ജമ്മു : കശ്മീർ താഴ്വരയിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇപ്പോൾ നടക്കുന്ന ഭീകരാക്രമണങ്ങളുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഐഐടി കാൺപൂരിൽ നടന്ന 65-ാം സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീരിൽ ഭീകരർക്ക് സുരക്ഷാ സേന തക്കതായ മറുപടി നൽകുന്നുണ്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
സുരക്ഷാ സേന അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞ പ്രതിരോധ മന്ത്രി ജമ്മു കശ്മീരിൽ നിന്ന് തീവ്രവാദം പൂർണ്ണമായും തുടച്ചുനീക്കപ്പെടുകയും കേന്ദ്രഭരണ പ്രദേശം അതിവേഗം വികസിക്കുകയും ചെയ്യുന്ന ഒരു കാലം വരുമെന്നും പറഞ്ഞു.
അതേ സമയം നടന്ന ആക്രമണങ്ങൾ ദൗർഭാഗ്യകരമാണ്. ജമ്മു കശ്മീരിൽ നിരവധി പേർ കൊല്ലപ്പെടാൻ കാരണമായ ഭീകരാക്രമണങ്ങൾക്ക് നമ്മുടെ സുരക്ഷാ സേന വളരെ ഫലപ്രദമായി തിരിച്ചടിക്കുന്നുണ്ടെന്നും രാജ്നാഥ് പറഞ്ഞു.
കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത് ഭാരത് എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ രാജ്യം ഇറക്കുമതി ചെയ്യുന്ന ഉയർന്ന നിലവാരമുള്ള സാങ്കേതികവിദ്യകൾ തദ്ദേശീയമായി വികസിപ്പിക്കാൻ യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: