ഒരു സിനിമ പോലെ നാടകീയമായ കയറ്റിറക്കങ്ങൾ കൊണ്ട് നിറഞ്ഞ ഒരു ജീവിതം, അതാണ് നീന ഗുപതയുടേത്. ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന 1000 ബേബീസ് എന്ന മലയാളം സീരീസിലെ സാറാ ഔസേപ്പ് എന്ന കഥാപാത്രത്തിലൂടെ ഇപ്പോൾ പ്രേക്ഷക പ്രശംസ വാങ്ങുന്ന ഹിന്ദി നടി നീന ഗുപ്ത മലയാളികൾക്ക് അത്ര അപരിചിതയല്ല. മോഹൻലാൽ നായകവേഷത്തിലെത്തിയ ചിത്രങ്ങളായ വാസ്തുഹാരയിലെ കമ്മ്യൂണിസ്റ്റ്കാരി ദമയന്തിയെയും അഹത്തിലെ കന്യാസ്ത്രീയെയും അവതരിപ്പിച്ച് മലയാളത്തിൽ തന്റെ കസേര ഉറപ്പിച്ചിട്ടാണ് നീന ഗുപ്ത 30 വർഷങ്ങൾ മാറി നിന്നിട്ട് ഇപ്പോൾ മടങ്ങി എത്തുന്നത്.
40ൽ പരം സിനിമകളിൽ മാത്രം അഭിനയിച്ചുള്ള നീന ഗുപ്ത പക്ഷേ സമൂഹം വരച്ച അളവുകൾക്ക് അനുസരിച്ച് തന്റെ വ്യക്തിജീവിതത്തിലും സിനിമാ ജീവിതത്തിലും നിന്നിട്ടില്ല. അതിന്റെ സംഘർഷങ്ങളിലും ആനന്ദങ്ങളിലൂടെയുമാണ് നാം ഇന്ന് അറിയുന്ന നീന ഗുപ്ത സാറാമ്മച്ചിയായി തിരികെയെത്തി മലയാളികളുടെ മനം കവർന്നത്
സ്റ്റേറ്റ് ട്രേഡിങ്ങ് കോർപ്പറേഷൻ ഓഫീസറായ R N ഗുപ്തയുടെയും ശകുന്തളാദേവി ഗുപ്തയുടെയും മകളായി 1958 ജൂലൈ 4 ന് കോൽക്കട്ടയിലാണ് നീന ഗുപ്ത ജനിക്കുന്നത്. കുട്ടിക്കാലത്തു തന്നെ ഗുപ്ത ദമ്പതികൾ ഡൽഹിയിലേക്ക് താമസം മാറി. നീനയെ ഐഎഎസ് ആകണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാൽ അഭിനയത്തിൽ ആയിരുന്നു നീനക്ക് താല്പര്യം. ആ ആഗ്രഹം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ എത്തുന്നതോടെ പൂർത്തീകരിക്കുന്നുണ്ട്
പക്ഷെ അതിനിടയിൽ നീനാ ഗുപ്തയുടെ ആദ്യ പ്രണയവും ആദ്യ വിവാഹവും, വിവാഹമോചനവും കഴിഞ്ഞിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലെ സഹപാഠിയായിരുന്ന അംലാൻ കുസും ഖോസിനെ 16 ആം വയസ്സിൽ വിവാഹം കഴിച്ചെങ്കിലും വീട്ടിൽ ഒതുങ്ങി കൂടാൻ തയ്യാറാകാതെയിരുന്ന നീന ഒരു വർഷത്തിനുള്ളിൽ ആ ബന്ധത്തിൽ നിന്നുള്ള സ്വാതന്ത്രപ്രഖ്യാപനം നടത്തിയിരുന്നു. ഹിന്ദുസ്ഥാനി വിസ്മയം പണ്ഡിറ്റ് ജസ്രാജിന്റെ മകൻ ശാരങ് ദേവ്, നടൻ അലോക് നാഥ് എന്നിവരുമായുള്ള പ്രണയബന്ധത്തിലൂടെ ആ കാലത്ത് അവർ കടന്നുപോയി.
23 -ാം വയസ്സിൽ ‘സാത് സാത്’ എന്ന ചിത്രത്തിലെ ചെറിയൊരു വേഷത്തിലൂടെയായാണ് നീന ഗുപ്ത ആദ്യമായി സിനിമയിൽ മുഖം കാട്ടുന്നതെങ്കിലും റിച്ചാർഡ് ആറ്റൻബറോയുടെ “ഗാന്ധി” എന്ന ബ്രിട്ടീഷ് ചിത്രത്തിൽ ഗാന്ധിയുടെ അനന്തിരവളായ അഭയായി ബെൻ കിംഗ്സ്ലിയുടെ ഒപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു.
80കളിൽ ചെറിയ വേഷങ്ങളിലൂടെ ബോളിവുഡിൽ മുൻനിരയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു കാലത്താണ് ഒരു ക്രിക്കറ്റ് പരമ്പരക്കായി വിവ് റിച്ചാർഡ്‌സ് എന്ന ഐതിഹാസിക വെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റർ ഇന്ത്യയിൽ എത്തുന്നത്. ഒരു പാർട്ടിക്കിടയിൽ നീന കാണുന്നതും തുടന്ന് അവർ പ്രണയത്തിലാകുന്നത് അക്കാലത്തെ ഗോസിപ് മാസികകളിലെ പ്രധാന വാർത്തായിരുന്നു. ആ ബന്ധത്തിൽ നീന ഗർഭിണിയായി. എന്നാൽ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആയിരുന്നു റിച്ചാർഡ് തന്റെ ഭാര്യയെ ഉപേക്ഷിച്ച് നീനയെ വിവാഹം ചെയ്യാൻ വിമുഖത കാട്ടി വെസ്റ്റ് ഇന്ഡീസിലേക്ക് മടങ്ങിപോയി. എന്നാൽ സമൂഹത്തിന്റെ നെറ്റിചുളിക്കലുകളെ വകവെയ്‌ക്കാതെ നീന കുട്ടിയെ പ്രസവിച്ച് വളർത്താൻ തന്നെ തീരുമാനിച്ചു. 1989 ൽ നീന ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അവൾക്ക് മസാബ എന്ന് പേരിട്ടു. പരസ്പരം വേർപിരിഞ്ഞു എങ്കിലും വിവ് റിച്ചാർഡ്‌സ് ഇപ്പോഴും മസാബയുടെ രക്ഷകർത്താവ് തന്നെയാണ്.
1993 ൽ ഖൽ നായക് എന്ന ചിത്രത്തിൽ ചോലി ‘കെ പീച്ചേ ക്യാഹെ’ എന്ന ഗാനരംഗത്തിൽ മാധുരി ദീക്ഷിതിനൊപ്പം നീനയും ചുവടുവെച്ചിരുന്നു. അതെ വര്ഷം തന്നെ ബസാർ സീതാറാം എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത് അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അതേ വർഷം അഭിനയിച്ച വോ ചോക്രി എന്ന ചിത്രത്തിലെ അഭിനയത്തിനും ബസാർ സീതാറാമിന്റെ സംവീധാനത്തിനും നീന ദേശീയ പുരസ്കാരങ്ങൾ നേടി. ടെലിവിഷൻ ഇന്ത്യയിൽ വലിയ പ്രചാരം നേടിയ 90കളിൽ സാൻസ് എന്ന ജനപ്രിയ സീരിയൽ സംവിധാനം ചെയ്യുകയും പ്രധാന വേഷത്തെ അവതരിപ്പിക്കുകയും ചെയ്തു. 2000 ന് ശേഷം സിനിമകൾ കുറഞ്ഞ് സീരിയലുകളിൽ നീന അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് ഒരു വിമാനയാത്രക്ക് ഇടയിൽ പരിചയപ്പെട്ട ചാർട്ടേഡ് അക്കൗണ്ടന്റ്ആയ വിവേക് മെഹ്‌റയെന്നയാളുമായുള്ള സൗഹൃദം പ്രണയമാകുന്നത്. 2008ൽ തന്റെ 49 ആം വയസ്സിൽ നീന വിവാഹിതയായി. ‘ഞാൻ വളരെ ഒറ്റപ്പെട്ടായിരുന്നു ജീവിച്ചത് വിവേക് എന്നെ സ്നേഹിച്ചു, എനിക്ക് ഒരു കുടുംബത്തെ ലഭിച്ചു’ എന്ന് നീന ഒരു അഭിമുഖത്തിൽ പറഞ്ഞു.
2017 ജൂലൈയിൽ നീന ഗുപ്ത എഴുതിയ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് സിനിമാ രംഗത്ത് വലിയ ചർച്ചയായി. “ഞാൻ ഒരു നല്ല അഭിനേതാവാണ്. നല്ല ചിത്രങ്ങളിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നു” എന്നായിരുന്നു ആ തുറന്നു പറച്ചിൽ. അധികം നാൾ കാത്തിരിക്കാതെ തന്നെ സിനിമകൾ വന്നു തുടങ്ങി, എന്നാൽ ഏത് സിനിമയും ചെയ്യാൻ അവർ ഒരുക്കമായിരുന്നില്ല. മോശമെന്ന് തോന്നിയവയെല്ലാം റിജക്റ്റ് ചെയ്തു
2018 ൽ ഇറങ്ങിയ ‘ബദായ് ഹോ’ എന്ന ചിത്രത്തിൽ വാർധക്യത്തിൽ ഗർഭം ധരിക്കുന്ന ഒരു സ്ത്രീയുടെ കഥാപാത്രത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ ക്രിട്ടിക് അവാർഡും നീന നേടി. 2019 ൽ ദി ലാസ്റ്റ് കളർ എന്ന ചിത്രത്തിൽ സമൂഹത്തിന്റയെ വ്യവസ്ഥാപിത താല്പര്യങ്ങൾക്കനുസരിച് ജീവിയ്‌ക്കേണ്ടി വരുന്ന വിധവയുടെ കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് പങ്ക,ഡയൽ 100 ,ഗുഡ്ബൈ,ഇഷ്‌ക്ക് ഏ നദാൻ പോലെ കുറച്ചു നല്ല ചിത്രങ്ങൾ. 2022 ൽ അമിതാഭ് ബച്ചൻ ചിത്രമായ ഊൻചൈ എന്ന ചിത്രത്തിലെ പ്രകടനത്തിന് നീന ഗുപ്തയെ തേടി വീണ്ടും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം എത്തി. അതിനു പുറകെ നീന ഗുപ്ത തന്റെ ആത്മകഥ, ‘സച് കഹൂൻ തോഹ്: ആൻ ഓട്ടോബയോഗ്രഫി ഒരു ബെസ്റ്റ് സെല്ലർ ആയി മാറി.
2023 ൽ മിസ്സിസ് ചാറ്റർജി vs നോർവേ, മസ്ത് മേ രഹനേ കാ,ലസ്റ്റ് സ്റ്റോറീസ് തുടങ്ങിയ ചിത്രങ്ങൾ നീനയുടേതായി വന്നു. അതിൽ തന്നെ ലസ്റ്റ് സ്റ്റോറീസിലെ കഥാപാത്രം കണ്ടു പഴകിയ മുത്തശ്ശി സങ്കൽപ്പങ്ങളെ തച്ചു തകർക്കുന്നതായിരുന്നു.
2024ൽ 1000 ബേബീസിലൂടെ മലയാളത്തിലേക്ക് മടങ്ങി വരുമ്പോൾ വാണിജ്യ മൂല്യമുള്ള ചിത്രങ്ങളിലും ആർട്ട്ഹൗസ് സിനിമകളിലും തന്റെ ചോദ്യം ചെയ്യാപെടാനാവാത്ത ഇടം കരസ്ഥമാക്കിയിരുന്നു സാറാ ഔസേപ് എന്ന ആരെയും കൂസാത്ത കഥാപാത്രത്തിലൂടെ വന്ന നീന ഗുപ്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: