തിരുവനന്തപുരം: ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യവും ചരിത്രവും സമ്പന്നവും വൈവിധ്യമുള്ളതുമാണെന്നും അത് മനസ്സിലാക്കാന്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സംസ്കാരങ്ങള്‍ മനസ്സിലാക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നെഹ്റു യുവ കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാലാമത് കാശ്മീര്‍ യൂത്ത് എക്സ്ചേഞ്ച് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഇത്തരം പരിപാടികള്‍ യുവ തലമുറയ്ക്ക് വിവിധ സംസ്കാരങ്ങള്‍ മനസിലാക്കാനുള്ള അവസരം ഒരുക്കും. സമാധാനം, വികസനം, പുരോഗതി എന്നിവയെ കുറിച്ചുള്ള സംഭാഷണങ്ങളില്‍ കാശ്മീരില്‍ നിന്നുള്ള യുവശബ്ദങ്ങള്‍ അത്യന്താപേക്ഷിതമാണ്.
1972-ല്‍ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായി സ്ഥാപിതമായ നെഹ്റു യുവകേന്ദ്രം ഇന്ന് ഏറ്റവും വലിയ അടിസ്ഥാനതല യുവജന സംഘടനയായി വളര്‍ന്നു കഴിഞ്ഞു. നമ്മുടെ ഗ്രാമീണ യുവാക്കളുടെ വ്യക്തിത്വത്തെ സമ്പന്നമാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ട്. വികസിത ഭാരതത്തിന്റെ സാക്ഷാത്കാരത്തിന് യുവതലമുറ സംഭാവന നല്‍കുന്നതിന് പ്രതികൂല സാഹചര്യങ്ങള്‍ തടസ്സമാകരുതെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
ഗിരിദീപം കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ – കേരള മേഖല ഡയറക്ടര്‍ വി. പാര്‍വ്വതി, ജമ്മു കാശ്മീര്‍ യൂത്ത് കണ്ടിജന്റ് ലീഡര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മുനീര്‍ ഹുസ്സൈന്‍ ആസാദ്, നെഹ്റു യുവ കേന്ദ്ര കേരള സ്റ്റേറ്റ് ഡയറക്ടര്‍ എം. അനില്‍കുമാര്‍, ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: