ഒട്ടാവ: കാനഡയിലെ ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമെതിരെ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധം വ്യാപകമാകുന്നു. കാനഡയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കഴിഞ്ഞ ദിവസത്തെ അക്രമത്തെ അപലപിച്ച് രംഗത്തെത്തി. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിയര്‍ പോളിയെവ് പറഞ്ഞു.
ഖാലിസ്ഥാന്‍ ഭീകരരുടെ സുരക്ഷിത തുറമുഖമായി കാനഡ മാറുകയാണെന്ന് കനേഡിയന്‍ ടൊറോന്റോ എംപി കെവിന് വോങ് പറഞ്ഞു. ഹിന്ദുക്കളെയും ക്രിസ്ത്യാനികള്‍, ജൂതന്മാര് എന്നിവരെയും സംരക്ഷിക്കുന്നതില്‍ ട്രൂഡോ ഭരണകൂടം പരാജയപ്പെട്ടു. സമാധാനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കാനഡക്കാര്‍ക്കും സ്വതന്ത്രമായി അവരവരുടെ വിശ്വാസം പുലര്‍ത്തുന്നതിനും ആരാധന നടത്തുന്നതിനും സ്വാതന്ത്ര്യമുണ്ടെന്ന് ഹിന്ദുമഹാസഭാ മന്ദിര്‍ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നതായും അക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കനേഡിയന്‍ പോലീസ് വ്യക്തമാക്കി.
അതിനിടെ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയ ഭക്തര്‍ക്ക് നേരെ പോലീസ് അതിക്രമമുണ്ടായി. ഭാരത പതാകയുമായി എത്തിയ പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.
പോലീസ് നടപടിക്കെതിരെയും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കനേഡിയന്‍ മാധ്യമപ്രവര്‍ത്തകനായ ഡാനിയല്‍ ബോഡ്മാന്‍ പോലീസ് അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ദീപാവലി ദിനത്തില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വന്നവരെ ആക്രമിക്കാന്‍ എത്തിയ ഖാലിസ്ഥാനികളെ പോലീസ് സംരക്ഷിച്ചെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: