മുനമ്പം: പിണറായി വിജയന്‍ സര്‍ക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി വിചാരിച്ചാലും മുനമ്പത്തു നിന്ന് ഒരാളെ പോലും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. മുനമ്പം വഖഫ് അധിനിവേശത്തിനെതിരെ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന റിലെ സത്യഗ്രഹത്തിന് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബോര്‍ഡിന്റെ അവകാശവാദത്തിന് അനുകൂലമായ നിലപാടാണ് സംസ്ഥാനത്തെ ഭരണകക്ഷിയും പ്രതിപക്ഷവും സ്വീകരിച്ചിരിക്കുന്നത്. മുസ്ലീം പ്രീണനം തുടരുന്നതിന്റെ ഭാഗമായിട്ടാണ് നിയമസഭയില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയത്. രാജ്യത്തെ ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും സിഖുകാര്‍ക്കും ജൈനര്‍ക്കുമെല്ലാം ഗുണകരമായ പൗരത്വ ഭേദഗതി നിയമം നടപ്പാക്കരുതെന്ന് പറഞ്ഞ കോണ്‍ഗ്രസും സിപിഎമ്മും രാജ്യത്തെ ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും ദോഷകരമായ വഖഫ് നിയമം നിലനിര്‍ത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
ഇത് രാജ്യത്തിന്റെ ജനാധിപത്യ- മതേതരത്വ നിലപാടുകള്‍ക്കെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. ശരിയത്ത് നിയമത്തിന്റെ അരികുപറ്റി ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് മുസ്ലിം പ്രീണനത്തിന്റെ ഭാഗമായിട്ടാണ്. പ്രീണനത്തിനായി ഇടതും വലതും തമ്മില്‍ മത്സരിക്കുകയാണ്. ജനാധിപത്യവും അവകാശങ്ങളും സംരക്ഷിക്കുവാന്‍ വേണ്ടി ബിജെപി സമരത്തിന്റെ ഏതറ്റം വരെയും പോകുമെന്നും പി.കെ. കൃഷ്ണദാസ് മുന്നറിയിപ്പ് നല്‍കി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന സമിതിയംഗം ഇ.എസ്. പുരുഷോത്തമന്‍. മണ്ഡലം പ്രസിഡന്റ് എം.വി. വിനില്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മുനമ്പത്തെ വേളാങ്കണ്ണി പള്ളിക്ക് മുന്നില്‍ നടക്കുന്ന സമരം 21-ാം ദിവസത്തിലേക്ക് കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: