കോഴിക്കോട്: രാഷ്ട്രീയത്തിനല്ലാതെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മുന്‍ഗണന നല്‍കണമെന്ന് കേന്ദ്ര റെയില്‍വേ, വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. ജന്മഭൂമി സുവര്‍ണജയന്തി ആഘോഷമായ ‘സ്വ വിജ്ഞാനോത്സവം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാന്യവും മുന്‍ഗണനയും നല്‍കുന്നത് അതിനാണ്. അങ്കമാലി ശബരി പാതയുള്‍പ്പെടെ കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
അങ്കമാലി ശബരിപാത നടപ്പാക്കുന്നത് സംബന്ധിച്ച് കേരളസര്‍ക്കാരിന് മുന്നില്‍ മഹാരാഷ്ട്ര മോഡല്‍ വെച്ചിട്ടുണ്ട്. കേരളം കരാറില്‍ ഒപ്പുവെച്ചാല്‍ പദ്ധതി ആരംഭിക്കും. മഹാരാഷ്ട്രയില്‍ റെയില്‍വേയും സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറിന് സമാനമായാണ് കേരളത്തിലും കരാര്‍ ഉണ്ടാക്കുക. ആ കരാറിന് അടിസ്ഥാനപ്പെടുത്തി പദ്ധതി പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തില്‍ റെയില്‍വേ വികസനത്തിന് ആവശ്യമായ ഭൂമിയില്‍ 40% മാത്രമാണ് ഏറ്റെടുത്ത് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലെങ്കില്‍ വലിയ തോതിലുള്ള പദ്ധതികള്‍ നടപ്പാക്കാനാകില്ല. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത് കൊണ്ട് കാര്യമില്ല. കെ റെയിലുമായി ബന്ധപ്പെട്ട് സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങളെക്കുറിച്ചുള്ള റെയില്‍വേയുടെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അഭൂതപൂര്‍വമായ പുരോഗതി കൈവരിച്ചെന്നും കണക്കുകള്‍ മുന്നില്‍വെച്ച് റെയില്‍വേമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 31,000 കിലോ മീറ്റര്‍ റെയില്‍വേ ട്രാക്കാണ് രാജ്യത്തെ റെയില്‍വേ ശൃംഖലയോട് കൂട്ടിചേര്‍ക്കപ്പെട്ടത്. എന്നാല്‍ 2004 മുതല്‍ 2014 വരെ 14,985 കിലോമീറ്റര്‍ ശൃംഖല മാത്രമാണ് കൂട്ടിചേര്‍ക്കപ്പെട്ടത്. ഫ്രാന്‍സിലെ ആകെയുള്ള ലൈനിനെക്കാള്‍ കൂടുതലാണിത്. 2023 24ല്‍ മാത്രം 5,300 കിലോമീറ്റര്‍ ശൃംഖലയാണ് കൂട്ടിചേര്‍ക്കപ്പെട്ടത്. നിലവില്‍ രാജ്യത്തെ റെയില്‍വേ ശൃംഖലയുടെ 97% വൈദ്യുതികരണം പൂര്‍ത്തിയായി.
അടുത്തവര്‍ഷം ജൂണ്‍, ജൂലൈയ്ക്കുള്ളില്‍ നൂറു ശതമാനം വൈദ്യുതികരണവും പൂര്‍ത്തിയാക്കും. സ്വാതന്ത്ര്യത്തിനുശേഷം 60 വര്‍ഷം കൊണ്ട് 21,000 കിലോമീറ്റര്‍ ശൃംഖലയാണ് വൈദ്യുതീകരിക്കപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് 44,000 കിലോമീറ്റര്‍ ശൃംഖലയാണ് വൈദ്യൂതീകരിക്കപ്പെട്ടത്. കശ്മീര്‍ മൂതല്‍ കന്യകുമാരി വരെ ബന്ധിപ്പിക്കുന്ന ചിനാബ് ബ്രിഡ്ജ് നിര്‍മിച്ചു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പായിരുന്നു ഇതിന്. വന്ദേഭാരത്, വന്ദേസ്ലീപ്പര്‍, അമൃത് ഭാരത് ട്രെയിനുകള്‍ വലിയ മാറ്റം കൊണ്ടുവന്നു. വികസിത രാഷ്ട്രത്തിലേക്കുള്ള യാത്രയുടെ ഭാഗമാണിത്.
വരുന്ന അഞ്ചു മുതല്‍ ഏഴു വര്‍ഷങ്ങളില്‍ മാറ്റം. ആയിരത്തിലധികം റെയില്‍വേ സ്റ്റേഷനുകള്‍ നവീകരണത്തിന്റെ പാതയിലാണ്. കേരളത്തിലെ 35 സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 1334 സ്റ്റേഷനുകള്‍ നവീകരിക്കുന്നു. ഒരു ലക്ഷം കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. രാജ്യത്തെ റെയില്‍വേയുടെ മുഖഛായ തന്നെ മാറ്റിമറിക്കുകയാണ് മോദി സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ കേരളത്തിന് നല്കുന്ന പണം മാത്രം പരിശോധിച്ചാല്‍ വലിയ മാറ്റം മനസിലാകും. കോണ്‍ഗ്രസ് സര്‍ക്കാര്‍ 370 കോടി നല്‍കിയതില്‍ നിന്ന് 3000 കോടിയായി വര്‍ധിപ്പിച്ചു. ഒരു അമൃത് ഭാരത് സ്റ്റേഷന് വേണ്ടി 370 കോടിയിലധികം രൂപയാണ് മോദി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കോഴിക്കോട്ട് റെയില്‍വേ സ്റ്റേഷനുകളോട് അനുബന്ധിച്ച് ഐടി ഹബ് വികസിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഐഐടികളുടെയും ഐഐഎമ്മുകളുടെയും മാതൃകയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിയുടെ ഒരു ശൃംഖല സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയവും രാജ്യത്ത് ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ പരമ്പരാഗതത്തില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള മാറ്റം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 2047ല്‍ വികസിത രാഷ്ട്രം സൃഷ്ടിക്കാന്‍ കഠിനപ്രയത്നം നടത്തുകയാണ്. ഒന്നും രണ്ടും തവണ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇപ്പോഴുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: