ആലത്തൂര്‍: ആലത്തൂര്‍ – വാഴക്കോട് സംസ്ഥാനപാതയിലെ അപകടം പതിയിരിക്കുന്ന വളവുകള്‍ നിവര്‍ത്താന്‍ നടപടിയായില്ല. കാവശ്ശേരി പരയ്‌ക്കാട്ട്കാവ് വടക്കേനട വളവ്, ഗണപതി ക്ഷേത്രത്തിന് സമീപത്തെ വളവ്, കഴനി ചുങ്കം ജങ്ഷനിലെ വളവ് എന്നിവയാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്. പാത ഗുണനിലവാരത്തോടെ പുതുക്കിപ്പണിതെങ്കിലും വളവ് നിവര്‍ത്തിയിരുന്നില്ല. പഴയപാതയിലും ഈ പ്രദേശത്ത് അപകടം പതിവായിരുന്നു.
നല്ല പാതയെന്ന് കാണുന്നതോടെ വാഹനങ്ങള്‍ വേഗം കൂട്ടും. മുന്നറിയിപ്പ് സൂചകങ്ങളോ വേഗം കുറയ്‌ക്കുന്നതിനുള്ള ഹമ്പോ ഇല്ലാത്തതിനാല്‍ എതിരെവരുന്ന വാഹനം അടുത്തെത്തുമ്പോള്‍ മാത്രമേ കാണാനാകൂ. അപ്പോഴേക്കും ഡ്രൈവര്‍മാര്‍ പരിഭ്രമിച്ച് വാഹനത്തിന്റെ നിയന്ത്രണംവിടും. സ്ഥല പരിചയമുള്ളവര്‍ വളരെ ശ്രദ്ധിച്ചുപോകുന്നതിനാലാണ് പലപ്പോഴും അപകടം ഒഴിവാകുന്നത്.
ഒരുവര്‍ഷത്തിനിടെ മുപ്പതോളം അപകടമുണ്ടായി. അഞ്ച് പെട്ടിയോട്ടോ, ആറ് ബൈക്ക്, നാല് ലോറി, നാല് ഓട്ടോ എന്നിവ ഇവിടെ അപകടത്തില്‍പ്പെട്ടു.
കഴിഞ്ഞ ദിവസം ഗണപതി ക്ഷേത്രത്തിനു സമീപത്തെ വളവില്‍ നിയന്ത്രണംവിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞ് യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എതിരെ മറ്റ് വാഹനങ്ങള്‍ വരാതിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്.
കഴനി ചുങ്കം അപകടവളവില്‍ രൂപപ്പെട്ട കുഴി രണ്ടുദിവസം മുമ്പ് താല്‍ക്കാലികമായി അടച്ചെങ്കിലും യാത്ര ദുഷ്‌കരമായി തുടരുകയാണ്. പാത വളവുനിവര്‍ത്തി പുനര്‍നിര്‍മിക്കുക മാത്രമാണ് ഇതിന് പരിഹാരം. അതുവരെ ചെറിയ ഹമ്പുകളും മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ച് അപകടം കുറയ്‌ക്കാന്‍ നടപടിയുണ്ടാകണം. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അപകടം കുറയ്‌ക്കാന്‍ ഹമ്പ് സ്ഥാപിക്കുന്നതിനും വളവ് നിവര്‍ത്തുന്നതിനും രൂപരേഖ തയ്യാറാക്കുമെന്നും ആലത്തൂര്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: