ചാറ്റോഗ്രാം: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് ദക്ഷിണാഫ്രിക്ക അതിശക്തമായ നിലയില്. രണ്ടാം ദിനം കളി പിരിയുമ്പോള് ആതിഥേയരായ ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയുടെ കൂറ്റന് ഒന്നാം ഇന്നിങ്സിനെതിരെ ബാറ്റിങ് തുടങ്ങി. ഒമ്പത് ഓവറില് 38 റണ്സെടുക്കുമ്പോഴേക്കും നാല് വിക്കറ്റുകള് നഷ്ടമായി. തലേന്ന് മുതല് ആദ്യം ബാറ്റ് ചെയ്തുവന്ന ദക്ഷിണാഫ്രിക്ക ഇന്നലെ ആറ് വിക്കറ്റിന് 575 റണ്സെത്തിയപ്പോള് ഇന്നിങ്സ് ഡിക്ലയര് ചെയ്തു.
ദക്ഷിണാഫ്രിക്കയ്ക്കായി ഇന്നിങ്സില് മൂന്നാമതൊരു താരം കൂടി ഇന്നലെ സെഞ്ച്വറി നേടി. വിയാന് മുള്ഡര് പുറത്താകാതെ 105 റണ്സെടുത്തു. 150 പന്തുകള് നേരിട്ട മുള്ഡര് എട്ട് ബൗണ്ടറികളും നാല് സിക്സറും സഹിതമാണ് 105 റണ്സെടുത്തത്.
തലേന്ന് മുതല് സെഞ്ചുറിയുമായി നിന്ന ടോണി ഡി സോര്സി ഇന്നലെ 177 റണ്സില് പുറത്തായി. ഇരട്ട സെഞ്ചുറി നേട്ടത്തിനുള്ള അവസരം നഷ്ടപ്പെട്ടത് താരത്തിന് തിരിച്ചടിയായി. ആതിഥേയര്ക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തി തൈജുല് ഇസ്ലാം മാത്രമാണ് പ്രതിരോധം തീര്ത്തത്. ബംഗ്ലാ ബാറ്റിങ്ങില് രണ്ട് വിക്കറ്റ് നേടി റബാഡയാണ് ഭീതി വിതച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: