പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നീറുന്ന കാര്‍ഷിക പ്രശ്നങ്ങളും വികസനവും മാത്രമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ പറഞ്ഞു. പര്യടനത്തിന്റെ ഭാഗമായി അഞ്ജലി ഗാര്‍ഡനില്‍ നടന്ന പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ അടഞ്ഞ അധ്യായമാണ്. അതിനേക്കാള്‍ ചര്‍ച്ചയാകേണ്ട പ്രധാനപ്പെട്ട കാര്യങ്ങളും പാലക്കാടുണ്ട്. നെല്ല് സംഭരണമടക്കം കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കാണ് എന്‍ഡിഎ പ്രാധാന്യം നല്‍കുന്നത്. മണ്ഡലത്തിന്റെ വികസനത്തിനാണ് എന്‍ഡിഎ വോട്ട് ചോദിക്കുന്നത്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 221 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ പാലക്കാടിന് അനുവദിച്ചത്. ഇതില്‍ 100 കോടിയിലധികം രൂപ കുടിവെള്ളത്തിന് മാത്രം നല്കി. അതിനാല്‍ നഗരസഭയിലിപ്പോള്‍ കുടിവെള്ള ക്ഷാമമില്ല. എന്നാല്‍ മാത്തൂരിലും പിരായിയിലും കണ്ണാടിയിലും ഇതല്ല സ്ഥിതി. പുഴയോരത്ത് താമസിക്കുന്നവര്‍ക്കുപോലും കുടിവെള്ളം കിട്ടാക്കനിയാണ്.
പാലക്കാടിന്റെ വികസനത്തിന് സഹായകരമായത് എല്ലായ്പ്പോഴും എന്‍ഡിഎ സര്‍ക്കാരാണ്. നഗരത്തിലെ റെയില്‍വെ മേല്‍പ്പാലങ്ങള്‍ ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ചതാണ്. നഗരത്തിലെ ഗതാഗതകുരുക്കിന് ഒരു പരിധിവരെ ആശ്വാസമായതും ഇവയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മെട്രോമാന് ഇ. ശ്രീധരന് നല്കിയ വികസന രൂപരേഖ ചര്‍ച്ച ചെയ്യാന്‍ പോലും ശ്രമിക്കാത്ത ആളായിരുന്നു മുന്‍എംഎല്‍എ എന്ന് കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി. എന്നാല്‍ ബിജെപി എന്നും വികസനത്തിനാണ് മുന്‍ഗണന നല്‍കുന്നത്.
ബിജെപി ദേശീയസമിതി അംഗം എന്‍. ശിവരാജന്, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, കൗണ്‍സിലര്‍മാരായ എം. ശശികുമാര്‍, ടി. ബേബി, സജിത സുബ്രഹ്മണ്യന്, മണ്ഡലം പ്രസിഡന്റ് കെ. ബാബു, യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്, ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ഗംഗാധരന് സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് പിവിആര്‍ നഗറില്‍ നല്കിയ സ്വീകരണത്തില്‍ ബാലഗോകുലം ഉത്തരകേരള ഉപാധ്യക്ഷന്‍ വി. ശ്രീകുമാരന്‍, വിദ്യാനികേതന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ആര്. ചന്ദ്രശേഖരന്, ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ഗംഗാധരന് സംസാരിച്ചു. പിന്നീട് കള്ളിക്കാട്, പൊരിക്കാര തെരുവ്, വിത്തുണ്ണി, കൈകുത്തുപറമ്പ്, നൂറണി എന്നിവടങ്ങളിലും സ്വീകരണ യോഗങ്ങള്‍ നടന്നു.
റോഡ്ഷോ വാടാപറമ്പ്, തിരുനെല്ലായി ഗ്രാമം വഴി പാളയത്ത് സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: