ആലപ്പുഴ: സ്കൂള്‍ കലോത്സവം നടത്തുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും നിര്‍ബന്ധിത പിരിവെന്ന് ആക്ഷേപം. സ്കൂള്‍ അധികൃതര്‍ ഫണ്ട് കണ്ടെത്താനാകാതെ നാട്ടുകാരോട് പിരിവ് നടത്തേണ്ട അവസ്ഥയാണുള്ളത്. വളരെ കുറച്ചു കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ പോലും കുറഞ്ഞത് 13,000 രൂപയിലേറെയാണ് അടയ്ക്കേണ്ടത്. മറ്റു ജില്ലകളില്‍ ഇതിന്റെ പകുതി തുക പോലും നല്‍കേണ്ടി വരുന്നില്ലെന്നാണു പല സ്കൂള്‍ അധികൃതരും പറയുന്നത്.
വളരെ കുറച്ചു കുട്ടികള്‍ മാത്രം പഠിക്കുന്ന സ്കൂളുകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കുട്ടികള്‍ തുക നല്‍കിയില്ലെങ്കില്‍ ആ തുക കൂടി അദ്ധ്യാപകര്‍ കണ്ടെത്തേണ്ട അവസ്ഥയാണ്. ജില്ലയില്‍ സ്കൂള്‍ കലോത്സവത്തിന് 10 ലക്ഷത്തിലധികം തുക ഗ്രാന്‍ഡ് ലഭിക്കും എന്നിരിക്കെയാണ് ഇത്തരത്തില്‍ പിരിവ് നടത്തുന്നതെന്നാണ് വിമര്‍ശനം. മുന്‍വര്‍ഷങ്ങളിലെ പോലെ മേളകളുടെ നടത്തിപ്പിനായി കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഒരു നിശ്ചിത തുക ശേഖരിക്കണമെന്നു ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിര്‍ദേശത്തില്‍ പറയുന്നു.
സ്കൂള്‍ മേധാവികളും, സംഘടനാ പ്രതിനിധികളും ചേര്‍ന്നുള്ള യോഗത്തില്‍ കുട്ടികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ശേഖരിക്കാന്‍ തീരുമാനിച്ച തുക ഇപ്രകാരമാണ്.
കുട്ടികള്‍ : എല്‍പി വിഭാഗം – 25 രൂപ, യുപി വിഭാഗം – 30 രൂപ, എച്ച്എസ് വിഭാഗം – 80 രൂപ, എച്ച്എസ്എസ് വിഭാഗം – 90 രൂപ, അധ്യാപകര്‍ – 250 രൂപ, എച്ച്എം, പ്രിന്‍സിപ്പല്‍ – 1000 രൂപ വീതം. കുടാതെ, സര്‍ക്കാര്‍ ഉത്തരവിന് പ്രകാരം ഉപജില്ലാ തല മത്സരങ്ങളുടെ നടത്തിപ്പിനായി ഓരോ വിദ്യാലയവും സ്കൂള്‍ സ്പെഷല്‍ ഫീസ് / പിടിഎ ഫണ്ടില്‍ നിന്നും നിശ്ചിത തുക യുപി സ്കൂള്‍: 750 രൂപ,ഹൈസ്കൂള്‍: 1000 രൂപ, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍: 2000 രൂപ) എന്നിങ്ങനെ നല്‍കേണ്ടതാണ്. എന്നാല്‍ തൊട്ടടുത്ത പല ജില്ലകളിലും ഇതിന്റെ പകുതിയില്‍ താഴെ തുക മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നിശ്ചയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: