മുംബൈ: പാർട്ടിയിൽ നിന്ന് രാജിവെച്ച് വ്യാഴാഴ്ച ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് രവി രാജയെ മുംബൈയിലെ ബിജെപി വൈസ് പ്രസിഡൻ്റായി നിയമിച്ചു. കോൺഗ്രസിൽ ഉണ്ടായിരുന്ന വർഷങ്ങളിലെല്ലാം പാർട്ടി തന്റെ അറിവും കഴിവും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് തന്റെ നിയമനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
“എന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റാൻ ഞാൻ ശ്രമിക്കും. ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഈ തിരഞ്ഞെടുപ്പിന് ശേഷം മഹാ വികാസ് അഘാഡി സഖ്യം അധികാരത്തിൽ വരുമെന്ന് മഹാരാഷ്‌ട്രയിലുടനീളം ആരും കരുതുന്നില്ല. കോൺഗ്രസ് ഒരിക്കലും എന്റെ അറിവോ കഴിവുകളോ ഉപയോഗിച്ചിട്ടില്ലെന്ന് ഞാൻ പറയും, എന്നാൽ എന്റെ കഴിവുകൾ ഉപയോഗപ്പെടുത്താൻ ഞാൻ ബിജെപിയോട് അഭ്യർത്ഥിക്കുന്നു, ”- അദ്ദേഹം പറഞ്ഞു.
നേരത്തെ രവി രാജ കോൺഗ്രസ് നേതൃത്വത്തിന് രാജിക്കത്ത് സമർപ്പിക്കുകയും കത്ത് തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 1980 മുതൽ യൂത്ത് കോൺഗ്രസ് അംഗമായി ആത്മാർത്ഥതയോടും അർപ്പണബോധത്തോടും കൂടിയാണ് താൻ പാർട്ടിയെ സേവിച്ചത്. എന്നാൽ തന്റെ 44 വർഷത്തെ സേവനം കോൺഗ്രസ് പാർട്ടി മാനിച്ചില്ല എന്ന് അവരെ ബോധിപ്പിക്കാൻ വേണ്ടിയാണ് താൻ രാജിവെക്കാനുള്ള ഈ തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ കത്തിൽ വ്യക്തമാക്കുന്നുണ്ട്.
മുൻ കോൺഗ്രസ് നേതാവിനെ ഹാരമണിയിച്ചാണ് ബിജെപി പ്രവർത്തകർ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. അതേ സമയം രാജ ബിജെപിയിൽ ചേരുന്നത് മഹാരാഷ്ട്രയിൽ പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അദ്ദേഹം ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളാണെന്നും ബിജെപിയിൽ ചേരുന്നത് മഹാരാഷ്ട്രയിൽ മഹായുതിക്ക് കൂടുതൽ കരുത്ത് പകരുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.
അതേ സമയം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയിൽ ബിജെപിക്ക് കാര്യമായ നേട്ടമാണ് രാജയുടെ ചേരൽ മൂലം ലഭിക്കുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. 288 മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 20 ന് ഒറ്റ ഘട്ടമായി നടക്കും. വോട്ടെണ്ണൽ നവംബർ 23 ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക