കേരളത്തിലെ തെരഞ്ഞെടുപ്പിലോ ഉപതെരഞ്ഞെടുപ്പിലോ ബിജെപി വിജയിക്കാന്‍ സാധ്യതയുണ്ട് എന്നു കണ്ടാല്‍ തോല്‍പ്പിക്കാന്‍ ഇടതു വലതു മുന്നണികള്‍ സ്ഥിരമായി അനുവര്‍ത്തിക്കുന്ന ചില തന്ത്രങ്ങളുണ്ട്. ബിജെപിയും ഇടതുമുന്നണിയും തമ്മില്‍ ധാരണയുണ്ടെന്ന് വലതുപക്ഷവും, ബിജെപിയും വലതുപക്ഷവും തമ്മില്‍ ധാരണയുണ്ടെന്ന് ഇടതുപക്ഷവും പ്രചരിപ്പിക്കുകയാണ് ആദ്യത്തെ പടി. ഇരുമുന്നണികളുമായും ബിജെപിക്ക് രഹസ്യധാരണയുണ്ടെന്ന് പ്രചരിപ്പിക്കുകയാണ് അടുത്തത്. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെ തോല്‍പ്പിക്കാനും പാലക്കാട്ട് ഇ. ശ്രീധരനെ തോല്‍പ്പിക്കാനും ഈ അടവ് ഉപയോഗിച്ചു. ഇത്തവണ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലും ഇതേ നടപടി ഇരു മുന്നണിയും ആവര്‍ത്തിച്ചിരുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി ചേരിമാറി എത്തിയ പഴയ കോണ്‍ഗ്രസ് നേതാവ് ഡോ. പി സരീന്, ഷാഫി പറമ്പിലിന് ഇടതുമുന്നണി വോട്ട് ചെയ്തകാര്യം തുറന്നുപറയുകയും ചെയ്തു. ഇടതു-വലതു മുന്നണികള്‍ തമ്മിലുള്ള ഈ അന്തര്‍ധാര കഴിഞ്ഞ കുറച്ചുകാലമായി ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ വേണ്ടി സ്ഥിരമായി ഉപയോഗിക്കുന്നതാണ്.
ഇക്കുറി പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന് വിജയസാധ്യതയുണ്ടെന്ന് ഇരു മുന്നണികളും തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഇപ്പോള്‍ കൊടകര പ്രശ്നവുമായി ബിജെപിയെ പ്രതിക്കൂട്ടിലാക്കാന്‍ ഇടതു വലതുമുന്നണികള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നിട്ടുള്ളത്. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളിലെ പ്രധാന ചര്‍ച്ചാവിഷയവും വിലയിരുത്തലും കൊടകരയില്‍ ഉണ്ടായെന്ന് ആരോപിക്കപ്പെടുന്ന കുഴല്‍പ്പണത്തിന്റെ വിഷയമാണോ? കൊടകരപ്രശ്നം 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായതായി ആരോപിക്കപ്പെടുന്നതാണ്. ഇപ്പോഴത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും വയനാട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഈ പ്രശ്നത്തിന് എന്താണ് പ്രസക്തി. കഴിഞ്ഞ എട്ടുവര്‍ഷമായി കേരളം ഭരിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങളും സ്വജനപക്ഷപാതവും അഴിമതിയും ധൂര്‍ത്തും ഒക്കെയല്ലേ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും പരിഗണനാവിഷയമാകേണ്ടതും.
വയനാടാകട്ടെ, കേരളത്തിലെ ജനങ്ങളുടെ മേല്‍ സ്വന്തം നികുതിപ്പണം ദുര്‍വ്യയം ചെയ്ത് ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതാണ്. റായ്ബറേലിയില്‍ വിജയിച്ചില്ലെങ്കില്‍ പാര്‍ലമെന്റില്‍ എത്താനുള്ള ബദല്‍ സുരക്ഷിത സംവിധാനം എന്ന നിലയില്‍ മാത്രമാണ് വയനാടിനെ രാഹുല്‍ കണ്ടത്. അതിന്റെ മാത്രം ഫലമായി അടിച്ചേല്‍പ്പിച്ചതാണ് ഈ ഉപതെരഞ്ഞെടുപ്പ്. ഉത്തരേന്ത്യയില്‍ എവിടെയും വിജയിക്കാന്‍ സാധ്യതയില്ലാത്ത പ്രിയങ്കയെ പാര്‍ലമെന്റില്‍ എത്തിക്കാനുള്ള കുറുക്കുവഴിയാണ് വയനാട്. ആങ്ങള നിന്ന് ഒഴിവായ മണ്ഡലത്തില്‍ പെങ്ങളെ നിര്‍ത്തി വിജയിപ്പിക്കാനുള്ള ശ്രമം വയനാട് കുടുംബസംവരണ സീറ്റാണോ എന്ന സംശയമാണ് ഉയര്‍ത്തിയിട്ടുള്ളത്. മാത്രമല്ല, കോണ്‍ഗ്രസ് മത്സരിക്കുന്നതാകട്ടെ കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇന്‍ഡി മുന്നണിയുടെ ഘടകകക്ഷിയായ സിപിഐയിലെ സത്യന് മൊകേരിയോടും. വ്യക്തിപരമായി പ്രിയങ്കയെക്കാള്‍ എത്രയോ മികച്ചതാണ് സത്യന് മൊകേരി. കോണ്‍ഗ്രസ് നേതാക്കളെ കണ്ടാല്‍ ഇപ്പോഴും മുട്ടിടിക്കുന്ന ദല്‍ഹി ഇന്‍ഡി മുന്നണി നേതാവ് ബിനോയ് വിശ്വം ഒഴികെ മറ്റാരും തന്നെ പ്രിയങ്കയെ വലിയ ആളായി കാണുന്നുമില്ല. പക്ഷേ, സിപിഐയും ഇടതുമുന്നണിയും പ്രിയങ്കയ്ക്കെതിരെ നടത്തുന്നത് സൗഹാര്ദ്ദമത്സരമാണെന്ന് അറിയാവുന്നതുകൊണ്ടുതന്നെ പാവം സത്യന് മൊകേരിയുടെ കാര്യം ഇത്തവണയും കട്ടപ്പുകയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സത്യന് മൊകേരിക്കുവേണ്ടി എത്ര സിപിഎം നേതാക്കള്‍ ആത്മാര്‍ത്ഥമായി രംഗത്തുണ്ടെന്ന് പരിശോധിച്ചാല്‍ മാത്രം മതി ഇക്കാര്യത്തിലെ ഇടതുമുന്നണിയിലെ പടലപ്പിണക്കവും സിപിഎം നിലപാടും മനസ്സിലാക്കാന്‍.
കൊടകര കേസില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശമനുസരിച്ച് പടച്ചുകൂട്ടിയിട്ടുള്ള ഒരു കേസ് മാത്രമാണ് നിലവിലുള്ളത്. ഹവാല പണം വന്നു, തെരഞ്ഞെടുപ്പിന് ചാക്കില്‍ക്കെട്ടി പണം കൊണ്ടുവന്നു തുടങ്ങിയ കഥകള്‍ കേള്‍ക്കാന്‍ നല്ല സുഖമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മെനഞ്ഞെടുക്കുന്ന കഥകള്‍ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉള്ളതാണ്. ഒരു ബക്കറ്റ് പിരിവ് നടത്തിയിട്ട് കോടിക്കണക്കിന് രൂപ വന്നു എന്നുപറഞ്ഞ് കള്ളപ്പണം വെളുപ്പിക്കുന്ന പതിവ് സിപിഎം നാടകം എല്ലാവര്ക്കും അറിയാവുന്നതാണ്. കരുവന്നൂര്‍ സഹകരണ ബാങ്കിലേക്കും അവിടുത്തെ ഇടപാടുകളിലേക്കും ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണവും വിദേശഫണ്ടും അടക്കമുള്ള കാര്യങ്ങളില്‍ കേരള പോലീസ് എന്തുചെയ്തു എന്ന ചോദ്യമാണ് ഇവിടെ പ്രധാനമായും ഉയരുന്നത്. കേരളത്തിലെ അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമായ സാധാരണ കര്‍ഷകരും തൊഴിലാളികളും ഓട്ടോറിക്ഷക്കാരും ഒക്കെ അടങ്ങിയ, കമ്മ്യൂണിസ്റ്റ് ഭാഷയില്‍ പറഞ്ഞാല്‍ പ്രോലിറ്റേറിയന്‍ വിഭാഗത്തിന്റെ നിക്ഷേപമാണ് കരുവന്നൂരിലും കണ്ടലയിലും നേമത്തും ഒക്കെ കൊള്ളയടിക്കപ്പെട്ടിട്ടുള്ളത് എന്നകാര്യം മറക്കാന്‍ കഴിയുമോ. കേരള നിയമസഭയിലേക്കുള്ള പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ സഹകരണമേഖലയിലെ ഈ കൊള്ളയും ക്രമക്കേടും അതിന് സിപിഎം സംസ്ഥാന നേതൃത്വവും ഭരണകൂടവും നടത്തിയ ഒത്താശയും അഴിമതിയും അല്ലേ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
പാലക്കാട്ട് വാളയാര്‍ പെണ്‍കുട്ടികളെ കൊന്നുകെട്ടിത്തൂക്കിയ കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ സിപിഎം നടത്തിയ ശ്രമങ്ങളും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചതും ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ? പട്ടികജാതിക്കാരായ പിഞ്ചുകുട്ടികളെ ലൈഗിക പീഡനം നടത്തി ഇല്ലാതാക്കിയ കേസില്‍ പോലും ഇരകള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ നിന്നിട്ടില്ല എന്നകാര്യം വ്യക്തമാണ്. അവിടെ പ്രതികളെ രക്ഷിക്കാനും കേസ് ഒതുക്കിത്തീര്‍ക്കാനും ഇരകള്‍ക്ക് നീതി ലഭിക്കാതിരിക്കാനുമാണ് സിപിഎം നേതാക്കള്‍ പ്രവര്‍ത്തിച്ചത്. ഇക്കാര്യം എന്തുകൊണ്ട് പാലക്കാട്ട് പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്തുകൂടാ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണസ്വാധീനത്തിന്റെ പേരില്‍ മകളുടെ വ്യവസായത്തിനും സ്ഥാപനത്തിനും കോടിക്കണക്കിന് രൂപ കോഴപ്പണം നല്കിയ കൊച്ചി സി എം ആര് എല്‍ ഇടപാടും അവരുടെ സ്ഥാപനം നടത്തിയ വഴിവിട്ട ഇടപാടുകളും കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇന്നുവരെ ചെയ്തിട്ടില്ലാത്തതാണ്. രാഷ്ട്രീയം ജീവനോപാധിയാവുകയും അത് കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിക്കാനുള്ള കുറുക്കുവഴിയാവുകയും ചെയ്യുന്ന ഭരണസംവിധാനവും ഭരണകൂടവും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമല്ലേ? അതിനുപകരം കൊടകരയില്‍ കുഴല്‍പ്പണം വന്നു ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ട് എന്നുപറഞ്ഞ് ആരോപണമുന്നയിക്കാനും പുകമറ സൃഷ്ടിക്കാനുമാണ് കോണ്‍ഗ്രസ് സിപിഎം നേതൃത്വത്തില്‍ യുഡിഎഫും എല്‍ഡിഎഫും ശ്രമിക്കുന്നത്.
ഒരു ഓഫീസ് സെക്രട്ടറിയോ അല്ലെങ്കില്‍ എന്തെങ്കിലും വ്യക്തിപരമായ പ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ സംഘടനയില്‍നിന്ന് പുറത്തുപോകുന്നവരോ മറ്റുള്ളവരുടെ ചട്ടുകമായി സൃഷ്ടിക്കുന്ന കെട്ടുകഥകള്വച്ച് ബിജെപി നേതൃത്വത്തിലുള്ളവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് മുഖ്യമന്ത്രി പിണറായി വിജയനും കേരള പോലീസും ശ്രമിക്കുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ സാക്ഷിയാക്കിയിട്ട് പോലും പ്രതിയാണെന്ന് വരുത്തിത്തീര്‍ത്ത് വാര്‍ത്ത സൃഷ്ടിക്കുന്നതിനുള്ള പ്രചോദനവും ഇതുതന്നെയല്ലേ? ഈ ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങളെ ബാധിക്കുന്ന ചര്‍ച്ചാവിഷയവും ഇതല്ല. കര്‍ണാടകത്തില്‍ നിന്ന് പണം വന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കാനുള്ള നിയമാനുസൃത സംവിധാനം ഇവിടെയുണ്ട്. കേട്ടുകേള്‍വികളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തില്‍ കേസെടുക്കുന്ന കൂട്ടിലിട്ട തത്തയല്ല ഇപ്പോഴത്തെ സംവിധാനം എന്ന് ഓര്‍മ്മിക്കണം. പിണറായി വിജയനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പോലും വ്യക്തമായ രേഖകളും തെളിവുകളും ഉള്ള കേസുകളില്‍ മാത്രമേ തുടരേന്വേഷണം ഉണ്ടായിട്ടുള്ളൂ എന്നകാര്യം മറക്കരുത്. ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം. ആരോപണങ്ങള്‍ ഉന്നയിച്ച് പൊതുജനങ്ങളെ ബാധിക്കുന്ന ജനകീയ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ മാറ്റുന്നതിന് പകരം വാളയാര്‍ പെണ്‍കുട്ടികളുടെ ജീവിതവും ഭരണകൂടത്തിന്റെ അനാസ്ഥയും അഴിമതിയും മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന്റെ പണം വരവും ഒക്കെ തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ കേരളം ചര്‍ച്ച ചെയ്യേണ്ടത്. ഇ. ശ്രീധരന് നിയമസഭയില്‍ ഉണ്ടാകുമായിരുന്നെങ്കില്‍ അതിന്റെ അന്തസ്സ് എത്രമാത്രം ഉയരുമായിരുന്നു. കേരളത്തിന്റെ വികസന പ്രശ്നങ്ങളില്‍ ഒരു പുതിയ പരിപ്രേഷ്യം സൃഷ്ടിക്കാന്‍ ആകുമായിരുന്നു. ഇനിയും അബദ്ധം പറ്റാതിരിക്കാനെങ്കിലും കേരളത്തിലെ പൊതുസമൂഹം വിവേകം കാട്ടുമെന്ന് പ്രതീക്ഷിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: