കോഴിക്കോട്: ജന്മഭൂമി സുവർണ്ണജൂബിലി ആഘോഷമായ ‘സ്വ’ വിജ്ഞാനോത്സവത്തിന് നവംബർ മൂന്നിന് തുടക്കമാകും. വൈകിട്ട് നാലിന് കേന്ദ്ര റെയിൽവേ, വാർത്താ വിതരണപ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും.
ജന്മഭൂമി മാനേജിംഗ് ഡയറക്ടർ എം. രാധാകൃഷ്ണൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ആമുഖപ്രഭാഷണം നടത്തും. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര-ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ, എം. കെ. രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ്, ആർഎസ്എസ് ഉത്തരകേരള പ്രാന്തസംഘചാലക് അഡ്വ. കെ. കെ. ബലറാം, മുൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ജന്മഭൂമി എഡിറ്റർ കെ. എൻ. ആർ. നമ്പൂതിരി എന്നിവർ പങ്കെടുക്കും. ജന്മഭൂമി മുൻ പത്രാധിപർ പി. നാരായണൻ, മുൻ സബ് എഡിറ്റർ രാമചന്ദ്രൻ കക്കട്ടിൽ എന്നിവരെയും വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെയും ആദരിക്കും.
രാത്രി ഏഴിന് ചലച്ചിത്ര താരം ശോഭനയുടെ നൃത്തസന്ധ്യയുണ്ടായിരിക്കും. വിജ്ഞാനോത്സവത്തിന്റെ ഭാഗമായി മഹാപ്രദർശനം, സെമിനാറുകൾ, പ്രഭാഷണങ്ങൾ, മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ നടക്കും. ഐഎസ്ആർഒ, കൊച്ചിൻ ഷിപ്പ്‌യാർഡ്, ആയുഷ്, വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവ എക്‌സിബിഷന്റെ ഭാഗമാവും.
ഉദ്ഘാടന ദിവസം രാവിലെ 10.30ന് ‘ബ്ലൂ റവല്യൂഷൻ’ സെമിനാർ നടക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഭാരതീയ മത്സ്യപ്രവർത്തക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി പി. പി. ഉദയഘോഷ് അധ്യക്ഷനാകും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ് സംസാരിക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ ഭാരതീയ മത്സ്യപ്രവർത്തക സംഘം സംസ്ഥാന അധ്യക്ഷൻ പി. പീതാംബരൻ വിഷയാവതരണവും എൻ. പി. രാധാകൃഷ്ണൻ മോഡറേറ്ററുമായിരിക്കും. ഡോ.എസ്. സുരേഷ്‌കുമാർ, ഡോ. ആശാലത, സംഗീത. എൻ. ആർ. തുടങ്ങിയവർ സംസാരിക്കും.
നാലാം തീയതി രാവിലെ 10.30ന് നടക്കുന്ന വനിതാ സെമിനാർ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ വിജയഭാരതി സയാനി ഉദ്ഘാടനം ചെയ്യും. മുൻ പ്രിൻസിപ്പൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഇന്ദിരാ കൃഷ്ണകുമാർ അധ്യഷയാകും. പ്രൊഫ. താജി. ജി. ബി, ഡോ. ജെ. പ്രമീളാ ദേവി എന്നിവർ സംസാരിക്കും. വൈകിട്ട് മൂന്നിന് സാഹിത്യ സെമിനാർ ന്യൂദൽഹി ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സിലെ ഡോ. സച്ചിദാനന്ദ ജോഷി ഉദ്ഘാടനം ചെയ്യും. ആഷാ മേനോൻ, ഡോ. പി. ശിവപ്രസാദ്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, ഡോ. എൻ. ആർ. മധു തുടങ്ങിയവർ പ്രഭാഷണം നടത്തും.
വൈകിട്ട് നാലിന് ദേവദാസ്. കെ ഒറ്റപ്പാലത്തിന്റെ പൂതംതിറയും 4.30ന് ദീപ്ത. പിയുടെ ഭരതനാട്യം, 5ന് അഞ്ജു ശിവാനന്ദിന്റെ കുച്ചുപ്പുടി, 5.30 ന് പ്രസന്ന പ്രകാശിന്റെ മോഹിനിയാട്ടം, വൈകിട്ട് ആറിന് മാതാ പേരാമ്പ്രയുടെ ചിലപ്പതികാരത്തിന്റെ നൃത്ത സംഗീതാവിഷ്‌കാരവും വേദിയിൽ അരങ്ങേറും. നവംബർ 4ന് മീറ്റ് ദ് ഗവർണർ പരിപാടിയിൽ കാലത്ത് 10.30 ന് ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള തിരഞ്ഞെടുക്കപ്പെട്ട സദസ്സിനോട് സംവദിക്കും. പ്രൊഫ. കെ. വി. തോമസ് അധ്യക്ഷനാകും.
നവംബർ അഞ്ചിന് രാവിലെ 10.30ന് നടക്കുന്ന മാധ്യമസെമിനാർ എസ്. ഗുരുമൂർത്തി ഉദ്ഘാടനം ചെയ്യും. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, എം. ജി. രാധാകൃഷ്ണൻ, കെ. വി. എസ്. ഹരിദാസ്, എ. കെ. അനുരാജ് എന്നിവർ സംസാരിക്കും. വൈകിട്ട് 4.30ന് മുരുകൻ അട്ടപ്പാടിയുടെ നാടൻപാട്ടും, 5.45ന് ദേവ്‌ന സുരേന്ദ്രന്റെ ഭരതനാട്യം, ആറിന് ഹിന്ദുസ്ഥാൻ കളരി സംഘത്തിന്റെ കളരിപ്പയറ്റ് എന്നിവയ്‌ക്ക് പുറമെ 6.30ന് ദർശനം പരിപാടിയിൽ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണവും ഉണ്ടായിരിക്കും. 7ന് പ്രശസ്ത കർണാടക സംഗീതജ്ഞ സൂര്യഗായത്രിയുടെ സംഗീതസന്ധ്യയും വേദിയിൽ അരങ്ങേറും.
നവംബർ ആറിന് രാവിലെ 10.30ന് നടക്കുന്ന പ്രതിഭാസംവാദത്തിൽ എൻ. ഐ. ടി കാലിക്കറ്റ് ഡയറക്ടർ ഡോ.പ്രസാദ് കൃഷ്ണ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളോട് സംവദിക്കും. വൈകിട്ട് 4.15ന് രൂപേഷ് ആർ. മാരാരുടെ സോപാനസംഗീതം, 4.30ന് കലാമണ്ഡലം പ്രിയ.ടി.കെ ആൻഡ് ടീം അവതരിപ്പിക്കുന്ന ‘മലയാളപ്പുഴ’ നൃത്താവിഷ്‌കാരം, 5ന് ടി.പി. കുഞ്ഞിരാമൻ അവതരിപ്പിക്കുന്ന പാവക്കൂത്ത്, 5.30ന് രാഗേഷ് പരമേശ്വർ ആൻഡ് നന്ദന വിനോദ് അവതരിപ്പിക്കുന്ന ക്ലാസ്സിക്കൽ നൃത്തം, 6.30ന് തപസ്യ കലാസാഹിത്യവേദി അവതരിപ്പിക്കുന്ന ആരണ്യപർവം നാടകം നടക്കും.
സമാപന ദിനമായ ഏഴിന് രാവിലെ 10.30ന് വേദി ഒന്നിൽ സഹകരണ സെമിനാർ ആർബിഐ ഡയറക്ടർ സതീഷ് മറാഠെ ഉദ്ഘാടനം ചെയ്യും. അഡ്വ. കരുണാകരൻ നമ്പ്യാർ, വിജയകൃഷ്ണൻ സി. എൻ, മനയത്ത് ചന്ദ്രൻ, എം. മെഹബൂബ് എന്നിവർ സംസാരിക്കും. വേദി രണ്ടിൽ രാവിലെ 10.30ന് കായിക സെമിനാർ. ഒളിംപിക്‌സ് 2036: വേദിയാകാൻ ഭാരതം എന്നതാണ് വിഷയം. കേന്ദ്ര കായിക, തൊഴിൽ, യുവജനകാര്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്യും. പി. ടി. ഉഷ എംപി, ഡോ. കിഷോർ, യു. ഷറഫലി, വി. സുനിൽകുമാർ, ഡോ. സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിക്കും. കായിക താരങ്ങളേയും മുതിർന്ന സ്‌പോർട്‌സ് ലേഖകരെയും ആദരിക്കും.
വൈകിട്ട് നാലിന് സമാപന സമ്മേളനം കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി ഉദ്ഘാടനം ചെയ്യും. പി.ടി. ഉഷ എംപി അധ്യക്ഷയാകും. പി.കെ. കൃഷ്ണദാസ്, കെ. പി. ശ്രീശൻ, എം. രാധാകൃഷ്ണൻ, കെ. വി. ഹസീബ് അഹമ്മദ്, എം. നിത്യാനന്ദ കാമത്ത്, എ. കെ. ബി. നായർ, പി. ഗോപാലൻകുട്ടി മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് വൈകിട്ട് 5.30ന് ഗൗരി നന്ദനയുടെ ഭരതനാട്യത്തിനുശേഷം ആറിന് ചലച്ചിത്രതാരം ഹരിശ്രീ അശോകൻ നയിക്കുന്ന മ്യൂസിക്കൽ മെഗാഷോയോടെ കോഴിക്കോട്ടെ വിജ്ഞാനോത്സവത്തിന് കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: