കോഴിക്കോട്:അജണ്ട നിശ്ചയിക്കുന്നവര്‍ക്കേ ചരിത്രം സൃഷ്ടിക്കാനാകുവെന്ന് ഗോവാ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള. കേരളത്തിലെ സാമൂഹ്യ രാഷ്‌ട്രീയ അജണ്ട നിശ്ചയിക്കുന്നതില്‍ ജന്മഭൂമി നിര്‍ണായക പങ്ക് വഹിക്കുന്നു. ജന്മഭൂമിയില്‍ വന്ന വാര്‍ത്തയുടെ പിന്നാലെ മറ്റ് മാധ്യമങ്ങള്‍ പോകുന്ന സാഹചര്യമാണ്. ജന്മഭൂമി സുവര്‍ണജയന്തി ആഘോഷവേദിയില്‍ ‘മീറ്റ് ദ ഗവര്‍ണര്‍’ പരിപാടിയില്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.
ജന്മഭൂമിക്ക് മഹത്തായ പാരമ്പര്യമാണുള്ളത്. കേരളത്തിന്റേയും ദേശീയ രാഷ്‌ട്രീയത്തിന്റേയും ധാരകളെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കാന്‍ പത്രത്തിന് കഴിയുന്നു.
ദേശീയ പ്രാധാന്യമുള്ള പല വാര്‍ത്തകളും പ്രസിദ്ധീകരിക്കാത്ത അപകടകരമായ പ്രവണത ഇന്നുണ്ട്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം അത്തരത്തില്‍ പുറത്തു വരാത്ത ഒന്നാണ്. സ്വന്തം ജനതയ്‌ക്കുനേരെ പട്ടാളത്തെക്കൊണ്ട് താന്‍ വെടി വെയ്‌പ്പിക്കില്ല എന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ആരാധനാലയങ്ങളില്‍ വെടിയൊച്ച കേള്‍ക്കുന്നത് ഇഷ്ടപ്പെടുന്നില്ലന്നും അദ്ദേഹം പറഞ്ഞു. ഇതു രണ്ടും ചെയ്ത ഭരണകൂടങ്ങള്‍ നമുക്കുണ്ടായിരുന്നു. അന്നത്തേയും ഇന്നത്തേയും സര്‍ക്കാറുകളെ താരതമ്യം ചെയ്യണമെങ്കില്‍ ഇക്കാര്യങ്ങള്‍ ജനം അറിയണം. അതിന് മാധ്യമങ്ങള്‍ അവസരം നല്‍കുന്നില്ല. ശ്രീധരന്‍ പിള്ള പറഞ്ഞു.
കൂട്ടക്കൊല നടത്താതെ ജനാധിപത്യത്തെ നശിപ്പിച്ച് എങ്ങനെ ഏകാധിപത്യം കൊണ്ടുവരാം എന്നതിന്റെ തെളിവായിരുന്നു അടിയന്താരാവസ്ഥ. അതിനെ ചെറുത്തു തോല്‍പ്പിച്ചത് മലയാളികളൊക്കെ വിവരമില്ലന്ന് ആക്ഷേപിക്കുന്ന ഉത്തരേന്ത്യയിലെ ജനങ്ങളാണ്. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ സീറ്റും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാര്‍ട്ടിക്കാണ് കിട്ടിയത്. കര്‍ണാടക, ആന്ധ്ര, തമിഴ് നാട് , ഗോവ സംസ്ഥാനങ്ങളിലും ബഹൂഭൂരിപക്ഷം സീറ്റും അടിന്തരാവസ്ഥയെ പിന്തുണച്ചവര്‍ നേടി. എന്നാല്‍ ഉത്തരേന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥയ്‌ക്ക് മുന്‍പ് ആകെയുണ്ടായിരുന്ന 234 സീറ്റില്‍ 222 ഉം കോണ്‍ഗ്രസിനായിരുന്നു. അടിയന്തരാവസ്ഥയക്ക് ശേഷം അതില്‍ വെറും രണ്ടു സീറ്റാണ് കിട്ടിയത്. ഇന്ന് ഭാരതത്തെ ജനാധിപത്യത്തിന്റെ മാതാവായി ലോകം അംഗികരിക്കുമ്പോള്‍ അടിയന്തരാവസ്ഥയുടെ കാലം മറന്നു കൂടാ- ഗോവാ ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ എന്ന നിലയില്‍ മിസോറാമിലേയും ഗോവായിലേയും വികസനക്കുതിപ്പ് അടുത്തുനിന്നു കണ്ട അനുഭവവും അഡ്വ പി എസ് ശ്രീധരന്‍ പിള്ള പങ്കുവെച്ചു. 36 വര്‍ഷം ഇന്ത്യയ്‌ക്കെതിരെ ആയുധമെടുത്ത് പോരാടിയ ആളാണ് മിസോറാം മുഖ്യമന്ത്രി. ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമൊക്കെ ആയുധങ്ങള്‍ കൊണ്ടു വന്ന് കലാപം ഉണ്ടാക്കി. ഏറ്റവും കുറച്ച് വികസനം എത്തിയിരുന്ന സംസ്ഥാനം. ടാര്‍ റോഡില്ലാത്ത ജില്ലകള്‍. ഇന്ന് അവസ്ഥമാറി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെയോ ഒരു പടി മുന്നിലോ മിസോറാമില്‍ വികസനം നടക്കുന്നു. രാജ്യത്തിന്റെ ആകെ വരുമാനത്തില്‍ 3 ശതമാനം മാത്രം പങ്കാളിത്തം വഹിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി വരുമാനത്തിന്റെ 10 ശതമാനം ചെലവിടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം മേഖലയുടെ മുഖച്ഛായമാറ്റി.
ഏറ്റവും കൂടുതല്‍ ആളോഹരി വരുമാനമുള്ള സംസ്ഥാനമാണ് ഗോവ. കേരളത്തെപ്പോലെ കാര്‍ഷക മേഖലയെ ഉള്‍ക്കൊള്ളുന്നതില്‍ ഗോവയും പിന്നോട്ടുപോയി. നാളികേരവും നെല്‍കൃഷിയും എല്ലാം നശിച്ചു. എന്നാല്‍ ഇപ്പോള്‍ വികസനകാര്യത്തില്‍ വിസ്മയം സൃഷ്‌ട്രിക്കുകയാണ് ഈ കൊച്ചു സംസ്ഥാനം. കേന്ദ്രത്തിന്റെ ഉദാരസമീപനം മൂലം ടൂറിസം മേഖലയില്‍ ഉണ്ടായിരിക്കുന്ന വികസനം ഗോവയെ ഈ രംഗത്തെ ഒന്നാമെതത്തിച്ചു- ശ്രീധരന്‍ പിള്ള പറഞ്ഞു.
മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മലയാള വിഭാഗം മുന്‍ മേധാവി പ്രൊഫ. കെ വി തോമസ് അധ്യക്ഷം വഹിച്ചു. ഗുരുവായൂരപ്പന്‍ കോളേജ് മലയാള വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ സ്വാഗതവും സന്തോഷ് നായര്‍ നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: