കോട്ടയം: ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നവം. രണ്ടിന് കോട്ടയത്ത് ഗുരുസ്വാമി സംഗമം നടക്കും. വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന ഗുരുസ്വാമി സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് പത്രസമ്മേളനത്തില്‍ അറിയിച്ചു.
കോട്ടയം തിരുനക്കര സ്വാമിയാര്‍ മഠത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.30ന് ആരംഭിക്കുന്ന ഗുരുസ്വാമി സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ഗുരുസ്വാമിമാര്‍, തന്ത്രിമാര്‍, ശബരിമല, മാളികപ്പുറം മുന്‍ മേല്‍ശാന്തിമാര്‍, നിയുക്ത മേല്‍ശാന്തിമാര്‍, അമ്പലപ്പുഴ ആലങ്ങാട് സംഘം, തിരുവാഭരണ ഘോഷയാത്ര സംഘം, പന്തളം കൊട്ടാരം എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും.
പ്ലാസ്റ്റിക് മുക്ത തീര്‍ത്ഥാടനം, പരിസ്ഥിതി സംരക്ഷണം, ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ തുടങ്ങിയവ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. രാവിലെ 9ന് ശബരിമല തന്ത്രി താഴ്മണ്‍മഠം കണ്ഠര് മോഹനര് ഭദ്രദീപം തെളിയിക്കും. ശബരിമല അയ്യപ്പസേവാ സമാജം പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് പതാക ഉയര്‍ത്തും. 9.45ന് മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഗുരുസ്വാമി സംഗമം ഉദ്ഘാടനം ചെയ്യും.
എരുമേലി ആത്മബോധിനി ആശ്രമത്തിലെ സ്വാമി സത്സ്വരൂപാനന്ദ മുഖ്യപ്രഭാഷണവും, പന്തളം കൊട്ടാരം നിര്‍വഹണസമിതി മുന്‍ സെക്രട്ടറി നാരായണശര്‍മ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി. രാമന്‍ നായര്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. അയ്യപ്പസേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ അയ്യപ്പസന്ദേശം നല്കും.
ഉച്ചയ്‌ക്ക് രണ്ടിന് ‘ശബരിമല അന്നും ഇന്നും’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. അയ്യപ്പസേവാ സമാജം വര്‍ക്കിങ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് വിഷയം അവതരിപ്പിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി മുരളി കോളങ്ങാട്ട് അധ്യക്ഷനാകും. 4.30ന് സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥന്‍ സമാപന സന്ദേശം നല്കും. ശബരിമല തീര്‍ത്ഥാടകരുടെ സുരക്ഷിത യാത്രയും സുഗമമായ ദര്‍ശനവും സാധ്യമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തയാറാക്കി അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ സംസ്ഥാന ജോ. ജനറല്‍ സെക്രട്ടറി അഡ്വ. ജയന്‍ ചെറുവള്ളില്‍, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. വിനോദ് വിശ്വനാഥന്‍, ജനറല്‍ കണ്‍വീനര്‍ ടി.സി. വിജയചന്ദ്രന്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്‍. രാജഗോപാല്‍, സമാജം ജില്ലാ പ്രസിഡന്റ് രാജ്മോഹന്‍ കൈതാരം, ട്രഷറര്‍ സി.ആര്‍. രാജന്‍ബാബു, കോട്ടയം താലൂക്ക് പ്രസിഡന്റ് എം.ബി. സുകുമാരന്‍ നായര്‍, സെക്രട്ടറി പി.എസ്. ബിനുകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: