Article

വിദ്യാഭ്യാസ ഗുണനിലവാരം: പ്രശ്‌നങ്ങളും പരിഹാരങ്ങളും

Published by

കേരളത്തിലെ വിദ്യാഭ്യാസ നിലവാരം കുത്തനെ താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന വിമര്‍ശനം ഏതാനും വര്‍ഷമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇത് വസ്തുനിഷ്ഠമായി അപഗ്രഥിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ കേരളത്തില്‍ ആരും മുന്നോട്ടു വന്നിട്ടില്ല. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത് മുമ്പ് നിലവില്‍ ഉണ്ടായിരുന്ന സബ്ജക്ട് മിനിമം എന്ന നിബന്ധന പരീക്ഷകള്‍ക്ക് ബാധകമാക്കും എന്നാണ്. അതിലൂടെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കും എന്നാണ് അദ്ദേഹം പറയുന്നത്.. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറഞ്ഞിട്ടുണ്ട് എന്ന വസ്തുതയും ഇപ്പോഴുള്ള സമീപനം അതിനുള്ള കാരണമാണെന്നുള്ള തിരിച്ചറിവും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഉണ്ടായത് ഏതായാലും ആശാവഹമാണ്. കഴിഞ്ഞവര്‍ഷമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഈ കാര്യം വകുപ്പുതല യോഗത്തില്‍ അവതരിപ്പിച്ചത്. അത് വലിയ വിവാദങ്ങള്‍ക്കും പൊതു ചര്‍ച്ചയ്‌ക്കും ഇടയാക്കിയിരുന്നു. അന്താരാഷ്‌ട്ര ഹോട്ടലുകളെ വെല്ലുന്ന നിലവാരത്തിലേക്ക് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം ഉയര്‍ന്നു എന്നുള്ള വീരവാദമുയര്‍ത്തിയാണ് അന്ന് നമ്മുടെ വിദ്യാഭ്യാസ മന്ത്രി അതിനെ പ്രതിരോധിച്ചത്. കൊറോണ കാലത്ത് മൂല്യനിര്‍ണയത്തില്‍ ഉണ്ടായ പാകപ്പിഴകള്‍ എല്ലാം പരിഹരിച്ച് ഇപ്പോള്‍ കൃത്യവും സുതാര്യവുമായ മൂല്യനിര്‍ണയത്തിലൂടെയാണ് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കുന്നത് എന്നാണ് മന്ത്രിയുടെ വ്യാഖ്യാനം.
നിലവാരത്തകര്‍ച്ചയുടെ കാരണം എന്ത്?

ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പിലാക്കിയ വീണ്ടുവിചാരമില്ലാത്ത പദ്ധതികളും സമീപനങ്ങളുമാണ് കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയ്‌ക്ക് കാരണമായത് എന്ന വസ്തുത അംഗീകരിക്കാതെ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം തിരിച്ചു പിടിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം വാര്‍ഷിക ബോര്‍ഡ് പരീക്ഷയിലെ വിജയ ശതമാനമാണ് എന്ന ധാരണ തന്നെ തെറ്റാണ്. മിനിമം മാര്‍ക്ക് എന്ന സംവിധാനം ഒരുക്കി ഒരു വലിയ വിഭാഗത്തെ തോല്‍പ്പിച്ചാല്‍ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം ഉയര്‍ന്നതാണ് എന്ന് നിശ്ചയിക്കാന്‍ സാധിക്കുമോ?

മിനിമം മാര്‍ക്ക് എന്ന ഉപാധി തിരിച്ചുകൊണ്ടുവന്നാല്‍ പരീക്ഷയില്‍ തോല്‍ക്കുന്നത് ഒരു പ്രത്യേക വിഭാഗം ആയിരിക്കുമെന്നും അത് ആ വിഭാഗത്തെ മാനസികമായി തകര്‍ക്കുമെന്നുമുള്ള വാദത്തോടെയാണ് ഇടതുപക്ഷത്തെ തന്നെ പ്രബല സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത്. ”ആള്‍ പാസ്” സംവിധാനത്തിലൂടെ കഴിഞ്ഞ നിരവധി വര്‍ഷമായി സമൂഹത്തിലെ സാമൂഹിക- സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ അല്ലേ ”പത്താം ക്ലാസ് പാസാക്കി” എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്? കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് എത്ര വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി പത്താം ക്ലാസ് പരീക്ഷ പാസായിട്ടുണ്ട്?

സൗജന്യ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളില്‍ ഏര്‍പ്പെടുത്തി സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ 9, 10 ക്ലാസുകളിലേക്ക് ആകര്‍ഷിച്ച് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തങ്ങളുടെ ഇടപെടലിലൂടെ ഉയര്‍ത്തി എന്ന് കാണിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഗൂഢ പദ്ധതിയാണ് കേരള ബോര്‍ഡ് പരീക്ഷയിലൂടെ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് മുന്‍ഗണന എന്ന നിബന്ധന. പ്ലസ് വണ്‍, പ്ലസ് ടു തലത്തില്‍ കേരളവും എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ തന്നെ പിന്തുടരുന്നതിനാല്‍ ഫീസ് കൊടുത്ത് എന്തിന് സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിപ്പിക്കണമെന്നതാണ് രക്ഷകര്‍ത്താക്കളുടെ ചിന്ത. ഇത് ന്യായവും ആണ്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ട ശാസ്ത്രീയമായ സമീപനങ്ങളും പദ്ധതികളും അനുവര്‍ത്തിച്ചാല്‍ കേരളത്തിലെ പൊതുസമൂഹം പൊതുവിദ്യാലയങ്ങളെ തന്നെ സ്വീകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിന് സൗജന്യ ഇംഗ്ലീഷ് മീഡിയം പഠനം, ”ആള്‍ പാസ്” എന്ന തട്ടിപ്പുമല്ല നടപ്പാക്കേണ്ടത്.

കേരളത്തിലെ വിദ്യാഭ്യാസ ഗുണനിലവാരം കുറഞ്ഞു എന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ സെക്രട്ടറിയും അതിന് അടിസ്ഥാനമായ പഠന റിപ്പോര്‍ട്ട് കൂടി പുറത്തു വിടണം. കൂടാതെ, 2005 ലെ പാഠ്യപദ്ധതി പരിഷ്‌കരണത്തോടെ ആരംഭിച്ച നിരന്തര മൂല്യനിര്‍ണയ പദ്ധതി രണ്ടു വര്‍ഷത്തിനുള്ളില്‍ കാറ്റില്‍ പറത്തിയത് ആരുടെ സമ്മര്‍ദത്താല്‍ ആണെന്നും വ്യക്തമാക്കണം. കുട്ടികളുടെ പ്രൊഫൈല്‍ എന്ന സംവിധാനം എങ്ങനെയാണ് പൊതുവിദ്യാലയങ്ങളില്‍ ഇല്ലാതായത്. നിരന്തര മൂല്യനിര്‍ണയത്തിനുള്ള ഇടം എങ്ങനെ മാര്‍ക്ക് ദാനത്തിന്റെ ഇടമായി മാറി എന്നും ഏത് സാഹചര്യത്തിലാണ് അത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടത് എന്നും വ്യക്തമാക്കണം. കലാ, കായിക രംഗത്ത് മികവിന് ലഭിക്കുന്ന സ്ഥാനം മാര്‍ക്കാക്കി മറ്റു വിഷയങ്ങളിലേക്ക് ചേര്‍ത്തു നല്‍കുന്ന സമ്പ്രദായത്തിന്റെ യുക്തി എന്താണ്? ആരാണ് അതിന്റെ ഉപജ്ഞാതാക്കള്‍? ലളിതഗാനത്തിനോ ശാസ്ത്രീയ സംഗീതത്തിനോ കഥകളിയിലോ മറ്റേതെങ്കിലും കായിക ഇനത്തിലോ മികവു കാണിക്കുന്ന കുട്ടിയുടെ മികവ് തന്റെ പഠന നിലവാര രേഖയില്‍ അത്ര പോലെ കാണിക്കുന്നതിന് പകരം 30 മാര്‍ക്ക് ആയി മാറ്റി ബോര്‍ഡ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിഷയത്തില്‍ ചാലിച്ച് നല്‍കുന്ന രീതി എങ്ങനെ പ്രബുദ്ധ കേരളത്തിലെ വിദ്യാഭ്യാസ ചിന്തകര്‍ സ്വീകരിച്ചു ? ഇതിനുപുറമേ എന്‍എസ്എസ്, എസ് പി സി, ജെ ആര്‍ സി, ലിറ്റില്‍ കൈറ്റ്‌സ് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ക്ക് ലഭിക്കുന്ന സാമൂഹ്യ സേവന പരിശീലന പ്രവര്‍ത്തനങ്ങളെ മാര്‍ക്കാക്കി നല്‍കി അതും മറ്റു വിഷയങ്ങളില്‍ ചേര്‍ക്കുന്നതിന്റെ തന്ത്രം എന്താണ്? കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഇന്ന് പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളുടെ പങ്ക് 60 ശതമാനം ഇംഗ്ലീഷ് മീഡിയം ആയത് എങ്ങനെയാണ്? ശാസ്ത്രീയമായ മാതൃഭാഷ ബോധനത്തെ എങ്ങനെ കേരളം അട്ടിമറിച്ചു? അത് നമ്മുടെ വിദ്യാഭ്യാസ ഗുണ നിലവാരത്തെ എങ്ങനെ സ്വാധീനിച്ചു? ഇപ്രകാരം 60 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറിയപ്പോള്‍ ആ ക്ലാസുകളില്‍ എത്ര എസ് സി, എസ് ടി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്? കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ അപചയത്തിന്റെ കാരണങ്ങളിലേക്ക് നാം ഇറങ്ങിയാല്‍ ഇങ്ങനെ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ഉണ്ടാകും. ഉത്തരം ചെന്ന് വിരല്‍ചൂണ്ടുന്നത് ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ വഞ്ചനയുടെ നെഞ്ചത്തേക്ക് ആകുമ്പോള്‍ അതില്‍ നിന്നും രക്ഷനേടാന്‍ കാലഹരണപ്പെട്ട സിദ്ധാന്തവുമായി മുഖ്യമന്ത്രി തന്നെ രംഗത്ത് വരുന്നത് അപഹാസ്യമാണ്.
പരിഹാരമില്ലേ?

പരീക്ഷ, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തിട്ടപ്പെടുത്തുന്നതിനാണോ അതോ ക്ലാസ് കയറ്റം നല്‍കുന്നതിനാണോ എന്ന് ആദ്യം തീരുമാനിക്കണം. ഗുണനിലവാരം തിട്ടപ്പെടുത്തുന്നതിനാണെങ്കില്‍ പഠന ഗുണനിലവാരം എന്താണെന്ന് നിര്‍വചിക്കണം. പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങളില്‍ നിന്നു വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ഓര്‍ത്തെടുത്ത് എഴുതുന്നതാണ് ഗുണനിലവാരം എന്ന ചിന്ത തന്നെയാണോ ഇന്നുമുള്ളത്. വിദ്യാഭ്യാസത്തെ റോട്ട് മെമ്മറിയില്‍ നിന്നും അനുഭവജ്ഞാനത്തിലേക്കും യുക്തിചിന്തയിലേക്കും നൈപുണ്യ വികസനത്തിലേക്കും മൂല്യാധിഷ്ഠിത ജീവിതത്തിലേക്കും ഉയര്‍ത്തുക എന്നുള്ളതാണ് ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്‌ക്കുന്ന സമീപനം. അതുകൊണ്ടുതന്നെ ഇവിടെ വിദ്യാഭ്യാസം പഠന ലക്ഷ്യം (Learning objectives) എന്നതില്‍ നിന്നും പഠനഫലത്തിലേക്ക് (Learning outcome) ഊന്നല്‍ മാറ്റുന്നു. ഇതിനെ കോംബിറ്റന്‍സി ( കഴിവ് /ശേഷി) അടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസസം എന്നാണ് പറയാറ്. അതുകൊണ്ട് മൂല്യനിര്‍ണയവും കോംബിറ്റന്‍സി അടിസ്ഥാനപ്പെടുത്തി തന്നെ ആയിരിക്കണം. അത്തരം സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി പറയുന്ന സബ്ജക്ട് മിനിമം എന്നുള്ളത് അപ്രസക്തവും അയുക്തവുമാണ്. കുട്ടി നേടുന്ന അറിവും കഴിവും ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ എത്രത്തോളം പ്രാപ്തിയുണ്ട് എന്നാണ് വിലയിരുത്തേണ്ടത്. സ്വജീവിതത്തിലെ മൂല്യമായും സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ചാലക ശക്തിയായും അറിവ് മാറുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ഉദാഹരണത്തിന് ശാസ്ത്രീയമായ ഭക്ഷണത്തെക്കുറിച്ച്/ സമീകൃത ആഹാരത്തെക്കുറിച്ച് പഠിക്കുന്ന കുട്ടി ആ ഭാഗത്തുനിന്നും വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാന്‍ പ്രാപ്തി നേടിയിട്ടുണ്ടോ എന്നതിനേക്കാള്‍ അത്തരം അറിവുകള്‍ ജീവിതത്തില്‍ പകര്‍ത്തുന്നുണ്ടോ എന്നതിനാവണം പ്രാധാന്യം. അതുകൊണ്ട് ഇവിടെയും മാര്‍ക്കിങ്ങിന് വലിയ പരിമിതികള്‍ ഉണ്ട്. ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്തേക്കാള്‍ കുറവാണ് ചന്ദ്രന്റെതെന്ന് പഠിക്കുന്ന കുട്ടിയോട് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണബലം ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്തിന്റെ എത്ര ഭാഗമാണ് എന്ന് ഓര്‍മ്മ പരിശോധിക്കുന്ന ഇന്നത്തെ മൂല്യനിര്‍ണയ ഉപാധിയില്‍ നിന്നും മാറണം. ചന്ദ്രനില്‍ പോയി തന്റെ കയ്യിലുള്ള പേന വിട്ടുകളഞ്ഞാല്‍ എന്ത് സംഭവിക്കും എന്ന ചിന്തോദ്ദീപകമായ ചോദ്യങ്ങള്‍ക്കാണ് ഇവിടെ സാധ്യത.

വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും സമീപനത്തിലും മൂല്യനിര്‍ണയ ഉപാധികളിലും വരുത്തുന്ന പരിവര്‍ത്തനത്തെ പതിറ്റാണ്ടുകള്‍ക്ക് ശേഷം വിലയിരുത്തി അബദ്ധമായിരുന്നു എന്ന് പരിതപിക്കുന്ന രീതി, തലമുറകളെയാണ് നശിപ്പിക്കുന്നത്. അതിനാലാണ് ഇത്തരം വിലയിരുത്തലുകളും നിരന്തരമായി നടത്തണമെന്ന ഉദ്ദേശത്തോടുകൂടി ദേശീയ വിദ്യാഭ്യാസ നയം PARAKH ( Performance Assessment, Review and Analysis of knowledge for Holistic Development)എന്ന ആശയം മുന്നോട്ട് വെക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിരന്തരം വിലയിരുത്തുന്നതിനും അവലോകനം ചെയ്യുന്നതിനും വേണ്ടി ഈ സംവിധാനം എന്‍സിഇആര്‍ടി ക്ക് കീഴില്‍ 2023-ല്‍ ആരംഭിച്ചു. സംസ്ഥാനങ്ങളുടെയും വിവിധ പരീക്ഷാ ബോര്‍ഡുകളുടെയും കോംബിറ്റന്‍സി അടിസ്ഥാനത്തിലുള്ള മൂല്യനിര്‍ണയ ശേഷി വര്‍ദ്ധിപ്പിക്കുക എന്നുള്ളതാണ് പ്രധാന പ്രവര്‍ത്തനം. കൂടാതെ, ദേശീയ തലത്തിലും സംസ്ഥാന തലത്തിലുള്ള വിദ്യാഭ്യാസ നേട്ട സര്‍വ്വേ. വിവിധ വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡുകളുടെ തുല്യത ഉറപ്പുവരുത്തുക, വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളായ അടിസ്ഥാന (ബാലവാടി,1,2), തയ്യാറെടുപ്പ് (3,4,5 ക്ലാസുകള്‍), മധ്യമ (6, 7, 8), ദ്വിതീയ( 9, 10, 11, 12) തലങ്ങളിലേക്ക് വേണ്ട സമഗ്ര പ്രോഗ്രസ് കാര്‍ഡ് തയ്യാറാക്കുക, അവ പ്രയോഗിക്കേണ്ട രീതികള്‍ താഴേത്തലം വരെ പരിശീലിപ്പിക്കുക എന്നീ ചുമതലകള്‍ കൂടി നിര്‍വഹിച്ചു വരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2023 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ സംസ്ഥാനതല അച്ചീവ്‌മെന്റ് സര്‍വ്വേകള്‍ നടക്കുന്നത്. ഈ വര്‍ഷം നവംബറില്‍ ദേശീയ തലത്തിലും സര്‍വ്വേ നടക്കും. പക്ഷേ കേരളത്തിന്റെ സമീപനം ഏതോ മത്സര പരീക്ഷ പോലെയാണ്. ഛങഞ ഷിറ്റ് പരിചയപ്പെടുത്തേണ്ടിടത്ത് ചഋഋഠ പരീക്ഷക്ക് തയ്യാറാക്കുന്ന രീതിയില്‍ വാരാന്തര പരീക്ഷയാണ് നടത്തികൊണ്ടിരിക്കുന്നത്. അത് തയ്യാറാക്കിയതില്‍ നിന്നും ആഴ്ചയില്‍ നടത്തുന്ന പരീക്ഷാ ഫലങ്ങളില്‍ നിന്നും ഇപ്പോള്‍ തന്നെ കേരളത്തിന്റെ സ്ഥിതി ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചിരിക്കും!

രാഷ്‌ട്രീയ വീരവാദങ്ങള്‍ അവസാനിപ്പിക്കുക. വൈവിധ്യമാര്‍ന്ന പ്രാദേശിക യാഥാര്‍ത്ഥ്യങ്ങളെയും പൊതുവായ ദേശിയ അഭിലാഷങ്ങളേയും അംഗീകരിക്കുക. ദേശീയ – സംസ്ഥാന ഏജന്‍സികള്‍ കൈക്കോര്‍ക്കുക. കേരത്തിന് ഇനിയും സാധ്യതകള്‍ ഉണ്ട്. ശ്രീശങ്കരന്റെയും നാരായണ ഗുരുവിന്റെയും സംഗമഗ്രാമ മാധവന്റെയും നാടാണ് കേരളം.

(ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by