വായൂപുത്രനായ ഹനൂമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. ഹനൂമാൻ പ്രതിഷ്ഠയുള്ള ക്ഷേത്രദർശനം നടത്തി യഥാവിധി വഴിപാടുകൾ സമർപ്പിച്ചു പ്രാർഥിച്ചാൽ ഫലം ഏറെയാണ്. ഹനുമാൻ ഭക്തർ ഏറെയുള്ളതുകൊണ്ടാകാം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമയും ഇന്ത്യയിലാണ് . ഡൽഹിയിലെ കരോൾ ബാഗിലാണ് ഈ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത് . ലക്ഷക്കണക്കിന് വിഗ്രഹങ്ങളും ലക്ഷക്കണക്കിന് ഹനുമാൻ ക്ഷേത്രങ്ങളും രാജ്യത്തുണ്ടെങ്കിലും കരോൾ ബാഗിൽ സ്ഥിതി ചെയ്യുന്ന ഹനുമാൻ ക്ഷേത്രം രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഹനുമാൻ ക്ഷേത്രങ്ങളിൽ ഒന്നാണ്. അതിന്റെ ദൃശ്യങ്ങൾ നിരവധി സിനിമകളിലും സീരിയലുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
ഈ ക്ഷേത്രം സങ്കട മോചന ഹനുമാൻ ധാം എന്നും അറിയപ്പെടുന്നു. 108 അടി ഉയരമുള്ള ഹനുമാൻ വിഗ്രഹത്താൽ ലോകമെമ്പാടും പ്രശസ്തമാണ് ഈ ക്ഷേത്രം. നെഞ്ച് പിളർന്ന് ശ്രീരാമദർശനം നൽകുന്ന ഹനുമാന്റേതാണ് ഈ വിഗ്രഹം .പണ്ട് ഈ സ്ഥലത്ത് ഒരു ചെറിയ ഹനുമാൻ വിഗ്രഹവും ശിവന്റെ വിഗ്രഹവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ഒരിക്കൽ ശ്രീ മഹന്ത് നാഗ് ബാബ സേവാഗിർ മഹാരാജ് അവിടെ തപസ്സുചെയ്യുമ്പോൾ, ഭഗവാൻ ഹനുമാൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവിടെ ഒരു വലിയ വിഗ്രഹം സ്ഥാപിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഇതോടെ ഈ സ്വപ്നം കണ്ട സ്ഥലത്ത് ഒരു ഹനുമാൻ ക്ഷേത്രം നിർമ്മിക്കാൻ അദ്ദേഹം തീരുമാനിച്ചു. 1994 ൽ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചു. പൂർത്തിയാകാൻ ഏകദേശം 13 വർഷമെടുത്തു.
ഹനുമാൻ ജയന്തിക്ക് പുറമേ, രാമനവമി, ശിവരാത്രി, നവരാത്രി, ജന്മാഷ്ടമി തുടങ്ങിയ ഉത്സവങ്ങളും ഈ ക്ഷേത്രത്തിൽ ഗംഭീരമായി ആഘോഷിക്കപ്പെടുന്നു. വൈകുന്നേരം ആരതി സമയത്ത്, ഹനുമാൻ വിഗ്രഹത്തിന്റെ നെഞ്ച് തുറക്കുന്നു. ഈ സമയത്ത് ഭക്തർക്ക് ശ്രീരാമന്റെയും സീതാദേവിയുടെയും വിഗ്രഹങ്ങൾ കാണാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: