കണ്ണൂർ: രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊന്ന കേസിൽ നിർഭാഗ്യകരമായ വിധിയാണുണ്ടായതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. തുടക്കം മുതൽ തന്നെ അന്വേഷണ സംഘം കേസ് അട്ടി മറിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എത്രയും പെട്ടെന്ന് കേസ് അന്വേഷിച്ച് അവസാനിപ്പിക്കാനുള്ള വ്യഗ്രതയാണ് അവർ കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
കേരള സമൂഹത്തെയൊന്നാകെ ഞെട്ടിച്ച കേസാണ് അശ്വിനി കുമാറിന്റെ കൊലപാതകം. ഒരു തെറ്റും ചെയ്യാത്ത ഒരാളെ പട്ടപ്പകൽ ബസിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. നിരവധി ദൃക്സാക്ഷികളടക്കമുള്ള കേസായിരുന്നു ഇത്. എന്നാൽ സമൂഹവും കുടുംബവും ആഗ്രഹിച്ച തരത്തിലുള്ള വിധിയല്ല വന്നതെന്നും വത്സൻ തില്ലങ്കേരി പ്രതികരിച്ചു. വിചാരണ വേളയിൽ പോലും കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്നും വത്സൻ തില്ലങ്കേരി പ്രതികരിച്ചു.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷനും പ്രതികരിച്ചു. കേസിൽ 13 എൻഡിഎഫ് പ്രവർത്തകരെ കോടതി വെറുതേ വിട്ടു. മൂന്നാം പ്രതി മാത്രമാണ് കുറ്റക്കാരൻ. ഇയാളുടെ ശിക്ഷ ഈ മാസം 14ന് വിധിക്കും. തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറഞ്ഞത്. ചാവശേരി സ്വദേശി മർഷൂക്കി(38)നെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. പ്രധാന സാക്ഷികളായ നാല് പേർ കൃത്യത്തിൽ ഉൾപ്പെട്ട ഒമ്പത് പ്രതികളെയും തിരിച്ചറിയുകയും കോടതിയിൽ മൊഴി നൽകുകയും ചെയ്തിരുന്നുവെങ്കിലും വിധി നിരാശാജനകമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക