India

റെയില്‍വേ ട്രാക്കില്‍ ഡിറ്റണേറ്ററുകള്‍; കരാര്‍ തൊഴിലാളി പിടിയില്‍

Published by

ഹരിദ്വാര്‍: റെയില്‍വേ ട്രാക്കില്‍ ഡിറ്റണേറ്ററുകള്‍ സ്ഥാപിച്ച കരാര്‍ തൊഴിലാളി പിടിയില്‍. ഹരിദ്വാര്‍-ഡെറാഡൂണ്‍ റൂട്ടിലെ മോതിചൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഡിറ്റണേറ്ററുകള്‍ സ്ഥാപിച്ച ഉത്തര്‍പ്രദേശ് രാംപൂര്‍ സ്വദേശി അശോക് എന്നയാളാണ് പിടിയിലായത്. ട്രാക് മെയിന്റനന്‍സ് വിഭാഗം കരാര്‍ തൊഴിലാളിയായിരുന്നു ഇയാള്‍. ട്രെയിന്‍ സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിട്ടാണ് അശോക് ഡിറ്റണേറ്ററുകള്‍ സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മോത്തി ചൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ട്രാക്കില്‍ ഡിറ്റണേറ്ററുകള്‍ കിടക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് അന്വേഷണ സംഘം സ്ഥലത്തെത്തി ഡിറ്റണേറ്ററുകള്‍ കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ റെയില്‍വേ ട്രാക്കിലൂടെ ഒരാള്‍ സംശയാസ്പദമായി നീങ്ങുന്നത് കണ്ടെത്തുകയും അന്വേഷണം അശോകിലേക്ക് എത്തുകയായിരുന്നു.

ട്രെയിനുകള്‍ക്ക് മുന്നറിയിപ്പ് നല്കുന്നതിനാണ് ഡിറ്റണേറ്ററുകള്‍ ട്രാക്കില്‍ സ്ഥാപിക്കുന്നത്. ട്രെയിന്‍ അടുത്തെത്താറാകുമ്പോള്‍ ഉച്ചത്തില്‍ ശബ്ദം മുഴക്കും. ഇത് കേള്‍ക്കാനുള്ള ജിജ്ഞാസയിലാണ് ട്രാക്കില്‍ ഡിറ്റണേറ്ററുകള്‍ വെച്ചതെന്നാണ് പ്രതി അന്വേഷണ സംഘത്തെ അറിയിച്ചത്. റെയില്‍വേ പോലീസിത് നിഷേധിച്ചു. അശോകില്‍ നിന്ന് നിരവധി ഡിറ്റണേറ്ററുകള്‍ ലഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിനാണ് ഇയാള്‍ ലക്ഷ്യമിട്ടതെന്ന് സംശയമുണ്ടെന്നും അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക