റാഞ്ചി: ജാർഖണ്ഡിൽ ബിജെപി അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാൽ ആദിവാസികളെ അതിന്റെ പരിധിയിൽ നിന്ന് മാറ്റിനിർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജാർഖണ്ഡിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രികയായ ‘സങ്കൽപ് പത്ര’ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വ്യവസായങ്ങളും ഖനികളും മൂലം കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ ഒരു ഡിസ്‌പ്ലേസ്‌മെൻ്റ് കമ്മീഷൻ രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജാർഖണ്ഡിൽ ബിജെപി അധികാരത്തിൽ വന്നാൽ ‘സർനമത’ കോഡ് വിഷയത്തിൽ ആലോചിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ പാർട്ടി അധികാരത്തിൽ വന്നാൽ ജാർഖണ്ഡിൽ 2.87 ലക്ഷം സർക്കാർ ജോലികൾ ഉൾപ്പെടെ 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പ് നൽകി. ജാർഖണ്ഡിലെ പേപ്പർ ചോർച്ചയെക്കുറിച്ച് സിബിഐയും എസ്ഐടിയും അന്വേഷണം നടത്തുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ജാർഖണ്ഡിലെ നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കാനും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനും ബിജെപി നിയമം കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.’ മിട്ടി, ബേട്ടി, റൊട്ടി’ (ഭൂമി, മകൾ, ഭക്ഷണം) അനധികൃത കുടിയേറ്റക്കാരുടെ ഭീഷണിയിലാണെന്നും തദ്ദേശീയരായ ജനങ്ങൾക്ക് ബിജെപി സുരക്ഷ നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
കൂടാതെ സംസ്ഥാനത്തെ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നുണ്ട്. ഇവിടെ പ്രീണനം അതിന്റെ ഉച്ചസ്ഥായിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു പുറമെ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനമാണ് ജാർഖണ്ഡ് എന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് 81 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും. നവംബർ 23 ന് വോട്ടെണ്ണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: