തിരുവനന്തപുരം: സാംസ്കാരിക ബഹുസ്വരതയാണ് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള സമൂഹത്തിനു മുന്നിലേക്ക് വയ്ക്കുന്നതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എഴുത്തിലും ജീവിതത്തിലും ആ ബഹുസ്വരതയെ മാനിക്കാനും കൈവിടാതിരിക്കാനും അദ്ദേഹത്തിന് അങ്ങേയറ്റം കഴിയുന്നുണ്ട് എന്നതാണ് പ്രത്യേകത. സാംസ്കാരിക ബഹുസ്വരതയെ അംഗീകരിക്കുകയും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും ശ്രീധരന്‍പിള്ള ശ്രമിക്കുന്നു. അദ്ദേഹം പറഞ്ഞു.
പി.എസ്. ശ്രീധരന് പിള്ളയെ കുറിച്ച് ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ തയാറാക്കി ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘സവ്യസാചിയായ കര്‍മ്മയോഗി’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുപ്രവര്ത്തകന് എങ്ങനെയാകണമെന്നതിന്റെ ഉദാഹരണമാണ് പി.എസ്. ശ്രീധരന് പിള്ള. രാഷ്ട്രീയത്തിന് അതീതമായി ബന്ധങ്ങള്‍ കാത്തു സൂഷിക്കാന്‍ കഴിവുള്ള വ്യക്തിത്വത്തിന് ഉടമ. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരുമായി സൗഹൃദമുണ്ടെങ്കിലും ആരിലും തന്റെ രാഷ്ട്രീയം അടിച്ചേല്പിക്കാന് ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിവുള്ള കാര്യമാണ്. എഴുത്തിലൂടെയും ജനകീയ നിലപാടുകളിലൂടെയും ശ്രീധരന്‍പിള്ള ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
മനുഷ്യത്വത്തിന്റെ സന്ദേശവാഹകരാണ് എഴുത്തുകാരെന്ന് കവി പ്രൊഫ. വി. മധുസൂദനന് നായര്‍ പറഞ്ഞു. പുസ്തകം ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോവയില്‍ പിന്നാക്ക അവസ്ഥയിലുള്ള ജനതയാണ് കൂടുതലുള്ളതെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഗവര്‍ണര്‍ ആയി ചെന്ന ശേഷം നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അവര്‍ക്കായി നടത്തിയത് അറിയുവാന്‍ കഴിഞ്ഞത് വലിയ സന്തോഷത്തിന് ഇടയാക്കി. മിസോറാമില്‍ ഗവര്‍ണറായി ചെന്ന്, ചുരുങ്ങിയ നാളിനുള്ളില്‍ അവിടുത്തെ ജനങ്ങളുമായി ആത്മബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിനായി. മിസോറാമിനെ കുറിച്ചെഴുതിയ കവിതയില്‍ എന്റെ മണ്ണ് എന്നാണ് അദ്ദേഹം പറഞ്ഞത്. മധുസൂദനന് നായര്‍ പറഞ്ഞു. ‘അച്ഛന് പിറന്ന വീട്’ എന്ന കവിതയിലെ ഒരു ഭാഗം മധുസൂദനന് നായര്‍ ആലപിച്ചു.
പൊതുപ്രവര്ത്തകന് എന്ന നിലയില്‍ തന്റെ വിജയത്തിന്റെ രഹസ്യം സൗഹൃദങ്ങളാണെന്ന് മറുപടി പ്രസംഗത്തില്‍ ശ്രീധരന് പിള്ള പറഞ്ഞു. ദേശീയത കൈവിടാതിരിക്കുക, നമ്മുടെ സംസ്കാരത്തെ, ആചാരങ്ങളെ കൈവിടാതിരിക്കുക. ഒത്തൊരുമയോടെ മുന്നോട്ടു പോയാല്‍ മാത്രമേ സംസ്കാരത്തെ സമ്പുഷ്ടമാക്കാനുള്ള ഒരു ജനതയെ സൃഷ്ടിക്കാനാകുകയുള്ളുവെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ചടങ്ങില്‍ സാഹിത്യകാരന് ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായി. ഡോ. പി.കെ. രാജശേഖരന്, എം.പി. അഹമ്മദ്, ആറ്റക്കോയ പള്ളികണ്ടി, എം. വി. കുഞ്ഞാമു, അഡ്വ. ജെ.ആര്. പത്മകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉപഹാരം സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: