Technology

കേരളത്തിലെ ആദ്യത്തെ സെമി കണ്ടക്ടര്‍ നിര്‍മാണ കമ്പനി ടെക്നോസിറ്റിയില്‍ ഉദ്ഘാടനം ചെയ്തു

Published by

തിരുവനന്തപുരം: അയര്‍ലന്‍ഡ് ആസ്ഥാനമായുള്ള സെമി കണ്ടക്ടര്‍ നിര്‍മാണ കമ്പനിയായ ട്രാസ്നയുടെ പുതിയ ഓഫീസ് ടെക്നോപാര്‍ക്ക് ഫേസ്-4 ല്‍ (ടെക്നോസിറ്റി) തുറന്നു.  മന്ത്രി പി. രാജീവ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെമി കണ്ടക്ടര്‍ നിര്‍മാണ മേഖലയിലെ കേരളത്തിലെ ആദ്യത്തെ കമ്പനിയാണിത്.

പള്ളിപ്പുറം ടെക്നോസിറ്റി കാമ്പസിലെ കബനി കെട്ടിടത്തിലാണ് ട്രാസ്നയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷവും മികച്ച അടിസ്ഥാന സൗകര്യങ്ങളും കമ്പനിയുടെ പ്രവര്‍ത്തനത്തെ സഹായിക്കും.

കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള രജിസ്ട്രാര്‍ പ്രൊഫ എ.മുജീബ് എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാനത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തില്‍ നിരവധി അന്താരാഷ്‌ട്ര കമ്പനികള്‍ ഓഫീസുകള്‍ തുറക്കുന്നതിനായി മുന്നോട്ടുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് തിരിച്ചെത്തി കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങിയ ഉദാഹരണങ്ങള്‍ നിരവധിയാണ്. തൊഴില്‍ വൈദഗ്ധ്യത്തില്‍ മുന്‍പന്തിയിലാണ് കേരളത്തിലെ ഐടി മേഖല. അതിനാല്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ച ആഗോള കമ്പനികള്‍ ജീവനക്കാരെ കേരളത്തില്‍ നിന്നു തന്നെ കണ്ടെത്തുന്നു. അതിനാലാണ് വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ടെക്നോപാര്‍ക്കില്‍ ട്രാസ്ന പുതിയ ഓഫീസ് ആരംഭിക്കുന്നത് കൂടുതല്‍ വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്ന് സെമി കണ്ടക്ടര്‍ ചിപ്പുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നുവെന്നും ഇതിനായി കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ട്രാസ്ന ടെക്നോളജീസ് സൊല്യൂഷന്‍സ് ഗ്രൂപ്പ് സിഇഒ സ്റ്റെഫാന്‍ ഫണ്ട് പറഞ്ഞു. രണ്ടാഴ്ചയ്‌ക്കുള്ളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. വരും വര്‍ഷങ്ങളില്‍റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് വിംഗും നിര്‍മ്മാണ സൗകര്യവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ സെമി കണ്ടക്ടര്‍ മിഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ട്രാസ്ന.

എല്ലാ വ്യവസായങ്ങള്‍ക്കും അഭിവൃദ്ധി പ്രാപിക്കാനുള്ള വിഭവങ്ങള്‍ ടെക്നോസിറ്റിയില്‍ ഉണ്ടെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. ടെക്നോസിറ്റി വളര്‍ച്ചയുടെ ഘട്ടത്തിലാണ്. അതിനാല്‍ പ്രവര്‍ത്തന വിപുലീകരണത്തിനായി ശരിയായ സമയത്ത് ശരിയായ സ്ഥലമാണ് ട്രാസ്ന തെരഞ്ഞെടുത്തിരിക്കുന്നത്. കബനി കെട്ടിടത്തില്‍ എല്ലാ സൗകര്യങ്ങളുമുണ്ട്. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയാണ് ടെക്നോസിറ്റിയിലെ ഒരു ആകര്‍ഷണം. സ്പേസ് പാര്‍ക്ക് ടെക്നോസിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിരം കാമ്പസ് നിര്‍മാണം പുരോഗമിക്കുമ്പോള്‍ തന്നെ ലാബുകള്‍ സ്ഥാപിച്ച് കബനി കെട്ടിടത്തിലെ താത്കാലിക സംവിധാനത്തില്‍ ട്രാസ്ന പ്രവര്‍ത്തനം തുടങ്ങും. രണ്ടേക്കര്‍ സ്ഥലത്ത് ഒരുങ്ങുന്ന ട്രാസ്ന ടെക്നോസിറ്റിയിലെ ആദ്യത്തെ വലിയ നിക്ഷേപമാണ്. ഇതിന്റെ ആദ്യഘട്ട ബ്ലോക്കിന്റെ നിര്‍മ്മാണം ജനുവരിയില്‍ ആരംഭിക്കും. 2 ലക്ഷം ചതുരശ്ര അടിയിലാണിത്. 2025 ഡിസംബറില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് വിലയിരുത്തല്‍. തുടക്കത്തില്‍ 500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് ട്രാസ്ന പ്രതീക്ഷിക്കുന്നു.

എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മ്മാണം (ഇപിസി) മാതൃകയിലുള്ള പദ്ധതി, കിഫ്ബി അംഗീകാരത്തിന് ശേഷം കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്ഐടിഐഎല്‍) ടെന്‍ഡര്‍ നടപടികള്‍ആരംഭിക്കും.

നിലവില്‍, 15,000 ചതുരശ്ര അടിസ്ഥലത്താണ് ടെക്നോസിറ്റി പ്രവര്‍ത്തിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഐഒടി, മെഷീന്‍ ലേണിംഗ്, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളില്‍ എട്ട് കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. മികവിന്റെ കേന്ദ്രങ്ങള്‍, ഡിജിറ്റല്‍ ഇന്‍കുബേറ്റര്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായങ്ങള്‍ക്കുമായുള്ള പൊതു വ്യാവസായിക-കമ്പ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ എന്നിവ വരാനിരിക്കുന്ന കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by