ക് ചിത്രവും ദുൽഖർ സൽമാൻ ചെയ്യുന്നുണ്ട്.
സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ലക്കി ഭാസ്കർ അവതരിപ്പിച്ചിരിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്. മെഗാ വിജയം നേടി മുന്നേറുന്ന ഈ ചിത്രം കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക