News

100 ടണ്‍ സ്വര്‍ണ നിക്ഷേപം കൂടി ഭാരതത്തിലെത്തിച്ചു

Published by

ന്യൂദല്‍ഹി: ലണ്ടന്‍ ബാങ്കിലുണ്ടായിരുന്ന ഭാരതത്തിന്റെ സ്വര്‍ണ നിക്ഷേപം കൂടി രാജ്യത്തേയ്‌ക്ക് എത്തിച്ച് ആര്‍ബിഐ. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 100 ടണ്ണിലധികം സ്വര്‍ണമാണ് ആര്‍ബിഐ എത്തിച്ചത്. നിലവില്‍ ഭാരതത്തിന് 855 ടണ്‍ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരമാണുള്ളത്. ഇതില്‍ വലിയൊരു വിഭാഗവും സൂക്ഷിച്ചിരുന്നത് യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലായിരുന്നു.

ദീപാവലി ആഘോഷത്തിരക്കില്‍ 102.15 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ ഭാരതത്തിലേക്ക് എത്തിച്ചത്. സപ്തംബര്‍ അവസാനം വരെയുള്ള കണക്കുപ്രകാരം ഭാരതത്തിന്റെ 855 ടണ്‍ സ്വര്‍ണശേഖരത്തില്‍ 510.5 ടണ്‍ സ്വര്‍ണവും ഇപ്പോള്‍ രാജ്യത്ത് തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.

വിദേശ രാജ്യങ്ങളിലെ സാഹചര്യം അനുദിനം മാറുന്ന സാഹചര്യത്തിലാണ് ഇംഗ്ലണ്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം രാജ്യത്തേയ്‌ക്ക് തിരിച്ചെത്തിക്കാന്‍ ആര്‍ബിഐയും കേന്ദ്രസര്‍ക്കാരും തീരുമാനിച്ചത്. 2022ല്‍ 214 ടണ്‍ സ്വര്‍ണം (60 ശതമാനം) ഭാരതത്തിലെത്തിച്ചിരുന്നു. ഇപ്പോള്‍ 102 ടണ്‍ സ്വര്‍ണം കൂടി എത്തിച്ചു. അതീവ സുരക്ഷയില്‍ പ്രത്യേക വിമാനത്തിലാണ് സ്വര്‍ണം രാജ്യത്തേയ്‌ക്കെത്തിച്ചത്. 324.01 ടണ്‍ സ്വര്‍ണമാണിനി ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിലുള്ളത്. 1697 മുതല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിവിധ രാജ്യങ്ങളുടെ സ്വര്‍ണശേഖരം സൂക്ഷിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by