ബെംഗളൂരു : കാറിൽ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബത്തെ ആക്രമിച്ചു. ബുധനാഴ്ച രാത്രി 9.30 ഓടെ കസവനഹള്ളിക്കു സമീപം ചൂഡസാന്ദ്രയിലാണ് സംഭവം. ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ എൻജിനിയറായ കോട്ടയം പാലാ സ്വദേശി അനൂപ് ജോർജിന്റെ കാറാണ് ആക്രമിച്ചത്. കാറിന്റെ ചില്ലു തകർത്തുള്ള കല്ലേറിൽ പിൻസീറ്റിലിരുന്ന അഞ്ചു വയസ്സുകാരന് തലയ്‌ക്ക് പരുക്കേറ്റു.
അനൂപും ഭാര്യ ജിസ്, മക്കളായ സെലെസ്‌റ്റെ (11), സ്റ്റീവ് (5) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. ബുധനാഴ്ച രാത്രി നഗരത്തിലിറങ്ങിയശേഷം മടങ്ങുന്നതിനിടെ വീടിന്റെ രണ്ടു കിലോമീറ്റർ അകലെനിന്നായിരുന്നു സംഭവം. കാർ ചൂഡസാന്ദ്രയിലെത്തിയപ്പോൾ രണ്ടുപേർ ബൈക്കിൽ മറികടന്നെത്തി മുൻപിലുണ്ടായിരുന്ന കാർ തടഞ്ഞുനിർത്തി കാറിലുണ്ടായിരുന്നവരോട് ഗ്ലാസ് താഴ്‌ത്താൻ ആവശ്യപ്പെട്ടു. എന്നാൽ, ഗ്ലാസ് താഴ്‌ത്താൻ അവർ തയ്യാറായില്ല. ഇതേത്തുടർന്ന് അക്രമികൾ കല്ലെടുക്കാൻ ശ്രമിച്ചപ്പോൾ കാർ വേഗത്തിൽ ഓടിച്ചുപോയി. പെട്ടെന്ന് സംഘം അനൂപിന്റെ കാറിന് നേരേവന്ന് ഗ്ലാസ് താഴ്‌ത്താനും പുറത്തേക്ക് ഇറങ്ങാനും ആവശ്യപ്പെട്ടു. എന്നാൽ, അപകടസാധ്യതയുള്ളതിനാൽ ഗ്ലാസ് താഴ്‌ത്താനോ പുറത്തേക്കിറങ്ങാനോ തയ്യാറായില്ല. ഇടതുവശത്ത് കുറച്ച് സ്ഥലമുണ്ടായിരുന്നതിനാൽ കാർ മുന്നോട്ടെടുക്കാൻ ശ്രമിച്ചപ്പോൾ അക്രമികളിലൊരാൾ കൈയിലുണ്ടായിരുന്ന കരിങ്കല്ല് പിൻവശത്തെ ഗ്ലാസിലേക്ക് എറിഞ്ഞു. തകര്‍ന്നു വീണ ഗ്ലാസ് കഷണങ്ങൾ തലയിലും ദേഹത്തും തറച്ച് മകന്‍ സ്റ്റീവിന് പരുക്കേറ്റു. അനൂപും ഭാര്യയും കാറിൽ നിന്നിറങ്ങിയപ്പോൾ അക്രമികൾ ബൈക്കെടുത്ത് പോയി.
മകനെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച ശേഷം ഇരുവരും പരപ്പന അഗ്രഹാര പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്റ്റീവിന്റെ തലയിൽ തുന്നിക്കെട്ടുകളുണ്ട്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി വീട്ടിൽ നിരീക്ഷണത്തിലാണിപ്പോൾ.
സംഭവത്തില്‍ കേസ് എടുത്ത പോലീസ് ബുധനാഴ്ച രാത്രി തന്നെ പ്രതികളിലൊരാളെ പിടികൂടി. ഒളിവിൽ പോയ മറ്റൊരു പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആസൂത്രിതമായ ആക്രമണമാണിതെന്ന് സംശയിക്കുന്നതായി അനൂപ് പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ രണ്ടുപേർ പിന്തുടർന്നെത്തി ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞു. എന്നാൽ, നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും അനൂപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക