Kasargod

തുളുനാടിന്റെ പഴമയില്‍ പൊലിയന്ദ്രോത്സവത്തിന് തുടക്കം; ആഘോഷങ്ങളുടെ വൈവിദ്ധ്യവുമായി കാസർകോട്

Published by

ഇരിയ: ഭക്തിയുടെ നിറവില്‍ തുളുനാടിന്റെ പൊലിയന്ദ്രോത്സവത്തിന് തുടക്കം. പൊടവടുക്കം ധര്‍മ്മശാസ്താ ക്ഷേത്ര വയലില്‍ പൊലിയന്ദ്രം മരം ഉയര്‍ന്നതോടെയാണ് ഉത്സവത്തിന് തുടക്കമായത്. ഇരിയ പൊടവടുക്കത്തെ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലുമാണ് ജില്ലയില്‍ ബലീന്ദ്രപൂജയും പാലക്കൊമ്പുനാട്ടല്‍ ചടങ്ങും നടക്കുന്നത്. ഇതിനുമുന്നോടിയായി പൊടവടുക്കം ക്ഷേത്രത്തിലേക്കുള്ള പൊലിയന്ത്രം പാലമുറിക്കല്‍ ചടങ്ങ് ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ അകലെ തടിയന്‍വളപ്പ് കവുങ്ങിനടിയിലെ ജയകുമാറിന്റെ വീട്ടുവളപ്പില്‍ നടന്നു.

കൂറ്റന്‍ പാലമരം മിനുക്കിയെടുത്തശേഷം നൂറുകണക്കിന് വിശ്വാസികള്‍ തോളില്‍ ചുമന്നാണ് ഹരിഗോവിന്ദ വിളികളോടെ ക്ഷേത്രത്തിനടുത്ത് വയലില്‍ എത്തിക്കുന്നത്. പൊലിയുക എന്നതിനര്‍ത്ഥം ഐശ്വര്യമുണ്ടാവുക എന്നാണ്. കൊയ്‌ത്തുകഴിഞ്ഞ വയലുകളില്‍ നടത്തുന്നതിനാല്‍ ഒരു ഊര്‍വ്വരത അനുഷ്ഠാനമായാണ് കര്‍ഷക ജനത ഈ ആഘോഷത്തെ കാണുന്നത്.

മഹാബലിയെന്ന അദൃശ്യ ശക്തിയുടെ സങ്കല്‍പ്പത്തില്‍ ആര്‍പ്പുവിളികളോടെ കൂറ്റന്‍ പാലമരം എഴുന്നളളിച്ചുകൊണ്ടുവരുന്ന ചടങ്ങോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുന്നത്. തൃക്കരിപ്പൂര്‍ മുതല്‍ കര്‍ണ്ണാടകത്തിലെ കുന്താപുരം വരെയുളള തുളുനാട്ടില്‍ ഈ ആചാരം നടത്തപ്പെടുന്നുണ്ട്. തമിഴ്നാട്ടില്‍ കൊണ്ടാടുന്ന ചൊക്കപ്പനൈ എന്ന ആഘോഷത്തിന് ഇതുമായി ബന്ധമുണ്ടെന്ന് ഈ ആഘോഷത്തെക്കുറിച്ച് നടത്തിയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു.

പൊലിയന്ദ്രം ചടങ്ങ് നടക്കുന്ന ദിവസത്തെ കടലാട്ടു വാവിനും സവിശേഷ പ്രാധാന്യമുണ്ട്. പിതൃക്കളെ സ്വീകരിച്ച് ആദരിക്കുന്ന ദിവസമായും മലയാളക്കര മുഴുവന്‍ ഇതിനെ കാണുന്നു. മലയാളം വാണ രാജാവിന്റെ ഓര്‍മ്മ പുതുക്കാന്‍ മലയാളികള്‍ക്ക് ലഭിച്ചത് രണ്ട് ആഘോഷങ്ങളാണ്. പഴമക്കാരായ മലയാളികള്‍ക്കിടയില്‍ പൊലീന്ദ്രന്റെ വാഴ്ചപോലെ മൂന്നേ മുക്കാല്‍ നാഴിക’ എന്ന ഒരു ചൊല്ലു തന്നെയുണ്ട്. ഐശ്വര്യങ്ങളും അഹംഭാവങ്ങളും അധികകാലം നീണ്ടു നില്‍ക്കില്ല എന്ന സൂചനയാണ് ഈ ചൊല്ല് സമൂഹത്തിന് നല്‍കുന്നത്. ആഘോഷങ്ങളുടെ വൈവിദ്ധ്യവുമായി തുളുനാടെന്നറിയപ്പെടുന്ന നമ്മുടെ ജില്ല വേറിട്ട് നില്‍ക്കുന്നു. സന്ധ്യക്ക് ദീപാരാധ നക്ക് ശേഷം ക്ഷേത്ര പൂജാരി രവിശങ്കര്‍ ക്ഷേത്രത്തില്‍ പൊലിയന്ത്രം വിളിച്ച് ദീപം തെളിക്കുകയുംപിന്നിട്ട് വേങ്ങയില്‍ തറവാട്ടുകാരണവര്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ പത്തായപുരത്ത് കൈമാറി.

ക്ഷേത്രകഴകക്കാരന്‍ പവിത്രന്‍ നെല്ലിക്കാടാണ് വലിയ മുളയേണിവെച്ചാണ് പൊലിയന്ദ്രം മരത്തില്‍ ദീപം തെളിയുന്നത്.ഇതിനൊപ്പം ജില്ലയിലെ തൃക്കരിപ്പൂര്‍ മുതല്‍ കര്‍ണാടക കുന്താപുരം വരെയുള്ള ക്ഷേത്രങ്ങളിലും വീടുകളിലും ഐശ്യര്യത്തിന്റെ പ്രതീകമായ ദീപം തെളിയിച്ച് പൊലിയന്ദ്രം വിളിയുയരും. തുലാമാസ വാവുതൊട്ടുള്ള മൂന്ന് ദിവസങ്ങളിലാണ് പൊടവടുക്കം ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലും ജില്ലയിലെ തുളു ഭാഷാ സ്വാധീനമുള്ള പ്രദേശങ്ങളിലുമാണ് മൂന്ന് നാള്‍ പൊലിയന്ദ്രോത്സവം ആഘോഷിക്കുന്നത്.പണ്ഡിതനും പാമരനുമെന്ന വ്യത്യാസമില്ലാതെ ആബാലവൃദ്ധം ജനങ്ങളും ഈ ആഘോഷത്തില്‍ പങ്കുചേരുന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് സി.രാമചന്ദ്രന്‍ നായര്‍ പുതിയപുരയില്‍ സെക്രട്ടറി സതീശന്‍പെടവടുക്കം നേതൃത്വം നല്‍കി.

പാലക്കുന്ന്: തുളുനാടിന്റെ സ്വന്തം ഉത്സവമായ പൊലിയന്ദ്രത്തിന് തുടക്കമായി. പാലമരത്തിന്റെ ശിഖരങ്ങളില്‍ മണ്‍ചിരാതുകള്‍ വെച്ച് അതില്‍ തിരി തെളിച്ച് ത്രിസന്ധ്യാനേരത്ത് ‘പൊലിയന്ദ്രാ … പൊലിയന്ദ്രാ… ഹരിയോ ഹരി…’ എന്ന് അരിയിട്ട് സ്തുതിപാടുന്ന ചടങ്ങാണിത്. ജില്ലയിലും, കര്‍ണാടകയില്‍ കുന്താപുരം വരെയുള്ള ചില ക്ഷേത്രങ്ങളിലും വീടുകളിലും തെയ്യകാവുകളിലും ഐശ്വര്യത്തിന്റെ പ്രതീകമായാണ് ഈ ദീപം തെളിച്ച് വന്ദിക്കുന്നത്. തുലാംമാസത്തിലെ വാവുനാള്‍ മുതല്‍ മൂന്ന് ദിവസം നീളുന്ന അനുഷ്ഠാന ചടങ്ങാണിത്.അസുര രാജാവായ മഹാബലിയെ അരിയിട്ട് വാഴിക്കാനാണിതെന്ന് വിശ്വാസം.പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലും ഭണ്ഡാര വീട്ടിലും വെള്ളിയാഴ്‌ച്ച പൊലിയന്ദ്രം വിളി തുടങ്ങി. ചില മാറ്റങ്ങളോടെ ജില്ലയില്‍ കീഴൂരിലും പൊടവടുക്കത്തും തൃക്കരിപ്പൂരിലുമാണ് പ്രധാനമായും ഈ അപൂര്‍വ ആചാരം അനുഷ്ഠിച്ചു വരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts