ജമ്മു : കശ്മീരി പണ്ഡിറ്റ് സമൂഹമില്ലാതെ കശ്മീർ താഴ്‌വര അപൂർണ്ണമാണെന്ന് ശാസ്ത്ര സാങ്കേതിക കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. അവരുടെ പലായനം താഴ്‌വരയ്‌ക്ക് നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ ഗാന്ധി മെമ്മോറിയൽ ക്യാമ്പ് കോളേജിലെ മാതാ സരസ്വതി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ ജിതേന്ദ്ര സിംഗ്.
കശ്മീരിന്റെ സവിശേഷതയായിരുന്ന സംയോജിത സംസ്‌കാരം പുനഃസ്ഥാപിക്കണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി താഴ്‌വരയുടെ പൈതൃകം നിലനിർത്തിയത് മറ്റ് സമുദായങ്ങളുമായി സൗഹാർദ്ദപരമായി ജീവിക്കുന്ന കശ്മീരി പണ്ഡിറ്റുകളാണെന്നും പറഞ്ഞു. കൂടാതെ സമാധാനത്തോടെയും സൗഹാർദത്തോടെയും എല്ലാ സമുദായങ്ങളും ഒരുമിച്ച് ജീവിക്കുന്ന ദിവസം വിദൂരമല്ലെന്നും മന്ത്രി പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ കാര്യങ്ങൾ നല്ല രീതിയിൽ മാറിയെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇത് റദ്ദാക്കിയതിൽ കശ്മീരിലെ മുസ്ലീം സമുദായത്തിലെ സാധാരണക്കാരൻ പോലും സന്തുഷ്ടരാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടാതെ സമകാലിക ഇന്ത്യയുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ നവീകരിക്കുക എന്ന മഹത്തായ ദൗത്യമാണ് സർക്കാർ ആരംഭിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ പ്രധാന സവിശേഷതകളെയും അദ്ദേഹം എടുത്തു പറഞ്ഞു.
പുതിയ നയം നടപ്പിലാക്കിയതോടെ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾക്കനുസരിച്ച് ഉയർന്ന കോഴ്സുകൾ തിരഞ്ഞെടുക്കാൻ ഇപ്പോൾ സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. കൂടാതെ വിദ്യാർത്ഥികളുടെ അന്തർലീനമായ കഴിവുകൾ തിരിച്ചറിയാനും അതിനനുസരിച്ച് അവരെ ഉപദേശിക്കാനും രാഷ്‌ട്രനിർമ്മാണത്തിന് സംഭാവന നൽകാനും ജിതേന്ദ്ര സിംഗ് അധ്യാപകരോട് അഭ്യർത്ഥിച്ചു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച സമയമാണിതെന്നും രാജ്യം മറ്റ് രാജ്യങ്ങളുമായി, പ്രത്യേകിച്ച് വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പ് എന്നിവയിൽ തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്തതുപോലെ 2047-ഓടെ വികസിത രാഷ്‌ട്രമായി മാറുന്നതിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിൽ ഏറെ പ്രാധാന്യത്തോടെ ജമ്മു കശ്മീർ ഉൾപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളെ വികസിത് ഭാരതിന്റെ ശില്പികളാക്കി മാറ്റാൻ അധ്യാപകരുടെ പങ്കിനെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
അറിവ് നേടുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം അധ്യാപകരോട് ആവശ്യപ്പെട്ടു. ഇവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി രാജ്യത്തുടനീളം സ്റ്റാർട്ടപ്പ് പ്രദർശനങ്ങൾ സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. അത്തരത്തിലുള്ള ഒരു പ്രദർശനം ശ്രീനഗറിൽ ഉടൻ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: