പത്തനംതിട്ട: സംസ്ഥാനത്തെ ബാറുകളില്‍ 2017ന് ശേഷം ജിഎസ്ടി പരിശോധന നടന്നില്ല. സര്‍ക്കാരിന് നികുതി വരുമാനത്തില്‍ ഉണ്ടായത് വന്‍ നഷ്ടം. സംസ്ഥാനത്ത് മദ്യത്തിന്റെ വില മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ക്രമാതീതമായി വര്‍ധിപ്പിക്കുകയും ആവശ്യത്തിലധികം ബാര്‍ ഹോട്ടലുകള്‍ അനുവദിക്കുകയും ചെയ്തിട്ടും നികുതി വരുമാനത്തില്‍ വന്‍ കുറവാണ് ഉണ്ടായത്.
2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ 265 സ്റ്റാര്‍ ബാര്‍ ഹോട്ടലുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 826 ബാര്‍ ഹോട്ടലുകളാണ് നിയമാനുസൃതം പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും നികുതി വരുമാനം 2015 നേക്കാള്‍ കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മൂവായിരം കോടി പിരിഞ്ഞു കിട്ടേണ്ടപ്പോള്‍ അഞ്ഞൂറു കോടി മാത്രമാണ് ലഭിച്ചത്.
2017ല്‍ ഇടത് മുന്നണി സര്‍ക്കാര്‍ മദ്യനയത്തില്‍ വെള്ളം ചേര്‍ക്കുകയും 25 ലക്ഷം രൂപ ഈടാക്കി യഥേഷ്ടം ബാര്‍ തുടങ്ങാന്‍ ലൈസന്‍സുകള്‍ നല്കുകയും ചെയ്തു. രാജ്യത്ത് മദ്യത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് ബാറുകളില്‍ നിന്ന് ടേണ്‍ ഓവര്‍ ടാക്‌സ് (ടിഒടി) ആണ് പിരിക്കുന്നത്. പ്രതിമാസ വരുമാനത്തിന്റെ 10 ശതമാനമാണ് ടിഒടി ഇനത്തില്‍ സര്‍ക്കാരിന് നല്‌കേണ്ടത്.
പെഗ് അടിസ്ഥാനത്തില്‍ മദ്യം അളന്ന് നല്കുമ്പോള്‍ ഉപഭോക്താവില്‍ നിന്ന് ലാഭ ശതമാനം ചേര്‍ത്ത് ഈടാക്കുന്ന തുകയാണിത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 100 ശതമാനം മുതല്‍ 250 ശതമാനം വരെ ഈടാക്കുന്ന ലാഭത്തില്‍ 50 ശതമാനത്തില്‍ താഴെ മാത്രം രേഖപ്പെടുത്തി സര്‍ക്കാരിനെ വെട്ടിക്കുകയാണ് ഉടമകള്‍ ചെയ്യുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം കാസര്‍കോട് ജില്ല ഒഴികെ 13 ജില്ലകളില്‍ 131 പുതിയ ബാറുകള്‍ ആരംഭിച്ചു.
സംസ്ഥാനത്ത് ബാറുകളുടെ നികുതി വെട്ടിപ്പ് ഉന്മൂലനം ചെയ്യണമെങ്കില്‍ ജിഎസ്ടി പരിശോധന കര്‍ശനമാക്കുകയും കണ്‍കറന്റ് ഓഡിറ്റോ ഇന്റലിജന്‍സ് പരിശോധനയോ നടത്തി യഥാര്‍ത്ഥ ലാഭ ശതമാനം കണ്ടെത്തി നികുതി നിര്‍ണയം നടത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: